2017 ല്‍ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കി, അഞ്ച് വര്‍ഷത്തിനിപ്പുറം  'ആപ്പിൻ്റെ പ്രഹര'ത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

2017 ല്‍ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കി, അഞ്ച് വര്‍ഷത്തിനിപ്പുറം 'ആപ്പിൻ്റെ പ്രഹര'ത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

തുടർച്ചയായ തോൽവികൾക്കിടയിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. അതാണ് ഇത്തവണ ഇല്ലാതായത്

ഭാരത് ജോഡോ യാത്ര ഉയര്‍ത്തുന്ന ആവേശം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നൊന്നും യാഥാര്‍ത്ഥ്യ ബോധ്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതീക്ഷിച്ചു കാണില്ല. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ പതിഞ്ഞ താളത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ പോലും പ്രചാരണങ്ങള്‍. എങ്കിലും ആറ് തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയത്തിന് ശേഷം സ്വാഭാവികമായി ഉണ്ടാകാവുന്ന 'ആന്റി ഇന്‍ക്യുമ്പന്‍സി'യും ബിജെപിയിലെ വിമത സാന്നിധ്യവും, മോര്‍ബി പാലം അപകടവും എല്ലാം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ മാന്യമായ പോരാളിയെന്ന പദവിയെങ്കിലും നല്‍കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. അതാണ് ഇന്ന് തകര്‍ന്ന് തരിപ്പണമായത്.

1995 നു ശേഷം ബിജെപിയും കോണ്‍ഗ്രസും മാത്രം നിറഞ്ഞുനിന്നിരുന്ന ഗുജറാത്ത് രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഇത്തവണ മാറ്റമുണ്ടാക്കിയത്. 1995 മുതല്‍ ഇന്നുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ പോലും പരാജയപ്പെടാതെയാണ് ബിജെപിയുടെ മുന്നേറ്റം ഉണ്ടായത്. തൊണ്ണൂറുകളുടെ ആദ്യ പകുതി വരെ നിര്‍ണായക സ്വാധീനമായിരുന്ന ജനതാദള്‍ പൂര്‍ണമായി ഇല്ലാതായതോടെ ബിജെപി ശക്തിപ്പെടുകയായിരുന്നു.

2002 ലെ മുസ്ലീം വംശഹത്യയോടെ ഗുജറാത്തിലെ മത ധ്രുവീകരണം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തി. 2002 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 127 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 51 സീറ്റും ലഭിച്ചു. ബിജെപിക്ക് അന്ന് 49.85 ശതമാനം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 39.28 ശതമാനം വോട്ടും 51 സീറ്റുമായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചു. എങ്കിലും നേരിയ തോതിലെങ്കിലും സ്ഥിതി മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

2007 ല്‍ കോണ്‍ഗ്രസിന് 59 സീറ്റും 39.49 ശതമാനം വോട്ടും ലഭിച്ചു. അന്ന് ബിജെപിയ്ക്ക് 117 സീറ്റായിരുന്നു കിട്ടിയത്. 49.12 ശതമാനം വോട്ടും ഭരണകക്ഷിക്ക് ലഭിച്ചു. പിന്നീട് 2012 ലെ തിരഞ്ഞെടുപ്പിലും ഇതേ രീതിയില്‍ തന്നെയായിരുന്നു പ്രതിഫലിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയിലും കോണ്‍ഗ്രസിന് സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. അന്ന് 38. 93 ശതമാനം വോട്ടാണ് ലഭിച്ചതെങ്കിലും സീറ്റുകളുടെ എണ്ണം 61 ആക്കി വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ബിജെപിക്ക് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്115 സീറ്റുകളായിരുന്നു.

നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും കോണ്‍ഗ്രസിന് 36-40 ഇടയില്‍ ശതമാനം വോട്ടുകള്‍ എല്ലാ തിരഞ്ഞെടുപ്പിലും ഗുജറാത്തിൽ നേടാന്‍ സാധിച്ചിരുന്നു. അവരുടെ സീറ്റുകളുടെ എണ്ണത്തിലും വര്‍ധനയുമുണ്ടായി. എന്നാല്‍ ഈ പ്രവണതയാണ് 2022 ലെ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുന്നത്.

