പുടിന്റെ 'പാചകക്കാര'നിൽനിന്ന് റഷ്യൻ സൈനിക മേധാവികളെ വെല്ലുവിളിക്കുന്ന ശക്തനിലേക്ക്; ആരാണ് യെവ്ഗനി പ്രിഗോഷിൻ?

പുടിന്റെ 'പാചകക്കാര'നിൽനിന്ന് റഷ്യൻ സൈനിക മേധാവികളെ വെല്ലുവിളിക്കുന്ന ശക്തനിലേക്ക്; ആരാണ് യെവ്ഗനി പ്രിഗോഷിൻ?

യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടികളുടെ ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു പ്രിഗോഷിൻ, റഷ്യൻ പ്രസിഡന്റിന്റെ വിശ്വസ്തരിലൊരാൾ

വ്ളാഡിമിർ പുടിൻ വളർത്തിക്കൊണ്ടുവന്ന യെവ്ഗനി പ്രിഗോഷിനും അയാളുടെ കൂലിപ്പടയാളി സൈന്യമായ വാഗ്നർ ഗ്രൂപ്പും റഷ്യക്കെതിരെ തന്നെ സൈനിക നീക്കത്തിന് തുടക്കമിട്ടിരിക്കുന്നു. യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടികളുടെ ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു പ്രിഗോഷിൻ, റഷ്യൻ പ്രസിഡന്റിന്റെ വിശ്വസ്തരിൽ ഒരാൾ.

വാഗ്നർ സൈന്യത്തിന്റെയും പ്രിഗോഷിന്റെയും ദേഷ്യം മുഴുവൻ റഷ്യൻ സൈനിക മേധാവികളോടാണെങ്കിലും തിരിച്ചടിയാകുന്നത് പുടിന് തന്നെയാണ്. മുൻപ് പലതവണ സൈനിക മേധാവികൾക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട് പ്രിഗോഷിൻ. യുദ്ധനയങ്ങളിൽ റഷ്യ മാറ്റം വരുത്തിയില്ലെങ്കിൽ രാജ്യമൊരു വിപ്ലവം നേരിടേണ്ടി വരുമെന്നും തന്റെ സൈനികർ കൊല്ലപ്പെടുന്നതിനാൽ യുദ്ധമുഖത്ത് നിന്ന് പിന്മാറുകയാണെന്നും വരെ പ്രിഗോഷിൻ ഭീഷണി മുഴക്കിയിരുന്നു. ക്രെംലിനിൽ വലിയ സ്വാധീനമുള്ള, യുക്രെയ്നിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, പുടിനെ നേരിട്ടല്ലെങ്കിൽ പോലും വെല്ലുവിളിക്കാൻ ധൈര്യപ്പെട്ട പ്രിഗോഷിൻ എന്ന സൈനിക തലവൻ ആരാണെന്ന ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

ആരാണ് യെവ്ഗനി പ്രിഗോഷിൻ?

2022 സെപ്റ്റംബർ 14ന് ഇന്റർനെറ്റിൽ പ്രചരിച്ച ഒരു വിഡിയോയിലൂടെയാണ് പ്രിഗോഷിൻ എന്ന വാഗ്നർ ഗ്രൂപ്പ് തലവനെ ലോകം കാണുന്നത്. യുക്രെയ്ൻ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ഹർഖിവിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറിയതിനെ പിന്നാലെയായിരുന്നു ദൃശ്യങ്ങൾ പുറത്തുവന്നത്. 'പിഎംസി വാഗ്നർ എന്ന സ്വകാര്യ സൈനിക സംഘത്തിന്റെ പ്രതിനിധിയാണ് ഞാൻ' എന്ന് പ്രിഗോഷിൻ റഷ്യൻ തടവുകാരോട് പറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത് ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ സംഘങ്ങളായിരുന്നു.

നിലവിലെ സെയ്ന്റ് പീറ്റേഴ്‌സ്ബർഗിൽ 1961ലാണ് പ്രിഗോഷിന്റെ ജനനം. ചെറുപ്പകാലത്ത് തന്നെ മോഷണം, പിടിച്ചുപറി പോലെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിന്റെ പേരിൽ ജയിൽ ശിക്ഷ വരെ പ്രിഗോഷിൻ അനുഭവിച്ചിരുന്നു. 1981ൽ ജയിലിൽ അടക്കപ്പെട്ട പ്രിഗോഷിൻ സോവിയറ്റ് യൂണിയൻ തകർച്ചയുടെ വക്കിലെത്തി നിന്നിരുന്ന 1990ലാണ് പുറത്തിറങ്ങുന്നത്.

