കൂടെയുണ്ടായിരുന്നവര്‍ പോലും,  മറന്നുതുടങ്ങിയോ? ഉമര്‍ ഖാലിദിന്റെ ആശങ്കകള്‍ പങ്കുവെച്ച് സുഹൃത്തിന്റെ  കുറിപ്പ്‌

കൂടെയുണ്ടായിരുന്നവര്‍ പോലും, മറന്നുതുടങ്ങിയോ? ഉമര്‍ ഖാലിദിന്റെ ആശങ്കകള്‍ പങ്കുവെച്ച് സുഹൃത്തിന്റെ കുറിപ്പ്‌

ഏഴ് ദിവസത്തെ പരോളിന് ശേഷം ഈ വർഷമാദ്യമാണ് ഉമർ ഖാലിദ് ജയിലിൽ തിരിച്ചെത്തിയത്.

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ സന്ദർശിച്ച് സുഹൃത്ത് അപേക്ഷ പ്രിയദർശിനി എഴുതിയ കുറിപ്പ് ഹൃദയം പൊളളുന്നതാണ്. 'ജയിൽ ജീവിതത്തോട് താൻ പൊരുത്തപ്പെട്ട് ജീവിക്കാൻ ശ്രമിക്കുകയാണെന്നും തനിക്കൊപ്പം പോരാടിയവർ തന്നെ മറന്നു തുടങ്ങി' എന്നുള്‍പ്പെടെയുള്ള വേദന നിറഞ്ഞ അനുഭവങ്ങളാണ് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന ഉമർ അപേക്ഷയോട് പങ്കുവച്ചിരിക്കുന്നത്.

പൗരത്വ ഭേദ​ഗതി വിരുദ്ധ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപക്കേസ് ചുമത്തി ജയിലിലടച്ച ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി പരോളിൽ ഇറങ്ങിയിരുന്നു. ഏഴ് ദിവസത്തെ പരോളിന് ശേഷം ഈ വർഷമാദ്യമാണ് ഉമർ ജയിലിൽ തിരിച്ചെത്തിയത്. ഇതിനു ശേഷമുളള ആദ്യ സന്ദർശനമായിരുന്നു തന്റേതെന്നും അപേക്ഷ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തിഹാർ ജയിലിൽ കഴിയുന്ന ഉമറിനെ, ഒമ്പതാമത്തെ തവണയാണ് കാണാൻ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അപേക്ഷ പ്രിയദർശിനി കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പിൽ നിന്ന്:

ഞാൻ ഉമറിനെ കാത്തിരിക്കുമ്പോൾ ജയിലിലെ മറ്റു രണ്ട് അന്തേവാസികളുടെ ബന്ധുക്കൾ സംസാരിക്കുന്നത് കേട്ടു. അതിലൊരാളുടെ അച്ഛൻ 2012 മുതൽ ജയിലിലാണ്; 15 വർഷത്തെ തടവ്. അത്ര അധികം കാലം ജയിലിൽ കിടക്കുന്നതെങ്ങനെയെന്ന് ചിന്തിക്കാനോ മനസ്സിലാക്കാനോ എനിക്ക് ത്രാണിയില്ലായിരുന്നു. ആ മനുഷ്യനെ നാലു തവണ ജയിൽ മാറ്റി. ഇപ്പോഴും ആ മകൻ ഒരു ശീലം പോലെ, നിശ്ചയിച്ചുറപ്പിച്ച പോലെ ജയിലിലേക്ക് വരുന്നു. പുറത്തുള്ളവർ അദ്ദേഹത്തെ മറന്നിട്ടില്ലെന്ന് ഓരോ വരവും പറഞ്ഞുറപ്പിക്കുന്നു.

അപേക്ഷ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
അപേക്ഷ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