പിന്നീട് 2017 ലെ തിരഞ്ഞെടുപ്പിലായിരുന്നു കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ബിജെപിയെ 99 സീറ്റില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് അന്ന് 77 സീറ്റുകളും 41.4 ശതമാനം വോട്ടുകളും ലഭിച്ചു. പട്ടേല്‍ സമരമായിരുന്നു കോണ്‍ഗ്രസിനെ സഹായിച്ചത്. ബിജെപിയുടെ അടിത്തറയായിരുന്ന പട്ടേദാര്‍ സമുദായത്തിലെ രാഷ്ട്രീയ എതിര്‍പ്പ് കോണ്‍ഗ്രസിന് സഹായകമായി. അതിന് നേതൃത്വം നല്‍കിയ ഹാര്‍ദിക്ക് പട്ടേല്‍ അന്ന് കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് പോയി. ഇത്തവണ അദ്ദേഹം ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്തു.

നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും കോണ്‍ഗ്രസിന് ഗുജറാത്തിൽ 36-40 ഇടയില്‍ ശതമാനം വോട്ടുകള്‍ എല്ലാ തിരഞ്ഞെടുപ്പിലും നേടാന്‍ സാധിച്ചിരുന്നു. അവരുടെ സീറ്റുകളുടെ എണ്ണത്തിലും വര്‍ധനയുമുണ്ടായി. എന്നാല്‍ ഈ പ്രവണതയാണ് 2022 ലെ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുന്നത്.

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യത്തോടൊപ്പം, ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഇതിന് കാരണമായെന്ന് കാണാം. തിരഞ്ഞെടുപ്പില്‍ ആദ്യം മല്‍സരിക്കുന്ന ആം ആദ്മി ഇതുവരെയുള്ള കണക്കനുസരിച്ച് 13-15 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയെന്നാണ് കാണുന്നത്. ആന്റി ഇന്‍ക്യുമ്പന്‍സി ഇല്ലാതാക്കാന്‍ ബിജെപിക്ക് ഇത് സഹായകരമായി.

കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം ആദ്യമായി 30 ശതമാനത്തില്‍ താഴുകയും സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്തു. എത്ര സീറ്റുകളാണ് ആം ആദ്മിയുടെ സാന്നിധ്യം മൂലം കോണ്‍ഗ്രസിന് നഷ്ടമായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ വന്നതിന് ശേഷം മാത്രമെ മനസ്സിലാക്കാന്‍ കഴിയൂ. എന്തായാലും ആം ആദ്മിയുടെ സാന്നിധ്യം ബിജെപിയ്ക്ക് വലിയ ഗുണം ചെയ്തുവെന്നത് വ്യക്തം.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അസ്സസുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യം ബിജെപിയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തതു പോലെ ഇത്തവണ ഗുജറാത്തില്‍ ബിജെപിയ്ക്ക് ചരിത്ര വിജയത്തിന് ആം ആദ്മിയുടെ സാന്നിധ്യം കൂടി സഹായമായെന്ന് പറയാം.

ഡല്‍ഹിയിലേയും പഞ്ചാബിലെയും വിജയത്തിന് ശേഷം ഗുജറാത്തിലെ നിര്‍ണായക രാഷ്ട്രീയ സാന്നിധ്യമായി ആം ആദ്മി പാര്‍ട്ടി മാറുകയാണ്. നിയമസഭ തിരഞ്ഞെടുപ്പുകളിലെ രീതി ആയിരുന്നില്ല ഗുജറാത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് അവിടെ ബിജെപിയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആ പ്രവണത തുടരാനും ആം ആദ്മിയുടെ സാന്നിധ്യം ബിജെപിയെ സഹായിക്കും.

logo
The Fourth
www.thefourthnews.in