ഭരണഘടനയിൽ തൊട്ടുള്ള പ്രതിജ്ഞ തടസ്സമായില്ല,  ഗോവയിൽ  എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

ഭരണഘടനയിൽ തൊട്ടുള്ള പ്രതിജ്ഞ തടസ്സമായില്ല, ഗോവയിൽ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമുള്ളവരാണ് കൂറു മാറിയത്

ഗോവയില്‍ വീണ്ടും വന്‍ രാഷ്ട്രീയ അട്ടിമറി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സംസ്ഥാനത്തെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ് ഗോവയില്‍ ഉള്ളത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദ് തനാവഡെയാണ് വിവരം സ്ഥിരീകരിച്ചത്. നേരത്തെ ഭരണഘടന തൊട്ട് കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തവരാണ് കൂറുമാറ്റക്കാർ

ദിഗംബർ കാമത്തും മൈക്കിള്‍ ലോബോയുമടക്കം കൂറു മാറിയ എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും കണ്ടു. സഭാ സമ്മേളനം നടക്കാത്ത സാഹചര്യത്തില്‍ എംഎല്‍എമാര്‍ സ്പീക്കറെ കാണുന്നത് അസാധാരണമാണ്. എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുന്നതോടെ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം മൂന്നിലേക്ക് ചുരുങ്ങി. ആകെയുള്ള എംഎല്‍മാരുടെ മൂന്നില്‍ രണ്ട് ഭാഗവും കൂറു മാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാവില്ല.

എംഎല്‍എമാര്‍ സ്പീക്കറെ കാണുന്നു
എംഎല്‍എമാര്‍ സ്പീക്കറെ കാണുന്നു

ബിജെപി അധികാരത്തിലിരിക്കുന്ന ഗോവയില്‍ രണ്ട് മാസം മുന്‍പും കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റ ഭീഷണി ഉണ്ടായിരുന്നു. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് കാമത്തിനെയും ലോബോയെയും അയോഗ്യരാക്കണമെന്ന് അന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരെ ഒത്തു തീര്‍പ്പിലെത്തിച്ച് പ്രശ്‌നം പരിഹരിച്ചു. ഇതേത്തുടര്‍ന്ന് മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു. ഈ വര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മൈക്കിള്‍ ലോബോ ബിജെപിയില്‍നിന്നും കോണ്‍ഗ്രസിലെത്തിയത്.

ഭരണഘടനയിൽ തൊട്ടുള്ള പ്രതിജ്ഞ തടസ്സമായില്ല,  ഗോവയിൽ  എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍
പഞ്ചാബിലും ഓപ്പറേഷൻ താമരയുമായി ബിജെപി; പത്ത് എംഎൽഎമാരെ സമീപിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ

2019 ല്‍ സമാന രീതിയില്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും കൂറു മാറിയിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പിന് മുന്‍പ് കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികളെക്കൊണ്ട് പാര്‍ട്ടി പ്രതിജ്ഞയെടുപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in