'ബീഫ് നിരോധിച്ച' നാട്ടിലെ സർക്കാർ വക  ബീഫ് മാർക്കറ്റ്

'ബീഫ് നിരോധിച്ച' നാട്ടിലെ സർക്കാർ വക ബീഫ് മാർക്കറ്റ്

ബെംഗളൂരു കോർപറേഷന്റെ കീഴിലാണ് ബീഫ് മാർക്കറ്റ് പ്രവർത്തിക്കുന്നത്

ശരിക്കും ബീഫ് കിട്ടുമോ ?


'കർണാടകയിൽ ബീഫ് നിരോധിച്ചില്ലേ?
അവിടെ ഇപ്പോഴും ബീഫ് കിട്ടുമോ ?
നിങ്ങളൊക്കെ എങ്ങനെ ബീഫ് കഴിക്കാതെ ജീവിക്കുന്നു?' കേരളത്തിലെ മിക്കവരും ബംഗളുരുവിൽ ഉള്ള സുഹൃത്തുക്കളോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്.
ശരിക്കും കർണാടകയിൽ ഇപ്പോഴും  ബീഫ് കിട്ടില്ലേ? ഉറപ്പായും കിട്ടും. ബീഫ് നിരോധിച്ച നാട്ടിലെ സർക്കാർ വക ബീഫ് മാർക്കറ്റ് കാണണമെങ്കിൽ ,  ബെംഗളൂരുവിലെ ശിവാജി നഗറിലേക്ക് പോന്നാൽ മതി . പൂർണമായും ബെംഗളൂരു കോർപറേഷന്റെ കീഴിലാണ് ബീഫ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.

1932  ൽ ആയിരുന്നു  ബീഫ് മാർക്കറ്റ് നിലവിൽ വന്നത്. അതിന് മുൻപ് ബ്രിട്ടീഷ്  ഭരണകാലത്തു മാംസം വിൽക്കാനും  വാങ്ങാനും ആളുകൾ സംഗമിച്ചിരുന്ന ഇടമായിരുന്നു ഈ പ്രദേശം, .90 ഓളം വർഷമായി ബീഫ് മാർക്കറ്റ് എന്ന ലേബലിൽ തന്നെ ഇവിടെ ഇറച്ചി - മാംസ വില്പന നടക്കുന്നു. ദിനം പ്രതി 5000 കിലോഗ്രാമോളം മാംസം ബെംഗളൂരുവിന്റെ എല്ലാ ഭാഗങ്ങളിലേക്കുമായി വിതരണം ചെയ്യപ്പെട്ടിരുന്നു ഇവിടെ നിന്നും. ഇടയ്ക്ക് കച്ചവടം  കുറഞ്ഞു. മറ്റൊന്നും കൊണ്ടല്ല ബീഫ്  സംഘപരിവാറിന്  രാഷ്ട്രീയ ആയുധമായി മാറുകയും പശു ഒരു പൊളിറ്റിക്കൽ അനിമൽ  ( രാഷ്ട്രീയ ജീവി ) ആയി  മാറുകയും ചെയ്തതോടെ ആയിരുന്നു അത് . അതോടെ 5000 കിലോഗ്രാമിന്റെ സ്ഥാനത്ത് 2000 കിലോഗ്രമായി പ്രതിദിന വില്പന കുറഞ്ഞു.

കർണാടക  സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പു നിരോധന നിയമം അക്ഷരാർത്ഥത്തിൽ ബീഫ് മാർക്കറ്റിനു തിരിച്ചടിയായി

കന്നുകാലി കശാപ്പു നിരോധന നിയമം തിരിച്ചടിയായി  

കർണാടക  സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പു നിരോധന നിയമം അക്ഷരാർത്ഥത്തിൽ ബീഫ് മാർക്കറ്റിനു തിരിച്ചടിയായി. 13 വർഷത്തിലധികം വളർച്ചയുള്ള പോത്ത്, എരുമ, കാള എന്നിവയേ കശാപ്പു  ചെയ്യാനേ പുതിയ നിയമം അനുവദിക്കുന്നുള്ളൂ.ഇവയുടെ മാംസം ബീഫായി അംഗീകരിക്കും.13 വയസിന് താഴെ ഉള്ള മൃഗങ്ങളുടെ മാംസം ബീഫായി പരിഗണിക്കുന്നില്ല. പശു, പശുക്കിടാവ്  കറവയുള്ള മറ്റു കന്നു കാലികൾ എന്നിവയൊന്നും അറുക്കാനെ പാടില്ല എന്നാണ് നിയമത്തിലെ വ്യവസ്ഥ . ഗോവധം പൂർണമായും നിരോധിക്കുന്നതാണ് നിലവിലെ നിയമം . മൃഗങ്ങളുടെ വയസ്  തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നോക്കി അറവു തുടങ്ങിയതോടെ സ്വാഭാവികമായും മൃഗങ്ങളുടെ  ലഭ്യത കുറഞ്ഞു. നിയമം പാലിച്ചു അറുത്താണ്‌ ഇവിടെ ഇപ്പോൾ ബീഫ് വിൽക്കുന്നത്.

