സവര്‍ക്കര്‍ vs ടിപ്പു
സവര്‍ക്കര്‍ vs ടിപ്പു

EXPLAINER | ആരായിരുന്നു സവര്‍ക്കറും ടിപ്പുവും? എന്തുകൊണ്ടാണ് ഇരുവരും വിവാദനായകന്മാരാകുന്നത്?

ശിവമോഗയിലെ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായത് സവര്‍ക്കറുടെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങളായിരുന്നു
Summary

സവര്‍ക്കറും ടിപ്പു സുല്‍ത്താനുമാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ശരിക്കും ആരായിരുന്നു സവര്‍ക്കറും ടിപ്പുവും? ശിവമോഗയിലെ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായത് സവര്‍ക്കറുടെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങളായിരുന്നു. എന്തുകൊണ്ടാണ് സവര്‍ക്കറും ടിപ്പുവും വിവാദനായകന്മാരാകുന്നത്? ഇവരെ ചരിത്രപരമായി തെറ്റായി അവതരിപ്പിക്കുകയാണോ, എന്താണ് യാഥാര്‍ത്ഥ്യം?

1883 മെയ് 28ന് മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു മറാട്ടി ബ്രാഹ്‌മണ കുടുംബത്തിലാണ് വി ഡി സവര്‍ക്കര്‍ അഥവാ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജനനം. ബ്രിട്ടനിലെ നിയമപഠനത്തിനിടയിലാണ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടക്കി അയക്കപ്പെടുന്നതും അറസ്റ്റ് ചെയ്യപ്പെടുന്നതും. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ബ്രിട്ടീഷ് അധികൃതര്‍ നിരോധിച്ചു. അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സവര്‍ക്കറെ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് ചെയ്ത് ബ്രീട്ടീഷുകാരെ ഏല്‍പ്പിക്കുകയായിരുന്നു. നാട്ടിലെത്തിച്ച സവര്‍ക്കറെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലയച്ചു. ഹിന്ദുത്വമെന്ന ആശയം വികസിപ്പിച്ചത് സവര്‍ക്കറാണ്. ഇന്ത്യയെന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടുന്ന രണ്ട് രാജ്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ആന്‍ഡമാനില്‍ കിടക്കുമ്പോള്‍ അദ്ദേഹം നിരവധി തവണ ബ്രിട്ടീഷ് സാമ്രാജ്യത്തിന് മാപ്പപേക്ഷ നല്‍കി. ബ്രീട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും യുവാക്കളെ ബ്രിട്ടനുവേണ്ടി സജ്ജമാക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മാപ്പപേക്ഷ. ജയില്‍മോചിതനായതിന് ശേഷം ഹിന്ദു മഹാസഭയില്‍ സവര്‍ക്കര്‍ സജീവമായി. ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഗോഡ്സെയും കൂട്ടരും സവര്‍ക്കറെ കണ്ടിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഗാന്ധി വധക്കേസില്‍ പ്രതിയായ സവര്‍ക്കര്‍ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയക്കപ്പെട്ടത്. എന്നാല്‍ ഗാന്ധി വധം അന്വേഷിച്ച കപൂര്‍ കമ്മീഷന്‍ സവര്‍ക്കര്‍ക്ക് ഗാന്ധി വധഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി.

സവര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യധാരയില്‍ ചര്‍ച്ചയാവുന്നത് എന്‍ഡിഎ സര്‍ക്കാര്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോഴാണ്. അന്നാണ് സവര്‍ക്കറിന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിച്ചത്. ഹിന്ദുത്വത്തിന്റെ ആചാര്യനെന്ന നിലയില്‍ ആര്‍എസ്എസ്സും ബിജെപിയും സവര്‍ക്കറെ വീര പുരുഷനായാണ് കാണുന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് ജയില്‍ മോചിതനായ, ഗാന്ധി വധക്കേസില്‍ പ്രതിയായ വ്യക്തിയായാണ് സവര്‍ക്കറെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.

ഇനി നമുക്ക് ടിപ്പു സുല്‍ത്താനിലേക്ക് വരാം.

മൈസൂരു ഭരിച്ചിരുന്ന വൊഡയാര്‍ രാജാക്കന്മാരുടെ സൈന്യാധിപനായിരുന്ന ഹൈദറലിയുടെ മൂത്ത പുത്രന്‍. 1750 നവംബര്‍ 20ന് ദേവനഹള്ളിയിലാണ് ടിപ്പുവിന്റെ ജനനം.1767ലെ ഒന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ പടയ്ക്കിറങ്ങുമ്പോള്‍ പ്രായം 17. പിന്നാലെ മറാത്തകള്‍ക്കെതിരായ യുദ്ധം.1782ല്‍ ഹൈദറലിയുടെ മരണത്തോടെ കിരീടവും വിശാല സാമ്രാജ്യവും ടിപ്പുവിന്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് നിരവധി തവണ പോരിനിറങ്ങിയ ടിപ്പു ഒരിക്കല്‍ പോലും അവരുമായി രഞ്ജിപ്പിന് തയ്യാറായില്ല.

ടിപ്പുവിനെതിരായ ഏറ്റവും വലിയ ആരോപണം അദ്ദേഹം ഹിന്ദുക്കളെ മതം മാറ്റുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത വര്‍ഗീയ വാദിയാണെന്നാണ്. ഇതിന്റെ വസ്തുതയെന്താണ്?

വര്‍ഗീയ വാദിയെന്ന് ആരോപിക്കപ്പെടുന്ന ടിപ്പു 156 ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റ് നല്‍കിയിരുന്നുവെന്നാണ് ചരിത്ര ഗവേഷകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സൈന്യത്തില്‍ കൂടുതലും ഹിന്ദുക്കളായിരുന്നു. അതില്‍ നിര്‍ണായക വിഭാഗം ശുദ്രരുമായിരുന്നു. ശ്രിംഗേരി മഠം ആക്രമിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പുനരുദ്ധാരണത്തിന് പണം നല്‍കി സഹായിച്ചതും ടിപ്പു തന്നെ. ശ്രീരംഗപട്ടണമെന്ന ക്ഷേത്ര നഗരം അദ്ദേഹത്തിന്റെ തലസ്ഥാനവുമായിരുന്നു. നഞ്ചോഗോട്ടുള്ള ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് 10,000 സ്വര്‍ണ നാണയങ്ങള്‍ നല്‍കിയതും ടിപ്പു സുല്‍ത്താനായിരുന്നു.

ചില ക്ഷേത്രങ്ങള്‍ അദ്ദേഹം ആക്രമിച്ചത് എതിരാളിയുടെ സമ്പത്ത് സൂക്ഷിച്ച പ്രദേശങ്ങള്‍ എന്ന നിലയിലായിരുന്നു. മതപരിവര്‍ത്തനം അടക്കം അദ്ദേഹം നേരിടുന്ന ആരോപണങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നാണ് ചരിത്രകാരന്മാരില്‍ പലരും പറയുന്നത്. 16 വര്‍ഷം മാത്രം ഭരിച്ച ടിപ്പു സുല്‍ത്താന്‍ ഇപ്പോഴും പലരുടേയും ഉറക്കം കെടുത്തുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ.

logo
The Fourth
www.thefourthnews.in