എന്താണ് ആർട്ടിക്കിള്‍ 355; മണിപ്പൂരില്‍ അനുച്ഛേദം 355 ദുരുപയോഗപ്പെടുത്തിയോ?

എന്താണ് ആർട്ടിക്കിള്‍ 355; മണിപ്പൂരില്‍ അനുച്ഛേദം 355 ദുരുപയോഗപ്പെടുത്തിയോ?

അക്രമ സാഹചര്യം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് പതിനായിരത്തോളം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്

സംഘര്‍ഷത്തില്‍ അയവ് വരാതിരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ സുരക്ഷാ ചുമതലയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപ സമാനമായ സാഹചര്യം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് പതിനായിരത്തിലധികം വരുന്ന സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത് . ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 355 അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ചുമത്തപ്പെട്ടിരിക്കുകയാണ്.

എന്താണ് അനുച്ഛേദം 355? ഇന്ത്യന്‍ ഭരണഘടന പ്രകാരം എങ്ങനെയാണ് അത് ചുമത്തുന്നത്

അനുച്ഛേദം 352 മുതല്‍ 360 വരെയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പതിനെട്ടാം ഭാഗത്തില്‍ അടങ്ങിയിരിക്കുന്ന അടിയന്തര വ്യവസ്ഥകളുടെ ഭാഗമാണ് അനുച്ഛേദം 355. ഇവ വളരെ അടിയന്തരവും അപൂര്‍വവുമായ സാഹചര്യങ്ങളിൽ ഉപയോഗിക്കണമെന്നാണ് അനുച്ഛേദത്തിന്റെ വ്യവസ്ഥകളില്‍ പറയുന്നത്.

ഒരു സംസ്ഥാനത്ത് ആഭ്യന്തര കലഹം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് അനുച്ഛേദം 352 വഴിയോ അല്ലെങ്കില്‍ അനുച്ഛേദം 356 വഴി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും സംസ്ഥാനങ്ങളെ സംരക്ഷിക്കാനും എല്ലാ സംസ്ഥാനങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് 355ാം അനുച്ഛേദ പ്രകാരമാണ്.

ഒരു സംസ്ഥാനത്ത് ആഭ്യന്തര കലഹം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് അനുച്ഛേദം 352 വഴിയോ അല്ലെങ്കില്‍ അനുച്ഛേദം 356 വഴി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്

അതായത് രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് ബാഹ്യമോ ആഭ്യന്തരമോ ആയ ആക്രമണമുണ്ടായാല്‍ അതില്‍ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണ് ഈ അനുച്ഛേദം വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ഈ വ്യവസ്ഥയിലൂടെയാണ് സംരക്ഷിക്കേണ്ടത്. അനുച്ഛേദം 355 ന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയവര്‍ ഈ അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്.

1948 ല്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോള്‍ അനുച്ഛേദം 355 ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. 1949 സെപ്റ്റംബറിലാണ് അത് ചേര്‍ക്കുന്നത്. 277 എ എന്ന പേരിലാണ് അന്ന് അനുച്ഛേദം ചേര്‍ക്കുന്നത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 356 ന്റെ പ്രയോഗത്തിന് നിയമാനുസൃതമായ അടിസ്ഥാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഉള്‍പ്പെടുത്തിയത്.

അനുച്ഛേദം 355 ലൂടെ ഒരു സംസ്ഥാനത്തെ കലഹങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറുന്നു

ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് അറ്റകൈ പ്രയോഗമായി കണക്കാക്കുന്നതിനാല്‍ ഭരണഘടനാ ശില്‍പികള്‍ക്ക് അനുച്ഛേദം 355 ന്റെ ഉള്‍പ്പെടുത്തല്‍ ഒരു അനിവാര്യ ഘടകമാണെന്ന് തോന്നി. സംസ്ഥാനത്തിന് സ്വയം ഭരിക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നതിനാലാണ് ഈ അനുച്ഛേദത്തിന് ഇത്രയുമധികം പ്രധാന്യം നല്‍കിയത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുമ്പോള്‍ ആ സംസ്ഥാനം ഭരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല രാഷ്ട്രപതി ഭരണം ഏറ്റെടുക്കുമ്പോള്‍ ആ സംസ്ഥാനത്തിന്റെ അധികാരം നിയമനിര്‍മ്മാണ സഭയില്‍ നിന്ന് ദേശീയ പാര്‍ലമെന്റിലേക്ക് അധികാരം കൈമാറ്റപ്പെടുക കൂടി ചെയ്യും.