കശാപ്പുകാർ മറ്റു ജോലികൾ തേടി പോയി

നേരത്തെ 80 ൽ ഏറെ ബീഫ് സ്റ്റാളുകൾ  ഉണ്ടായിരുന്നു ബീഫ് മാർക്കറ്റിനു അകത്ത് .മിക്കവയും പരമ്പരാഗതമായി കശാപ്പു ജോലിയും മാംസ വ്യാപാരവും നടത്തി പോന്നിരുന്ന കുടുംബങ്ങളുടേതായിരുന്നു . നിയമം മാറിയതോടെ അകത്തെ സ്റ്റാളുകൾ ഓരോന്നായി കാലിയായി . ഒരു സ്റ്റാളിൽ മൂന്നും  നാലും ജീവനക്കാർ ഉണ്ടായിരുന്നിടത്തു ഒരാള് മതിയെന്ന സ്ഥിതിയായി .ഈ രംഗത്ത് തൊഴിൽ നഷ്ടം തുടർക്കഥ ആയി .  ഇപ്പോൾ 20 ൽ താഴെ സ്റ്റാളുകൾ മാത്രമാണ്  ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് . ഗോ സംരക്ഷണ സേന 'വിജിലന്റ് 'ആയതോടെ കേസും വക്കാണവും ഒഴിഞ്ഞ നേരമില്ലെന്നായി . കുറെ അധികം കശാപ്പുകാരും  അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരുന്നവരും വേറെ ജോലികൾ തേടി പോയി. അനധികൃത മാംസ വില്പനയുണ്ടോയെന്നു ഇടയ്ക്കിടെ  പരിശോധന ഉണ്ടാകും . 

"എപ്പോഴും മൃഗങ്ങളുടെ വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കയ്യിൽ വെക്കണം . അധികൃതർക്ക് സംശയം തോന്നിയാൽ പോലും അന്നത്തെ ദിവസത്തെ കച്ചോടം പോക്കാണ് . ഞങ്ങളാരും ഗോമാംസം വിൽക്കുന്നില്ല ,കാള, പോത്ത് , എരുമയുമൊക്കെയാണ് ഇവിടെ അറുത്തിരുന്നത് . എല്ലാത്തിലും രാഷ്ട്രീയം കലർത്തി അസ്വസ്ഥത ഉണ്ടാക്കുകയാണ് സംഘ് പരിവാർ" . ബീഫ് മർച്ചന്റ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന അധ്യക്ഷൻ ഖാസിം ഷുഹൈബ് ഉർ റഹ്‌മാൻ ദ ഫോർത്തിനോട് പറഞ്ഞു

ഹലാൽ കട്ടും ജഡ്ക മാംസവും

ഇസ്ലാം മതവിശ്വാസികളായ കശാപ്പുകാർ  ഹലാൽ രീതിയിൽ അറുക്കുന്ന മാംസം ബഹിഷ്കരിക്കണമെന്ന സംഘ് പരിവാർ സംഘടനകളുടെ ആഹ്വാനവും ബീഫ് മാർക്കറ്റിനു തിരിച്ചടിയായി . ഹൈന്ദവ വിശ്വാസികൾക്ക് കഴി  ക്കാൻ പാകത്തിൽ ജഡ്ക മാംസം ലഭ്യമാക്കിയായിരുന്നു ഹിന്ദു ജനജാഗൃതി സമിതി പോലുള്ള സംഘടനകൾ ഹലാൽ ബഹിഷ്കരണ ആഹ്വാനവുമായി മുന്നോട്ട് പോയത് . മാംസത്തിന്റെ പേരിൽ ഉപഭോക്താക്കൾ ചേരി തിരിഞ്ഞതോടെ പ്രതിസന്ധിയായി ഇരട്ടിയായി . ഈ വക പ്രശ്നങ്ങൾക്കൊക്കെ നടുവിലാണ് നവതി പിന്നിട്ട ബ്രിട്ടീഷ് കാലത്തെ ബീഫ് മാർക്കറ്റെന്ന പരമ്പരാഗത മാംസ വില്പന കേന്ദ്രം . അപ്പോൾ കർണാടകയിൽ ഇപ്പോഴും ബീഫ് കിട്ടുമോയെന്നു  ചോദിച്ചാൽ കിട്ടും ദാ ഇങ്ങനെയൊക്കെ കിട്ടുമെന്നാണ് മറുപടി . കേരളത്തിലെ പോലെ ടെണ്ടർ ബീഫ് ഒന്നും പ്രതീക്ഷിക്കരുത് . 

logo
The Fourth
www.thefourthnews.in