ഏകനാഥ് ഷിൻഡെ
ഏകനാഥ് ഷിൻഡെ

ഷിൻഡെയ്ക്ക് വാളും പരിചയും; ഇനി സ്വാധീനം തെളിയിക്കാനുള്ള പോര്

കഴി‍ഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിഭാഗത്തിന് പുതിയ പേരും ചിഹ്നവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് വാളും പരിചയും ചിഹ്നമായി അനുവദിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഗ്രൂപ്പിന് ബാലസാഹേബച്ചി ശിവസേന (ബാലാസാഹെബിന്റെ ശിവസേന) എന്ന പേരും കമ്മീഷൻ അനുവദിച്ചിരുന്നു.

ഏകനാഥ് ഷിൻഡെ
ഉദ്ധവിന് തീപ്പന്തം; ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഷിൻഡെ വിഭാഗം നിർദ്ദേശിച്ച "ധൽ തൽവാർ" സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ലെന്ന് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. കഴി‍ഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിഭാഗത്തിന് പുതിയ പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. താക്കറെ വിഭാഗത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാണ് പുതിയ പേര്. പുതിയ പാർട്ടി ചിഹ്നമായി തീപ്പന്തവും തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) അനുവദിച്ചിരുന്നു.

അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് കമ്മീഷന്റെ നടപടി. പിളർപ്പിന് ശേഷം ഇരുപക്ഷത്തിനും ജനപിന്തുണ തിരിച്ചറിയാനുള്ള ആദ്യ പരീക്ഷണം കൂടിയാണ് അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ ഏഴിനാണ് അന്ധേരിയിൽ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നേരത്തെ, ചിഹ്നം തങ്ങൾക്ക് അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ, ചിഹ്നത്തിൽ അവകാശവാദമുന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗവും രംഗത്തെത്തിയതോടെ ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു.

ഏകനാഥ് ഷിൻഡെ
'തീരുമാനം ഞങ്ങളെ കേള്‍ക്കാതെ'; ചിഹ്നം മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ താക്കറെ കോടതിയില്‍

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഏകനാഥ് ഷിൻഡെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ഇടക്കാല നടപടിയായാണ് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചിരിക്കുന്നത്. എന്നാൽ, അമ്പും വില്ലും മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് താക്കറെയുടെ വിഭാഗം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിഹ്നം മരവിപ്പിച്ചതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in