ക്രിമിയ, പശ്ചിമേഷ്യ, ആഫ്രിക്ക, ലിബിയ, മൊസാംബിക് എന്നിവിടങ്ങളിലെല്ലാം പിന്നീട് വാഗ്നർ ഗ്രൂപ്പിന്റെ സാന്നിധ്യം കാണപ്പെട്ടു, 2015ൽ സിറിയയിൽ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സേനയ്ക്ക് പിന്തുണ നൽകുന്നതിലും വാഗ്നർ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചു

പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഹോട്ഡോഗ് വിൽക്കുന്ന ഒരു ചെറിയ കഫേ ആരംഭിച്ചു. അവിടെ നിന്ന് പ്രിഗോഷിൻ ഒരു വ്യവസായി എന്ന നിലയിൽ വളരുകയായിരുന്നു, സൂപ്പർമാർക്കറ്റുകളും റെസ്റ്റോറന്റുകളുമായി കച്ചവടം വലുതായി. പിന്നീട് തൊണ്ണൂറുകളുടെ പകുതിയോടെയാണ് ഓൾഡ് കസ്റ്റംസ് ഹൗസ്‌ എന്ന റെസ്റ്റോറന്റ് പ്രിഗോഷിൻ ആരംഭിക്കുന്നത്. ചെറിയസമയം കൊണ്ടുതന്നെ നഗരത്തിലെ പ്രശസ്തരും രാഷ്ട്രീയക്കാരുമെല്ലാം നിത്യേന സന്ദർശിക്കുന്ന ഒരു കേന്ദ്രമായത് വളർന്നു. ഇവിടെ നിന്നാണ് പ്രിഗോഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടാകുന്നത്- അക്കാലത്ത് കെജിബി (റഷ്യൻ ചാരസംഘടന) ഉദ്യോഗസ്ഥൻ ആയിരുന്ന വ്ളാഡിമിർ പുടിനെ പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്.

യെവ്ഗനി പ്രിഗോഷിന്‍ പുടിനൊപ്പം
യെവ്ഗനി പ്രിഗോഷിന്‍ പുടിനൊപ്പം

പ്രിഗോഷിന് പുടിനുമായുള്ള പരിചയം തുടർന്നുള്ള വർഷങ്ങളിൽ വളരുകയും ഇരുവരും കൂടുതൽ അടുക്കുകയും ചെയ്തു. തൊണ്ണൂറുകളുടെ അവസാനത്തോടെ പുടിൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നു, തുടർന്ന് റഷ്യയുടെ പ്രസിഡന്റായി. അതോടെ പ്രിഗോഷിന്റെ ഭാഗ്യവും തെളിഞ്ഞു. സർക്കാരിന്റെ കീഴിലുള്ള ഭക്ഷണ വിതരണ കരാറുകളെല്ലാം പ്രിഗോഷിന് ലഭിക്കാൻ തുടങ്ങി. വ്യവസായം വളരുകയും വളരെയധികം സ്വാധീനമുള്ള വ്യക്തിത്വമായി പ്രിഗോഷിൻ മാറുകയും ചെയ്തു. പുടിനുമായുള്ള ഈ അടുപ്പമാണ് 'പുടിന്റെ പാചകക്കാരൻ (Putin's Chef)' എന്ന പേര് പ്രിഗോഷിന് നേടിക്കൊടുത്തത്.

യുക്രെയ്നിലെ അധിനിവേശമാണ് പ്രിഗോഷിന് റഷ്യയിൽ ഉണ്ടായിരുന്ന പ്രാധാന്യം വർധിപ്പിച്ചത്. റഷ്യൻ ഔദ്യോഗിക സേനയ്ക്ക് തിരിച്ചടിയുണ്ടാകുമ്പോഴെല്ലാം പരസ്യ വിമർശനവുമായി പ്രിഗോഷിൻ രംഗത്തെത്തിയിരുന്നു

2014-ഓടെയാണ് വെറുമൊരു കരാറുകാരനിൽ നിന്ന് സുരക്ഷാ വകുപ്പിലേക്ക് പ്രിഗോഷിന്‍ ചുവടുമാറ്റുന്നത്. പുടിന്റെ സേന ക്രിമിയ പിടിച്ചെടുത്ത വർഷമെന്ന പ്രത്യേകത കൂടി 2014നുണ്ട്. വാഗ്നർ ഗ്രൂപ്പിന്റെ രൂപീകരണമുണ്ടാകുന്നത് ഇതേ വർഷമാണ്. റഷ്യൻ ചാരസംഘടനയുടെ ലഫ്റ്റനന്റ് കേണൽ ആയിരുന്ന ദിമിത്രി ഉട്കിനായിരുന്നു സംഘം രൂപീകരിച്ചത്. സ്വകാര്യ സൈനിക കൂലിപ്പടയാളി സംഘത്തിന് വേണ്ടി പണമിറക്കുന്നയാൾ എന്ന നിലയിലായിരുന്നു പ്രിഗോഷിന്റെ വരവ്.

