ഒറ്റ നേതാവിലേക്ക് മടങ്ങി എഐഎഡിഎംകെ

ഒറ്റ നേതാവിലേക്ക് മടങ്ങി എഐഎഡിഎംകെ

എടപ്പാടി പളനിസാമി ഇടക്കാല ജനറല്‍ സെക്രട്ടറി; ഒപിഎസ് പുറത്ത്
Updated on
3 min read

എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിങ്കളാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒ. പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കല്‍ നടപടി. യോഗ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒപിഎസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളിയതോടെ എഐഎഡിഎംകെ ഒറ്റ നേതൃത്വത്തിന് കീഴിലായി. ഇരു വിഭാഗങ്ങളും തമ്മിലുള്ള കയ്യാങ്കളിക്ക് വേദിയായതോടെ റോയപ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടി. പനീര്‍സെല്‍വത്തെ പുറത്താക്കാന്‍ എടപ്പാടിക്ക് അധികാരമില്ലെന്നും എഐഎഡിഎംകെയെ പിന്തുണയ്ക്കുന്നവര്‍ അധികാരമോഹികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും വി കെ ശശികല പ്രതികരിച്ചു.

ഒ പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും
ഒ പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും

രാവിലെ ഒമ്പത് മണിയോടെയാണ് ചെന്നൈ വാനഗരത്തില്‍ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. രണ്ടായിലത്തിലധികം അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായി എടപ്പാടി പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ നിലവിലുളള കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങള്‍ ഒഴിവാക്കാനും പ്രമേയം വഴി തീരുമാനിച്ചു. ഇതോടെ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായും പളനിസാമിയുടെ കൈകളിലെത്തി. യോഗം ചേരുന്നതിന്‌ മുന്‍പ്‌ തന്നെ പാര്‍ട്ടി ആസ്ഥാനമായ എംജിആര്‍ മാളികൈ സംഘര്‍ഷഭരിതമായിരുന്നു. അനുയായികളുമായി ആസ്ഥാനത്തെത്തിയ പനീര്‍സെല്‍വത്തെ എടപ്പാടി അനുകൂലികള്‍ തടഞ്ഞതോടെ പ്രശ്‌നം വഷളായി.

ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെ

ജയലളിതയുടെ മരണത്തോടെയാണ് എഐഎഡിഎംകെയില്‍ അധികാര തര്‍ക്കം മറനീക്കി പുറത്തുവരുന്നത്. ജയലളിത മരിച്ച അതേ ദിവസം തന്നെ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം ചുമതലയേറ്റു. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി കെ ശശികലയെയും ചുമതലപ്പെടുത്തി. എഐഎഡിഎംകെ കൈയ്യടക്കാനുള്ള ശശികലയുടെ ശ്രമങ്ങള്‍ ഒരു വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരുന്നു. 2017 ‍ ഫെബ്രുവരിയില്‍ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തതോടെ ഒപിഎസ് രാജിവെച്ചു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടത് ശശികലയ്ക്ക് തിരിച്ചടിയായി. ശശികലയുടെ ആശിര്‍വാദത്തോടെയാണ് എടപ്പാടി പളനിസാമി ഒപിഎസിന് പകരക്കാരനാകുന്നത്. ഇതോടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും മൂര്‍ച്ഛിച്ചു.

എടപ്പാടി പളനിസാമിയും വി കെ ശശികലയും
എടപ്പാടി പളനിസാമിയും വി കെ ശശികലയും

തമിഴ്നാട്ടിലെ പ്രബല സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് പനീര്‍സെല്‍വവും പളനിസാമിയും. ഗൗണ്ടര്‍ സമുദായക്കാരനാണ് ഇപിഎസ്. തേവര്‍ സമുദായക്കാരനാണ് പനീര്‍സെല്‍വം. തന്റെ പിന്‍ഗാമിയായി ജയലളിത പനീര്‍ശെല്‍വത്തെയാണ് കണ്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ അധികാരം നിലനിര്‍ത്താന്‍ വി കെ ശശികല പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചു. ഡെപ്യുട്ടി ജനറല്‍ സെക്രട്ടറിയായി അനന്തരവന്‍ ടി ടി വി ദിനകരനെയും ശശികല നിയമിച്ചു. 2017ല്‍ മുഖ്യമന്ത്രിയായി പളനിസാമി അധികാരമേറ്റതോടെയാണ് എഐഎഡിഎംകെയില്‍ വിളളലുകള്‍ രൂക്ഷമായത്.

