കളിയല്ലിത് ജീവിതം...
ഖാജാഹുസൈൻ

കളിയല്ലിത് ജീവിതം...

തൊട്ടരുകിൽ‌ ഒരു മഞ്ഞക്കടൽ‌ ഇരമ്പുന്നുണ്ട്. ആർ‌പ്പുവിളികളും ആരവങ്ങളുമുണ്ട്. വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹമുണ്ട്. ഇതൊന്നുമറിയാതെ കുഞ്ഞ് പ്രഗതി ഉറക്കമാണ്...

ഐഎസ്എൽ കേരളാ ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരം കാണാൻ കലൂർ സ്റ്റേഡിയത്തിന്റെ കാവടത്തിലേക്ക് നടക്കുന്നതിനിടയിൽ കണ്ണു ചെന്നുടക്കിയത് ഒരു കുട്ടിയിലേക്കാണ്. തൊട്ടരുകിൽ‌ ഒരു മഞ്ഞക്കടൽ‌ ഇരമ്പുന്നുണ്ട്. ആർ‌പ്പുവിളികളും ആരവങ്ങളുമുണ്ട്.വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹമുണ്ട്. ഇതൊന്നുമറിയാതെ കുഞ്ഞ് പ്രഗതി ഉറക്കമാണ്...

തകർത്തു പെയ്യുന്ന മഴയും ആരാധകരുടെ ആരവങ്ങളും മറ്റ് ബഹളങ്ങളും ഒന്നും അവനെ ബാധിക്കുന്ന കാര്യമേ അല്ലെന്ന് തോന്നി. മഞ്ഞപ്പടയുടെ ജഴ്സികളും മറ്റ് അലങ്കാരങ്ങളും വിൽക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ കച്ചവട സംഘത്തില്‍ ആരുടെയോ മകനാണ്. അച്ഛനും അമ്മയുമൊക്കെ കച്ചവടത്തിന്റെ തിരക്കിലാണ്, അവരുടെ സാധനങ്ങൾ നിരത്തിവച്ച ഒരു പ്ലാസ്റ്റിക് ഷീറ്റിലാണ് അമ്മ അവന്റെ ഉറക്കത്തിനുള്ള ഇടമൊരുക്കിക്കൊടുത്തത്. അവനെ പോലെ ധാരാളം കുഞ്ഞുങ്ങൾ ഉണ്ട് ആ കച്ചവടക്കാരുടെ കൂടെ. സ്റ്റേഡിയത്തിനു മുന്നില്‍ മെട്രോ പാലത്തിനടിയിലാണ് അവർ കുഞ്ഞുങ്ങളുമായെത്തി കച്ചവടം ചെയ്യുന്നത്.

ഖാജാ ഹുസൈൻ

ഐഎസ്എല്ലിന്റെ എല്ലാ സീസണിലും അവർ കച്ചവടത്തിന് എത്തും. കളി നടക്കുന്ന എല്ലാ വേദികളിലും ടീമുകളുടെ ജഴ്സികളുമായി സ്റ്റേഡിയത്തിന് പുറത്ത് അവരുണ്ടാകും. സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴികളിലെല്ലാം അവർ സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു. വിൽക്കുന്നത് ഏത് കളിക്കാരന്റെ പേരുള്ള ജഴ്സി ആണെന്നോ ഏത് ടീമിന്റേതാണെന്നോ അവരിൽ പലർക്കും അറിയില്ല.

"നമ്മൾ പഠിച്ചിട്ടില്ല, വായിക്കാനൊന്നും അറിയില്ല. മക്കൾ പറഞ്ഞു തരും ഞങ്ങൾ കൊണ്ടു വന്നു വിളിക്കുന്നു" കച്ചവടത്തിന്റെ തിരക്കിനിടയിൽ പാർവതി പറഞ്ഞു. കുടുംബമായാണ് കച്ചവടത്തിന് എത്തിയിരിക്കുന്നത്. ഭർത്താവ് ഗണേശനും മകൾ പൂർണിമയും അവർക്കൊപ്പമുണ്ട്. ചെന്നൈയിലെ ആവടി എന്ന സ്ഥലത്തു നിന്നാണ് പാർവതിയും കുടുംബവും വരുന്നത്. ഐഎസ്എല്ലിൽ മാത്രമല്ല മിക്കവാറും എല്ലാ ടൂർണമെന്റുകളിലും അവർ എത്താറുണ്ട്.

ഖാജാ ഹുസൈൻ

തിരുപ്പൂരിൽ നിന്നാണ് അവർ വില്പനയ്ക്കുള്ള സാധനങ്ങൾ എടുക്കുന്നത്. പിന്നെ ആ ടൂർണമെന്റിന്റെ സീസൺ അവസാനിക്കുന്നതു വരെ മത്സരം നടക്കുന്ന ഇടങ്ങളിലെല്ലാം അലച്ചിലാണ്. പോകുന്ന സ്ഥലങ്ങളിൽ എല്ലാം കുട്ടികളെയും കൊണ്ടുചെല്ലണം. " അവരെ വേറെ ആര് നോക്കാനാണ്, മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങൾക്ക് പോലും ഈ അലച്ചിലും ബഹളവുമെല്ലാം ശീലമായി കഴിഞ്ഞു." ഗണേശൻ പറയുന്നു.

മകൾ പത്തുവരെ പഠിച്ചിട്ടുണ്ടെങ്കിലും പൂർത്തിയാക്കിയിട്ടില്ല. എങ്കിലും ജഴ്സിയിൽ എഴുതിയ പേര് ചോദിച്ചപ്പോൾ പൂർണിമ വലിയ അഭിമാനത്തോടെയാണ് പറഞ്ഞു തന്നത്. " ഞാൻ പത്തുവരെ പഠിച്ചിട്ടുണ്ട്, പഠിത്തത്തിനിടയിലായിരുന്നു വിവാഹം അതോടെ പരീക്ഷ ഒന്നും എഴുതാൻ പറ്റിയില്ല". അവളുടെ ചുമലില്‍ ചാഞ്ഞുകിടന്ന കുഞ്ഞിന് വെറും ആറുമാസം മാത്രമാണ് പ്രായം.

ഖാജാ ഹുസൈൻ

അവർക്ക് ഇനിയും ഒരുപാട് സാധങ്ങൾ വിറ്റു തീർക്കാനുണ്ട്. അതൊക്കെ തീർത്തിട്ട് വേണം അടുത്ത മത്സരവേദിയിലേക്ക് പോകാൻ. അപ്പോഴേക്ക് മഞ്ഞക്കുപ്പായത്തിനായി എത്തുന്ന ആളുകളുടെ എണ്ണം കൂടിയിരുന്നു. അവർ വീണ്ടും കച്ചവടത്തിരക്കിലേക്ക്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും ആ കുഞ്ഞ് നല്ല ഉറക്കത്തിലാണ്. ചുറ്റിലുമുള്ള ബഹളത്തിനും തണുപ്പിനും പറ്റുമെങ്കിൽ തന്നെ ഉണർത്താൻ ശ്രമിച്ചു നോക്കൂ എന്ന മട്ടിൽ അവന്റെ പട്ടുമെത്തയിൽ അങ്ങനെ കിടക്കുന്നു.

logo
The Fourth
www.thefourthnews.in