ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജനപ്രതിനിധികൾ ഇല്ലാതെ; പഞ്ചായത്ത് അംഗങ്ങളുടെയും കാലാവധി കഴിഞ്ഞു

ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജനപ്രതിനിധികൾ ഇല്ലാതെ; പഞ്ചായത്ത് അംഗങ്ങളുടെയും കാലാവധി കഴിഞ്ഞു

എൻസിപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മുഹമ്മദ് ഫൈസിലനെ അയോഗ്യനാക്കിയതോടെ ലക്ഷദ്വീപിപ്പോൾ ജനപ്രതിനിധികളില്ലാത്ത നാടായി മാറി
Updated on
2 min read

ലക്ഷദ്വീപിലെ എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടർന്ന് ദ്വീപിൽ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം 27 ന് നടത്താനാണ് തീരുമാനം. നിലവിൽ ലക്ഷദ്വീപിൽ ജനപ്രതിനിധികളാരുമില്ലാത്ത സ്ഥിതിയാണുള്ളത്. പഞ്ചായത്ത് അംഗങ്ങളും ഒരു പാർലമെന്റ് അംഗവും മാത്രമാണ് ലക്ഷദ്വീപിലുള്ളത്. ഇതിൽ പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞു. വില്ലേജ് ദ്വീപ് പഞ്ചായത്തെന്നാണ് ദ്വീപിലെ പഞ്ചായത്തുകളെ പറയപ്പെടുന്നത്.

പഞ്ചായത്തിലേക്ക് ഇതുവരെയും തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതിനാൽ ജനവാസമുള്ള 10 ദ്വീപിലും പഞ്ചായത്ത് അംഗങ്ങളില്ല. അവശേഷിച്ചിരുന്ന ഏക ജനപ്രതിനിധി എം പിയായ മുഹമ്മദ് ഫൈസലായിരുന്നു. 2009 ല്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ 37 പേര്‍ പ്രതിയായ കേസില്‍ ഫൈസലിനേയും സഹോദരനേയുമടക്കം നാല് പേര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച ജില്ലാ കോടതി ഉത്തരവിനെ തുടർന്ന് എം പിയെ അയോഗ്യനാക്കി. എൻസിപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മുഹമ്മദ് ഫൈസിലനെ അയോഗ്യനാക്കിയതോടെ ലക്ഷദ്വീപിപ്പോൾ ജനപ്രതിനിധികളില്ലാത്ത നാടായി മാറി.

2009 മുൻ കേന്ദ്ര മന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ കോടതി വിധിച്ച പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ചോദ്യം ചെയ്ത് ഫൈസലടക്കമുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്തിരുന്നില്ല. ഹർജിയിൽ വാദം നടക്കുകയാണ്. ശിക്ഷാ വിധി വന്നതിന് പിന്നാലെ തന്നെ പ്രതികളായ മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരെ അസാധാരണമായ വേഗത്തിൽ ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം കണ്ണൂരിൽ എത്തിച്ച് സെൻട്രൽ ജയിലിൽ തടവിലാക്കിയിരുന്നു. തുടർന്ന് വളരെ പെട്ടെന്ന് തന്നെ അയോഗ്യതയും കൽപിച്ചു.

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഫൈസലടക്കമുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആസൂത്രിതമായ ആക്രമണമല്ല നടന്നതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഫൈസലടക്കമുള്ളവർ പറയുന്നത്. ഈ കേസിന്റെ വിചാരണ ഘട്ടത്തിലൊന്നും തന്നെ എം പി സ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ടി വരുമെന്നത് ആലോചനയിലില്ലായിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഘോട പട്ടേലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് എം പി മുഹമ്മദ് ഫൈസൽ.

എൻസിപിയും കോൺഗ്രസ് പാർട്ടിയും തമ്മിലാണ് ലക്ഷദ്വീപിൽ പ്രധാനമായും മത്സരം നടക്കുക. ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മുന്‍ എം പിയുമായ ഹംദുള്ള സഈദിന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപ് ഭാരത് ജോഡോ യാത്ര നിലവിൽ ദ്വീപിൽ നടക്കുകയാണ്. കവരത്തി മുതല്‍ ആന്ത്രോത്ത് വരെ നീളുന്ന യാത്ര ജനുവരി 14 നാണ് ആരംഭിച്ചത്. ഫെബ്രുവരി പത്തിന് ആന്ത്രോത്തില്‍ യാത്ര അവസാനിക്കും. ദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയത്തിനെതിരെ ജനകീയ പ്രതിരോധം എന്നതാണ് യാത്രയുടെ മുദ്രാവാക്യം തന്നെ.

3000ത്തോളം പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതും ദ്വീപുകാരുടെ ഭൂമി തര്‍ക്കഭൂമിയായി മാറ്റിയ പ്രശ്‌നങ്ങളടക്കം ഒരുപാട് കടുത്ത പ്രതിസന്ധികൾ നിലവിലുണ്ട് . ദ്വീപുകാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇതുവരെയും ഒരു പരിഹാരം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

logo
The Fourth
www.thefourthnews.in