ശിവസേനാ തർക്കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ശിവസേനാ തർക്കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവി പക്ഷത്തിന് തീപ്പന്തം ചിഹ്നം

മഹാരാഷ്ട്രയിലെ ശിവസേനാ പ്രതിസന്ധിയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. എക്‌നാഥ് ഷിന്‍ഡെ പക്ഷം യഥാര്‍ഥ ശിവസേനയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശിവസേന എന്ന പാര്‍ട്ടി പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുവദിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഉത്തരവ് പ്രകാരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ഉദ്ധവ് പക്ഷത്തിന് തീപന്തം ചിഹ്നമാണ് ലഭിക്കുക. ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രത്തിന്‌റെ വിജയമെന്ന് കമ്മീഷന്‍ തീരുമാനത്തോടെ ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

നിലവില്‍ ശിവസേനയില്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളെന്ന് 78 പേജുള്ള ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. 2018 ല്‍ ശിവസേനയുടെ ഭരണഘടന ഭേദഗതി ചെയ്‌തെങ്കിലും അത് ഇതുവരെ കമ്മീഷന് സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 55 ശിവസേനാ എംഎല്‍എമാരില്‍ ഷിന്‍ഡെക്ക് ഒപ്പമുള്ളവര്‍ക്ക് 76 ശതമാനം വോട്ട് ലഭിച്ചെന്നും താകക്‌റെയ്ക്ക് ഒപ്പമുള്ളവര്‍ക്ക് 23.5 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂവെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ട് 2022 ജൂണിലാണ് ഏക്‌നാഥ് ഷിന്‍ഡെ ശിവസേന പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും ഷിന്‍ഡെ മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷിന്‍ഡെയുടെ കലാപ നീക്കം. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും രണ്ട് നേതാക്കള്‍ക്ക് പിന്നാലെ അണിചേര്‍ന്നു. യഥാര്‍ഥ പാര്‍ട്ടി തങ്ങളുടേതെന്ന അവകാശവാദവുമായി ഇരുപക്ഷവും രംഗത്തെത്തിയിരുന്നു. എട്ട് മാസമായി നീണ്ട അവകാശ തര്‍ക്കത്തിനൊടുവിലാണ് ഷിന്‍ഡെ പക്ഷത്തിന് അനുകൂലമായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 55 ശിവസേനാ എംഎല്‍എമാരില്‍ ഷിന്‍ഡെക്ക് ഒപ്പമുള്ളവര്‍ക്ക് 76 ശതമാനം വോട്ട് ലഭിച്ചെന്നും താകക്‌റെയ്ക്ക് ഒപ്പമുള്ളവര്‍ക്ക് 23.5 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂവെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ശിവസേന എന്ന പേരും പാര്‍ട്ടി ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും തീപ്പന്തം ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് ബാലസാഹേബച്ചി ശിവസേന എന്ന പേരും വാളും പരിചയും ചിഹ്നവും അനുവദിക്കുകയും ചെയ്തു. പ്രദേശിക തിരഞ്ഞെടുപ്പിലടക്കം ഇങ്ങനെയാണ് ഇരുപക്ഷവും മത്സരിച്ചത്. പേരും ചിഹ്നവും ലഭിച്ചതോടെ ഏക്‌നാഥ് ഷിന്‍ഡെ മറാത്ത രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനാകും.

logo
The Fourth
www.thefourthnews.in