ബിജെപി ആരോപണം ശരിതന്നെ! ഇന്ദിരാ ഗാന്ധിയും ബിബിസിയെ വിലക്കിയിരുന്നു; പക്ഷെ കാരണമെന്തായിരുന്നു?

ബിജെപി ആരോപണം ശരിതന്നെ! ഇന്ദിരാ ഗാന്ധിയും ബിബിസിയെ വിലക്കിയിരുന്നു; പക്ഷെ കാരണമെന്തായിരുന്നു?

രണ്ട് ഡോക്യുമെന്ററികളുടെ പേരിലായിരുന്നു അന്നത്തേയും വിലക്ക്

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിച്ചുള്ള ഡോക്യുമെന്ററിക്ക് പിന്നാലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിനെ അയച്ച് പ്രതിരോധം തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഡോക്യുമെന്ററി നിരോധനത്തിന്റെ പേരില്‍ ഇന്ത്യയ്ക്കത്തും പുറത്തും കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കെയാണ് ഇന്ദിരാഗാന്ധി സര്‍ക്കാരും ബിബിസി ഡോക്യുമെന്ററിക്കെതിരെ നടപടിയെടുത്തിരുന്നുവെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ പറയുന്നത് പോലെ ഇന്ദിരാഗാന്ധിയും ബിബിസിയെ വിലക്കിയിട്ടുണ്ട്. അതും ഡോക്യുമെന്ററിയുടെ പേരില്‍ തന്നെ. ഒന്നല്ല, രണ്ട് തവണ.

എന്താണ് അന്നത്തെ വിലക്കിന് കാരണം ?

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വ്യക്തിയധിക്ഷേപമാണ് ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിയുടെ വിലക്കിന് പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ ഒരു ഭരണാധികാരി എന്ന നിലയിൽ മോദിയുടെ സമീപനങ്ങളാണ് വിമർശിക്കപ്പെട്ടത്. അത് ഇന്ത്യയ്ക്കെതിരെ എന്ന വാദമാണ് ബിജെപി ഉയർത്തുന്നത്.

എന്നാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തെ ബിബിസി വിലക്കിന് കാരണം രാജ്യത്തിനെതിരെന്ന് ആക്ഷേപിക്കപ്പെട്ട രണ്ട് ഡോക്യുമെന്ററികളായിരുന്നു. 1970കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് വിവാദമായ രണ്ട് ഡോക്യുമെന്ററികള്‍ ബിബിസിയില്‍ സംപ്രേഷണം ചെയ്യുന്നത്. പ്രശസ്ത ഫ്രഞ്ച് സംവിധായകനായ ലൂയിസ് മല്ലെയുടെ 'കല്‍ക്കട്ട', 'ഫാന്റം ഇന്ത്യ' എന്നിവയാണ് ബിബിസി വിലക്കിന് ആസ്പദമായ രണ്ട് ഡോക്യുമെന്ററികള്‍.

1968 നും 69 നും ഇടയിലായി കൊല്‍ക്കത്ത നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് 'കല്‍ക്കട്ട' ഡോക്യുമെന്ററി ചിത്രീകരിച്ചത്. കൊല്‍ക്കത്ത നഗരത്തിലെ തെരുവുകളേയും ജനങ്ങളേയും ആധാരമാക്കിയായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം. നഗരത്തിലെ ദാരിദ്ര്യം, ചേരികള്‍, ആചാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നു. രാജ്യത്തിന്റെ പിന്നാക്ക പ്രദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യയുടെ പക്ഷപാതപരമായ ചിത്രം വരച്ചിടുകയാണ് 'ഫാന്റം ഇന്ത്യ' എന്ന വിമര്‍ശനവും ഉയര്‍ന്നു.

ബിബിസിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കി

ഡോക്യുമെൻ്ററികൾക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമായതോടെ 1970 ഓഗസ്റ്റ് 29 ന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ബിബിസിയെ ഇന്ത്യയില്‍ നിന്നും പുറത്താക്കി. അടുത്ത 15 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ ഓഫീസ് അടച്ചു പൂട്ടുമെന്ന് ബിബിസി പ്രതിനിധികളായ മാര്‍ക്ക് ടുള്ളിയേയും റോണി റോബ്‌സനേയും അറിയിച്ചു. 1971 ല്‍ ബിബിസി ഇന്ത്യയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 1975 ല്‍ 41 കോണ്‍ഗ്രസ് എംപിമാര്‍ ബിബിസിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കി.

രാജ്യത്തെ മനഃപൂര്‍വം ബിബിസി അപമാനിക്കുകയാണെന്നും ബിബിസിയെ ഇന്ത്യയില്‍ സര്‍ക്കാര്‍ വിലക്കണമെന്നുമായിരുന്നു ആവശ്യം. രാജ്യത്തെ അപമാനിക്കാനുള്ള ഒരു അവസരവും ബിബിസി പാഴാക്കിയിട്ടില്ലെന്നും പ്രസ്താവനയില്‍ ആരോപിച്ചു. അങ്ങനെ 1975 ല്‍ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ ബിബിസി പുറത്താക്കപ്പെട്ടു.

തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ നിരോധനം നടപ്പിലാക്കിയതിനെയാണ്, മോദി എന്ന വ്യക്തിയുടെ സമീപനങ്ങൾക്കെതിരായ വിമർശനവുമായി സമീകരിച്ചുകൊണ്ട് ബിജെപിയും സഹയാത്രികരും ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in