അകത്തെത്തിയ എന്നെ മഞ്ഞ പൂക്കളും മൂന്ന് പാക്കറ്റ് ജ്യൂസും നൽകിയാണ് ഉമർ സ്വീകരിച്ചത്. സമ്മാനങ്ങൾ പുതുമ നിറഞ്ഞതായത് എന്നെ സന്തോഷിപ്പിച്ചു. ഉമർ ധൃതിയിൽ പിന്നീട് നോക്കിയത് പ്രവർത്തനക്ഷമമായ ഫോൺ ഉള്ള, ഗ്ലാസ് മറയുള്ള വൃത്തിഹീനമല്ലാത്ത ഒരു ഫോൺ ബൂത്ത് ആയിരുന്നു; അവൻ സംസാരിക്കുമ്പോഴും ഞങ്ങൾക്ക് തമ്മിൽ കാണാൻ കഴിയുന്ന ഒരു ബൂത്ത്. ഇതിനു മാത്രം 10 മിനിറ്റ് ചെലവായി. സമയം അധികാരത്തിന്റെ ഒരു ടൂൾ ആയി മാറുന്ന അവസ്ഥ എത്ര വിചിത്രമാണ്. നിങ്ങൾ കൂടിക്കാഴ്ചക്കായി എത്തുന്ന സമയം അവർ കുറിച്ച് വയ്ക്കും, സമയം കഴിയാറായെന്ന് ഇടയ്ക്കൊക്കെ ഓർമപ്പെടുത്തും. എന്നാല്‍, സംസാരിക്കാന്‍ അത്യാവശ്യം സ്വകാര്യത കിട്ടുന്ന ഒരിടം തേടി അലഞ്ഞ് പാഴാക്കുന്ന സമയം ഒരു കണക്കിലും ഉണ്ടാവുകയുമില്ല. എത്ര യാന്ത്രികമാണ് ഈ അധികാര വിനിയോഗം!

ഈ സമയവും കടന്നുപോകുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ ഞാനിവിടെ വന്നതിന് ശേഷം എത്ര ഋതുക്കളാണ് കടന്നുപോയത്. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തടവറയിലൂടെ തട്ടിയെടുക്കാൻ പോകുകയാണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്
ഉമർ ഖാലിദ്

സംസാരത്തിനിടയിൽ ഈദ് എങ്ങനെ ഉണ്ടായിരുന്നുവെന്ന് ഞാൻ ചോദിച്ചു. സോയ ബിരിയാണി ആയിരുന്നു. എന്റെ നോട്ടത്തിലെ സങ്കടം തിരിച്ചറിഞ്ഞാവണം, എരിവും പുളിയും ഇല്ലാത്ത ഭക്ഷണത്തിനിടയ്ക്ക് അത് തന്നെ അനുഗ്രഹമാണെന്ന് അവൻ മറുപടി പറഞ്ഞത്. മുൻപൊക്കെ ഈദിന് കഴിക്കാൻ ഇരുന്ന അവന്റെ വീട്ടിലെ മേശയ്ക്ക് മുന്നിലെ ഒഴിഞ്ഞ കസേരയെ ഓർത്ത് ഒരു നിമിഷം ഞാൻ മൗനിയായി.

പരോളിന്‌ ശേഷം തിരികെ ജയിലിലേക്ക് എത്തിയതും അവിടത്തെ താളത്തോട് താദാത്മ്യം പ്രാപിച്ചതും എത്ര വിഷമകരമായിരുന്നുവെന്ന് അവൻ പറഞ്ഞു; ഈ ഇടത്തോട് ഇഴുകി ചേരാൻ എത്ര ദിവസങ്ങൾ എടുത്തെന്നും. കോവിഡ് കാലത്ത് ജയിൽ വിട്ട് പോയി രണ്ടു വർഷം കഴിഞ്ഞു തിരികെയെത്തിയ തടവുകാർ "അരേ, ആപ് അഭി ഭി യാഹിൻ ഹേ?" (ഹേയ്, നിങ്ങൾ ഇപ്പോഴും ഇവിടെയുണ്ടോ?) എന്ന് ചോദിച്ചപ്പോഴാണ് അറസ്റ്റിന് ശേഷം ഇത്രയും ദിവസങ്ങൾ ആയെന്ന് അവൻ മനസിലാക്കുന്നത്. 

ഈ സമയവും കടന്നുപോകുമെന്ന് ആദ്യം ഞാൻ കരുതിയിരുന്നു. എന്നാൽ ഞാനിവിടെ വന്നതിന് ശേഷം എത്ര ഋതുക്കളാണ് കടന്നുപോയത്. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ തടവറ തട്ടിയെടുക്കാൻ പോകുകയാണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ഉമറിന്റെ ഈ വാക്കുകൾ മുന്നിൽ എന്ത് പറയണം എന്നറിയാതെ ആ വാക്കുകൾ ശ്രദ്ധിച്ച് നിൽക്കാനെ സാധിച്ചുളളൂ.