ക്രിമിയ, പശ്ചിമേഷ്യ, ആഫ്രിക്ക, ലിബിയ, മൊസാംബിക് എന്നിവിടങ്ങളിലെല്ലാം പിന്നീട് വാഗ്നർ ഗ്രൂപ്പിന്റെ സാന്നിധ്യം കാണപ്പെട്ടു, 2015ൽ സിറിയയിൽ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സേനയ്ക്ക് പിന്തുണ നൽകുന്നതിലും വാഗ്നർ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചു. യുക്രെയ്നിൽ റഷ്യയുടെ ഔദ്യോഗിക സൈന്യമില്ലെന്ന് സാങ്കേതികപരമായി വാദിക്കാൻ പുടിനെ അനുവദിച്ചിരുന്നത് വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളായിരുന്നു.

പുടിന്റെ പരിവാരങ്ങളിൽ ഏറ്റവും അപകടകാരിയായ ക്രിമിനൽ എന്നാണ് വിമർശകർ പ്രിഗോഷിനെ വിശേഷിപ്പിച്ചിരുന്നത്. 2016 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്ന സമിതി, ഹിലരി ക്ലിന്റനെ അപകീർത്തിപ്പെടുത്താൻ ഓൺലൈൻ പ്രചാരണം നടത്തിയത് പ്രിഗോഷിനുമായി ബന്ധമുള്ള ഏജൻസിയാണെന്ന് കണ്ടെത്തിയിരുന്നു. 2021-ൽ പ്രിഗോഷിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ രണ്ടുകോടി രൂപവരെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

റഷ്യൻ ജയിലുകളിൽ നിന്നാണ് പ്രിഗോഷിൻ പ്രധാനമായും വാഗ്നർ ഗ്രൂപ്പിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. കൂലിപ്പടയാളി സംഘത്തിൽ ആറ് മാസം സൈനിക സേവനം നടത്തിയാൽ ജയിൽ മോചിതനാക്കാമെന്നാണ് വാഗ്ദാനം

യുക്രെയ്നിലെ റഷ്യൻ അധിനിവേശമാണ് പ്രിഗോഷിന് റഷ്യയിൽ പ്രാധാന്യം വർധിപ്പിച്ചത്. റഷ്യൻ ഔദ്യോഗിക സേനയ്ക്ക് തിരിച്ചടിയുണ്ടാകുമ്പോഴെല്ലാം പരസ്യവിമർശനവുമായി പ്രിഗോഷിൻ രംഗത്തെത്തിയിരുന്നു. യുക്രെയ്നിൽ 'പ്രത്യേക സൈനിക നടപടി' ആരംഭിച്ചതിന് ശേഷം സൈന്യത്തിന്റെ കമാൻഡറെ മാറ്റിയിട്ട് പോലും പുടിൻ പ്രിഗോഷിനെതിരെ നടപടിയെടുക്കാൻ കൂട്ടാക്കിയിട്ടില്ല. റഷ്യൻ സൈനിക മേധാവികളെ നിയന്ത്രിക്കാൻ പുടിൻ തന്നെ പരിപാലിക്കുന്നയാളാണ് പ്രിഗോഷിൻ എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെടാറുണ്ട്.

റഷ്യൻ ജയിലുകളിൽ നിന്നാണ് പ്രിഗോഷിൻ പ്രധാനമായും വാഗ്നർ ഗ്രൂപ്പിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. കൂലിപ്പടയാളി സംഘത്തിൽ ആറ് മാസം സൈനിക സേവനം നടത്തിയാൽ ജയിൽ മോചിതനാക്കാമെന്നാണ് വാഗ്ദാനം. റഷ്യൻ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണെങ്കിലും പുടിന് പ്രിഗോഷിനെ ആവശ്യമായതിനാൽ എല്ലാ വ്യവസ്ഥകളും വാഗ്നർ ഗ്രൂപ്പിന്റെ റിക്രൂട്ടിന് മുൻപിൽ കണ്ണടച്ചിരുന്നു എന്നതാണ് വാസ്തവം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in