എടപ്പാടി പളനിസാമി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം
എടപ്പാടി പളനിസാമി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം

കൂറുമാറി; കളംമാറി

ശശികല പക്ഷത്തായിരുന്ന ഇപിഎസ്, ടി ടി വി ദിനകരനുമായി അകലുകയും, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായുള്ള ദിനകരന്റെ നിയമനം അസാധുവാക്കുകയും ചെയ്തു. പിന്നാലെ ശശികലയെയും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എടപ്പാടി പളനിസാമി നീക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം 2017 ഓഗസ്റ്റില്‍ പളനിസാമിയും പനീര്‍സെല്‍വവും വീണ്ടും ഒരുമിച്ചു. ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍സെല്‍വം മന്ത്രിസഭയിലെത്തി. ഇരു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ മാറ്റം വരുത്തി. ജനറല്‍ സെക്രട്ടറി സ്ഥാനം എടുത്ത് കളഞ്ഞു. പകരം ഒപിഎസ് കോ-ഓര്‍ഡിനേറ്ററും, ഇപിഎസ് ജോയിന്റ് കോ-ഓര്‍ഡിനേറ്ററുമായി പുതിയ നേതൃത്വം വന്നു. ജയലളിതയെ ആജീവനാന്ത ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനം തമിഴ് ജനത തള്ളി. 40 മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുന്നണിക്ക് വിജയിക്കാനായത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടായി. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണം ഇരട്ട നേതൃത്വമാണെന്നും പഴയ രീതിയിലേക്ക് മാറണമെന്നുമുള്ള ആവശ്യം താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നു. ഇതാണ് പാര്‍ട്ടി പിടിക്കാനുള്ള ഇപിഎസ് തന്ത്രമായി പര്യവസാനിച്ചത്.

എടപ്പാടി പളനിസാമിയും ഒ പനീര്‍സെല്‍വവും
എടപ്പാടി പളനിസാമിയും ഒ പനീര്‍സെല്‍വവും

പുതിയ പ്രതിസന്ധി

2022 രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പുതിയ തര്‍ക്കങ്ങളുടെ തുടക്കം. രാമനാഥപുരം ജില്ലാ സെക്രട്ടറി ആര്‍ ധര്‍മ്മരെ സ്ഥാനാര്‍ഥിയാക്കാനുള്ള ഒപിഎസിന്റെ തീരുമാനത്തില്‍ എടപ്പാടി അതൃപ്തനായി. തേനി എംപിയും ഒപിഎസിന്റെ മകനുമായ പി.രവീന്ദ്ര കുമാര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചതും ഇപിഎസിനെ ചൊടിപ്പിച്ചു. പിന്നാലെ ഒറ്റ നേതൃത്വം എന്ന ആവശ്യം ഉയര്‍ന്നുവന്നു. അപ്പോഴേക്കും ഇപിഎസ് പക്ഷം ജനറല്‍ കൗണ്‍സിലില്‍ പിടിമുറുക്കിയിരുന്നു

പനീര്‍സെല്‍വത്തിന്റെ ചിത്രവുമായി അനുകൂലികള്‍
പനീര്‍സെല്‍വത്തിന്റെ ചിത്രവുമായി അനുകൂലികള്‍

ജൂണ്‍ 23 ന് ജനറല്‍ കൗണ്‍സില്‍ യോഗം ചേരാനായിരുന്നു തീരുമാനം. യോഗം മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി ഒപിഎസ് രംഗത്തെത്തിയെങ്കിലും നിയമപരിരക്ഷ കിട്ടിയില്ല. എന്നാല്‍ ഒപിഎസ് അംഗീകരിച്ച 23 പ്രമേയങ്ങള്‍ മാത്രമേ യോഗത്തില്‍ ചര്‍ച്ചയാകാവൂ എന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ജൂണ്‍ 23 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഒപിഎസിന്റെ പ്രമേയങ്ങള്‍ തള്ളി, ജൂലൈ 11 ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു. ജനറല്‍ കൗണ്‍സിലിലെ ഭൂരിപക്ഷം ആര്‍ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു നടപടി. യോഗം നടക്കാതിരിക്കാന്‍ ഒപിഎസ് വിഭാഗം പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

എം കെ സ്റ്റാലിന്‍
എം കെ സ്റ്റാലിന്‍

പുറത്താക്കല്‍ തീരുമാനത്തിനെതിരെ പനീര്‍സെല്‍വം ഇനി നിയമനടപടി സ്വീകരിക്കും. ഒന്നരക്കോടി പാര്‍ട്ടി അംഗങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും പുറത്താക്കാന്‍ എടപ്പാടിക്ക് അധികാരമില്ലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. ഇപിഎസിനെ താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെന്നും പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ അനുകൂലി എടപ്പാടി പളനിസാമിയുടെ നടപടി പാര്‍ട്ടി വിരുദ്ധമെന്നാണ് വി കെ ശശികലയുടെയും നിലപാട്. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന് സാധുതയില്ലെന്ന് ശശികല പ്രതികരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ നേരില്‍ കണ്ട് തനിക്കൊപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ശശികലയിപ്പോള്‍. എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ കൂടുതല്‍ കരുത്തരാകുമ്പോള്‍ തമ്മിലടിച്ച് ആ വളര്‍ച്ചയ്ക്ക് വളമാവുകയാണ് എഐഎഡിഎംകെ.

logo
The Fourth
www.thefourthnews.in