''അതിഖ് അഹമ്മദിനെ യുപി പോലീസിന്റെ കസ്റ്റഡിയിൽ വച്ച് കൊലപ്പെടുത്തിയ വാർത്ത ഏറെ ഭയം സൃഷ്ടിച്ചു. എന്നാൽ, എന്നെ ഏറെ ഞെട്ടിപ്പിച്ചത്  ഒരു വിഭാഗം തടവുകാരും നിയമവിരുദ്ധമായ ഈ കൊലപാതകത്തിൽ സന്തോഷിച്ചുവെന്നതാണ്. ഇത് ഒരു കീഴ്വഴക്കമായി മാറിയാൽ രാജ്യത്ത് ആർക്കും സമാനമായ അവസ്ഥ ഉണ്ടായേക്കാം. മോദി ഭരണത്തിന് കീഴിൽ ആളുകളുടെ ചിന്താശേഷിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. മനുഷ്യർക്കിടയിൽ മയക്കുമരുന്ന് പോലെ വിദ്വേഷം മാറിയിരിക്കുന്നു. ഇന്ന് രാജ്യത്ത് സംഭവിക്കുന്നത് നാളെ തങ്ങൾക്കുതന്നെ നാശം വരുത്തുമെന്ന് ആളുകൾക്ക് ചിന്തിക്കാൻ കഴിയുന്നില്ല'' - ഉമർ പറഞ്ഞു.

അതിഖിന്റെ കൊലപാതകത്തോടനുബന്ധിച്ച്, രാജ്യത്തെ ഹിന്ദി പത്രങ്ങളുടെ സെൻസേഷണലിസത്തെക്കുറിച്ചും ഉമർ പറയുകയുണ്ടായി. മിത്തുകളെയും കെട്ടുകഥകളെയും വസ്തുതകളാക്കി മാറ്റുകയും ജനങ്ങൾ ഇതൊന്നും ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും ചെയ്യുന്നു. നരോദ ഗാം കൂട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടതോടെ നീതി എന്നത് പരിഹാസമായി മാറിയിരിക്കുകയാണ്. മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്തിലെ ജനങ്ങൾക്ക് അവകാശപ്പെടാൻ കഴിയുന്ന അധികാരമോ അവകാശങ്ങളോ ഇല്ലെന്നുള്ള സന്ദേശം കൂടിയാണ് നരോദ ഗാം വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഉമർ പറഞ്ഞു.

അനുവദിച്ച സമയം കഴിയാറായതിനാൽ ജയിലിനുള്ളിലെ ജീവിതത്തെ പറ്റിയായി പിന്നെ ഞങ്ങളുടെ സംസാരം. എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്ന് ഞാൻ ചോദിച്ചു. “ഞാൻ ഏറ്റവും യുക്തിയോടെ ചിന്തിക്കാനായി സ്വയം പരിശീലിപ്പിക്കുകയാണ്. എന്താണ് വരും ദിവസങ്ങളിൽ കാത്തിരിക്കുന്നതെങ്ങ് യുക്തിയോടെ ചിന്തിക്കാനാണ് ശ്രമം. പക്ഷെ, ചിലപ്പോഴൊക്കെ വീണു പോകും. ഞങ്ങളെ നന്നായി അറിയുന്ന, ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ ആൾക്കാർ പോലും ഞങ്ങൾ അകത്താണെന്ന് മറന്നുപോയോ എന്ന് അപ്പോഴൊക്കെ തോന്നും.”

അങ്ങനെയൊന്നും ചിന്തിക്കേണ്ടെന്ന് അവനോട് പറഞ്ഞു പുറത്തിറങ്ങുമ്പോൾ ഞാൻ ഓർത്തത് മുഴുവൻ അവൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോയെന്നായിരുന്നു. ഇത്തരം അന്യായമായ തടങ്കലുകളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ നാം ശീലിച്ചുവോ? ദിനേനെ എന്നോണം മുസ്ലിങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളോട് നമ്മൾ പൊരുത്തപ്പെട്ടു കഴിഞ്ഞോ? പുതിയ വാർത്തകൾ വരുന്നതോടെ പഴയ അനീതികൾ മറക്കാൻ നാം ശീലിച്ചുവോ? ഇത്തരം ചോദ്യങ്ങളാൽ വേട്ടയാടപ്പെടാത്തത്ര കട്ടിയുള്ള ചർമം നമുക്ക് ഉണ്ടാകാതെയിരിക്കട്ടെയെന്ന് പറഞ്ഞാണ് അപേക്ഷ പ്രിയദര്‍ശിനി കുറിപ്പ് അവസാനിപ്പിക്കുന്നത്! 

logo
The Fourth
www.thefourthnews.in