ഗ്രീസിൽ കാട്ടുതീയെ തുടർന്ന് കൂട്ട ഒഴിപ്പിക്കൽ; ഭീഷണിയായി ഉഷ്ണ തരംഗം

ഗ്രീസിൽ കാട്ടുതീയെ തുടർന്ന് കൂട്ട ഒഴിപ്പിക്കൽ; ഭീഷണിയായി ഉഷ്ണ തരംഗം

ഗ്രീക്ക് ദ്വീപായ റോഡ്സില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പടരുന്ന കാട്ടുതീയ്ക്ക് ശമനമില്ല
Published on

ഗ്രീക്ക് ദ്വീപായ റോഡ്സില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പടരുന്ന കാട്ടുതീയ്ക്ക് ശമനമില്ല. ചൊവ്വാഴ്ച പർവതപ്രദേശത്ത് പടർന്ന തീ ഇടതൂർന്ന വനപ്രദേശമാകെ കത്തിക്കയറിയതായാണ് റിപ്പോർട്ട്.

ദ്വീപിന്റെ തെക്കു കിഴക്കൻ ഭാഗത്തുള്ള കടൽത്തീര ഗ്രാമമായ കിയോത്താരിയിൽ പടർന്നു പിടിച്ച തീയിൽ, മൂന്ന് ഹോട്ടലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഏഥൻസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ദ്വീപ് നിവാസികളെ നാവിക- വ്യോമ മാർഗങ്ങളിലൂടെ ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും മുപ്പതിലധികം സ്വകാര്യ ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.

കിയോത്താരി, ലാർഡോസ് എന്നീ പ്രദേശങ്ങളിലെ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ 2,000 പേരെ ഒഴിപ്പിച്ചതായി കോസ്റ്റ്ഗാർഡ് വക്താവ് നിക്കോസ് അലക്സിയോ സ്കായ് ടെലിവിഷനോട് പറഞ്ഞു.

കിയോത്താരിയിലെയും ഗെന്നാദിയിലെയും ബീച്ചുകളിൽ നിന്ന് 600 ഓളം പേരെ പ്ലിമിരിയിലേക്ക് ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ തുടരുകയാണ്. പെഫ്കി, ലിന്‍ഡോസ്, കലത്തോസ് എന്നീ ഗ്രാമങ്ങളില്‍ നിന്ന് ആയിരത്തോളം ആളുകളോട് പുറത്തുപോകാന്‍ അധികൃതർ ആവശ്യപ്പെട്ടതായി അഗ്നിശമന സേനാ വക്താവ് പറഞ്ഞു.

ദ്വീപിൽ നിന്ന് ഒഴിപ്പിച്ചവരെ ഇൻഡോർ സ്റ്റേഡിയത്തിലും ദ്വീപിലെ ഹോട്ടലുകളിലുമായാണ് പാർപ്പിച്ചിരിക്കുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് (113 ഡിഗ്രി ഫാരൻഹീറ്റ്) എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ റോഡ്സിലും ഗ്രീസിലെ മറ്റ് പല പ്രദേശങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

സാഹചര്യത്തിൽ സഹായവുമായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ റോഡ്സിലേക്ക് പോകും. രാജ്യം വിടാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് സഹായം നൽകുന്നതിനായി ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം ക്രൈസിസ് മാനേജ്മെന്റ് യൂണിറ്റും സജീവമാക്കിയിട്ടുണ്ട്.

ഗ്രീസിൽ തീപിടിത്തം സാധാരണയാണെങ്കിലും, ചൂട് നിയന്ത്രണാതീതമായ സമീപ വർഷങ്ങളിലായി കാട്ടുതീ പടരുന്ന സാഹചര്യം വർധിക്കുന്നുണ്ട്. നിലവിലെ ചൂട് ഈ മാസം അവസാനം വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in