അതിനാല്‍ ഈ നിയമം ദുരുപയോഗപ്പെടാനുള്ള സാഹചര്യവും കൂടുതലാണ്. അനുച്ഛേദം 356 ല്‍ നിക്ഷിപ്തമായ അധികാരം അനുവദിച്ചതിനാല്‍ ഈ നിയമം ഒരിക്കലും ദുരുപയോഗം ചെയ്യപ്പെട്ടു കൂടാ എന്ന ഉദ്ദേശ്യത്തോടെയാണ് ഭരണഘടനാ ശില്‍പികള്‍ മറ്റൊരു അനുച്ഛേദത്തിന്റെ കൂടി ആവശ്യം ഉണ്ടെന്ന് കണ്ടെത്തുന്നത്. ഈ ആവശ്യം ഉയര്‍ന്ന് വന്നതോടെയാണ് അനുച്ഛേദം 355 നെ ഇതില്‍ ഉള്‍പ്പെടുത്തുന്നത്. അതായത് അനുച്ഛേദം 355 ലൂടെ ഒരു സംസ്ഥാനത്തെ കലഹങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാറുന്നു.

അനുച്ഛേദം 355 ഉം 356 ഉം നല്‍കുന്ന അധികാരങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് അന്നത്തെ ചര്‍ച്ചകളില്‍ ഡോ ബി ആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു

അനുച്ഛേദം 355 ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍

അനുച്ഛേദം 352 പ്രകാരം ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തുണ്ടാകുന്ന കലാപം സുരക്ഷയ്ക്ക് ഭീഷണിയായാല്‍ രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. യുദ്ധമോ സായുധ കലാപമോ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും.

ഭരണഘടനയുടെ പതിനാറാം ഭാഗത്തില്‍ പരാമര്‍ശിച്ചിട്ടുള്ള അടിയന്തരാവസ്ഥ എന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഭരണഘടനയുടെ കരട് നിര്‍മിക്കുമ്പോള്‍ തന്നെ നിര്‍മാതാക്കളിലുണ്ടായിരുന്നു. അനുച്ഛേദം 355 ഉം 356 ഉം നല്‍കുന്ന അധികാരങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് അന്നത്തെ ചര്‍ച്ചകളില്‍ ഡോ ബി ആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു. 1949 ആഗസ്റ്റില്‍ ഭരണഘടനാ അസംബ്ലിയുടെ ഒരു ചര്‍ച്ചയില്‍ ഒരു സംസ്ഥാനത്തിന്റെ ഭരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുന്‍പ് രാഷ്ട്രപതി എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന് അംബേദ്കര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 355, 356 പോലുള്ളവ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പ്രധാനമായും നിര്‍ദേശമുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇത് ഏകപക്ഷീയമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഏതെങ്കിലും സാഹചര്യത്തില്‍ ഭരണഘടനാ അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമായി നടപടികളുണ്ടായാല്‍ അത് പരിശോധിക്കാന്‍ പൗരന്മാര്‍ക്ക് കോടതികളെ സമീപിക്കാനും അവകാശമുണ്ട്.

ഏറെ മുന്‍കരുതലുകളും നിയമനടപടികളും സ്വീകരിക്കേണ്ട ഒരു നിയമനടപടിയെ വളരെ ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്

എന്നാല്‍ മണിപ്പൂരില്‍ ഇത് ഏകപക്ഷീയമായി ഉപയോഗിക്കപ്പെട്ടോ എന്ന വാദത്തിന് സംശയമേറുകയാണ്. എസ് ആര്‍ ബൊമ്മൈ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ, നാഗാ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ, സര്‍ബാനന്ദ സോനോവാള്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്നീ കേസുകളിലെല്ലാം കേന്ദ്ര സര്‍ക്കാരിന് ഇത് വ്യാപകമായി ഉപയോഗിക്കാന്‍ ആകില്ലെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. ഏറെ മുന്‍കരുതലുകളും നിയമനടപടികളും സ്വീകരിക്കേണ്ട ഒരു നടപടിയെ മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്

ഒരു സംസ്ഥാനത്ത് അനുച്ഛേദം 355 ചുമത്തുമ്പോള്‍ അത് പൊതു ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അങ്ങനെയൊരു അറിയിപ്പും മണിപ്പൂരിലുണ്ടായിട്ടില്ല. സംസ്ഥാനത്ത് അനുച്ഛേദം 355 നടപ്പാക്കിയെന്ന് ഭരണകക്ഷിയിലെ എംഎല്‍എ ട്വീറ്റ് ചെയ്യുമ്പോഴാണ് ജനങ്ങള്‍ അറിയുന്നത്. എംഎല്‍എയുടെ ട്വീറ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു. അതായത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് അനുച്ഛേദം 355 ഏകപക്ഷീയമായി ചുമത്തുകയായിരുന്നോ എന്നാണ് പ്രധാന സംശയം. അനുച്ഛേദം 355 ചുമത്തിയതിൽ ഔദ്യോഗികമായൊരു പ്രഖ്യാപനം കേന്ദ്ര സർക്കാരിൻറെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. ഈ നടപടികള്‍ ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്നതാണെന്നതാണ് ഉയരുന്ന പ്രധാന വിമർശനം

logo
The Fourth
www.thefourthnews.in