സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ;
തുറക്കുന്നത് സങ്കീർണ നിയമ യുദ്ധത്തിലേക്കുള്ള വാതിൽ

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ; തുറക്കുന്നത് സങ്കീർണ നിയമ യുദ്ധത്തിലേക്കുള്ള വാതിൽ

നിലപാടിലുറച്ച് ഗവർണർ ; കോടതിയിൽ നേരിടാൻ വി സി മാർ

വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട വിഷയം പരിഗണിക്കാൻ ഹൈക്കോടതി ദീപാവലി അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് നിശ്ചയിച്ചതോടെ എല്ലാ കണ്ണുകളും കോടതിയിലേക്കായി. ചാൻസലർ കൂടിയായ ഗവർണർ ഇന്ന് എന്ത് തീരുമാനമെടുത്താലും വൈകിട്ട് നാലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസിന്റെ പ്രാഥമിക വാദം കേട്ട ശേഷം പുറപ്പെടുവിക്കുന്ന വിധിക്കു വിധേയമായാകും അതിന്റെ നിലനിൽപ്.

കൊച്ചിയിൽ രാവിലെ നോട്ടീസ് ലഭിച്ച നാല് വൈസ് ചാൻസലർമാർ എത്തിയിരുന്നു. അവർ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തുകയും തുടർന്ന് ഒരു മുതിർന്ന അഭിഭാഷകൻ അവരുടെ ഹർജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സന്ദർശിച്ച് അഭ്യർഥിക്കുകയുമായിരുന്നു. അതെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ഹർജി കേൾക്കാനായി അദ്ദേഹം നിയോഗിക്കുന്നത്. നാല് മണിക്ക് കോടതിക്ക് മുൻപിൽ നോട്ടീസ് ലഭിച്ച ഒൻപത് വൈസ് ചാൻസലർമാരുടെയും ഹർജി എത്തുമെന്ന് അറിയുന്നു. 

സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളിലേക്ക് കടക്കാതെ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി സ്വാഭാവികനീതിയുടെ ലംഘനം ഉന്നയിച്ചു അനുകൂല വിധി നേടാനാണ് വിസിമാരുടെ ശ്രമം

വി സി മാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാലും അതിനും ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട് . ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പോലും പിരിച്ചുവിടണമെങ്കില്‍ നോട്ടീസ് നല്‍കി വിശദീകരണം തേടണമെന്നാണ് ചട്ടമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതും ഇത് ഉദ്ദേശിച്ചാണ്. അങ്ങനെയെങ്കില്‍ വി സിമാര്‍ക്ക് വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ വീണ്ടും സമയം അനുവദിക്കേണ്ടി വരും. എന്നാൽ രാജിവയ്ക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ചൂണ്ടിക്കാണിച്ച് ആറ് വി സി മാർ ഗവർണർക്ക് കത്ത് നൽകി കഴിഞ്ഞു . സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളിലേക്ക് കടക്കാതെ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി സ്വാഭാവികനീതിയുടെ ലംഘനം ഉന്നയിച്ചു അനുകൂല വിധി നേടാനാണ് വിസിമാരുടെ ശ്രമം.

സുപ്രീംകോടതി വിധി സാങ്കേതിക സര്‍വകലാശാലയ്ക്ക് മാത്രമാണ് ബാധകമെന്ന് ഊന്നിപറയാത്താതിനാല്‍ തന്നെ പൊതുവായ നിയമമായി കണക്കാക്കേണ്ടി വരുമെന്നാണ് രാജ്ഭവന്റെ വാദം

അതെ സമയം, സുപ്രീംകോടതി വിധി സാങ്കേതിക സര്‍വകലാശാലയ്ക്ക് മാത്രമാണ് ബാധകമെന്ന് ഊന്നിപറയാത്താതിനാല്‍ തന്നെ പൊതുവായ നിയമമായി കണക്കാക്കേണ്ടി വരുമെന്നാണ് രാജ്ഭവന്റെ വാദം. അതിനാല്‍ തന്നെ ഹൈക്കോടതി ഇടപെടലിനു പരിമിതികളുണ്ടെന്നും  രാജ് ഭവൻ വിലയിരുത്തുന്നു. പക്ഷെ വി സി മാരുടെ ഭാഗത്ത് നിന്ന് ഫണ്ട് ദുര്‍വിനിയോഗമോ മോശമായ പെരുമാറ്റമോ ഉണ്ടായാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വി സി മാരെ പുറത്താനാകൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടു തന്നെയാണ് ആദ്യഘട്ടത്തില്‍ വി സി മാര്‍ കോടതിയെ സമീപിക്കട്ടെയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതും . 

വിസിമാരുടെ ഹർജി പരിഗണിച്ചു ഒരു താത്കാലിക സ്റ്റേ അല്ലെങ്കിൽ തൽസ്ഥിതി ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കാനാണ് സാധ്യതകൾ ഏറെയും. പക്ഷെ, അത് സങ്കീര്‍ണമായ നിയമപോരാട്ടങ്ങളുടെ തുടക്കം മാത്രമാകും. 

സുപ്രീം കോടതി തന്നെ സമാന കേസുകളിൽ വിരുദ്ധമായ നിലപാട് സ്വീകരിച്ച സാഹചര്യം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കല്യാണി മതിവണ്ണൻ വേഴ്‌സസ് കെവി ജയരാജ് ആൻഡ് അതേർസ് (Kalyanji Mathivanan Vs. K.V. Jeyaraj and Ors.) കേസിൽ 2015-ഇൽ പുറപ്പെടുവിച്ച വിധിയിൽ എസ് ജെ മുഖോപാധ്യായ, എൻ വി രമണ എന്നിവർ അടങ്ങിയ ബെഞ്ച് യുജിസി ചട്ടങ്ങൾ സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടില്ലെങ്കിൽ, സംസ്ഥാന നിയമം ആണ് നിലനിൽക്കുന്നത് എന്ന് വിധിച്ചിരുന്നു. എന്നാൽ  2022 മാർച്ച് മൂന്നിന് ആണ് സുപ്രീം കോടതി ജഡ്ജിമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ ഗംഭീർദാൻ ഗാധ്വി  (Gambhirdan K Gadhvi  vs The State of Gujarat & Ors.) കേസിൽ വിധിച്ചത് യമനത്തിനായി സംസ്ഥാന നിയമം ഉണ്ടെങ്കിലും, യുജിസി ചട്ടങ്ങൾ ആണ് നിലനിൽക്കുകയെന്നാണ്. 

നിയമനം നടക്കുന്ന സമയത്ത് പ്രാബല്യത്തിലുള്ള വിധി കണക്കിലെടുത്താൽ ഗവർണർ നോട്ടീസ് നൽകിയ ഒൻപതിൽ എട്ട് വിസിമാരും ആദ്യത്തെ വിധിയുടെ ഗുണഭോക്താക്കളാകും. ശ്രീ ശങ്കര സർവകലാശാല വൈസ് ചാൻസലർ ഡോ എം വി നാരായൺന്റേ നിയമനം മാത്രമാണ് രണ്ടാമത്തെ വിധിക്കു ശേഷം നടന്നിരിക്കുന്നത്. 

ഹൈക്കോടതി വിധി എന്ത് തന്നെയായാലും കേസ് സുപ്രീം കോടതിയിലേക്ക് നീളും. വിഷയങ്ങളുടെ സങ്കീർണത കേസിനെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലേക്ക് നയിച്ചാലും അത്ഭുതപ്പെടാനില്ല. 

logo
The Fourth
www.thefourthnews.in