മുഹമ്മദ് സുബൈര്‍
മുഹമ്മദ് സുബൈര്‍

ക്രിമിനല്‍ നടപടിക്രമം ശിക്ഷയാകുന്നുവെന്ന് സുപ്രീംകോടതി; മുഹമ്മദ് സുബൈര്‍ ദുഷിച്ച നിയമ സമ്പ്രദായത്തിന്റെ ഇര

ട്വീറ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇറക്കുക സാധ്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി
Updated on
2 min read

ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ആളുകളെ ശിക്ഷിക്കരുതെന്നും നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെന്നും സുപ്രീംകോടതി. അറസ്റ്റ് ഒരു ശിക്ഷാ ഉപകരണമായി പ്രയോഗിക്കരുത്. ക്രിമിനല്‍ നടപടിക്രമം തന്നെ ശിക്ഷയാകുകയാണെന്നും അത്തരം ഒരു ദുഷിച്ച സമ്പ്രദായത്തില്‍ അകപ്പെട്ടിരിക്കുകയാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിലാണ് ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചത്. ട്വീറ്റുകളുടെ പേരില്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ആറ് എഫ്‌ഐആറുകളും ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ചേര്‍ക്കുകയും കേസ് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. പുറത്തിറങ്ങല്‍ വൈകാതിരിക്കാന്‍ വിധിയുടെ പ്രവര്‍ത്തനഭാഗ മാത്രമാണ് ജൂലൈ 20 ന് കോടതി പുറത്തുവിട്ടത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിശദവിധിയിലാണ് നിര്‍ണായകമായ പരാമര്‍ശങ്ങള്‍ ഉള്ളത്.

Supreme Court
Supreme Court

നീതി നിര്‍വഹണ സംവിധാനം മുഹമ്മദ് സുബൈറിനെതിരെ നിരന്തരം പ്രവര്‍ത്തിച്ചു എന്ന് ബോധ്യപ്പെടുന്നതാണ് തെളിവുകളെന്ന് കോടതി വിലയിരുത്തി. ഒരേ കുറ്റത്തിന്റെ പേരില്‍ വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ രാജ്യത്താകെ പല അന്വേഷണങ്ങള്‍ നേരിടേണ്ട സ്ഥിതിയുണ്ടായി. ഒരേ ട്വീറ്റുകളാണ് ഈ എഫ്‌ഐആറുകള്‍ക്ക് ആധാരമെന്ന് പരിഗണിക്കപ്പെട്ടില്ല. ഒരേ ആരോപണത്തില്‍ ജാമ്യം തേടാനും സ്വയം പ്രതിരോധിക്കാനും രണ്ട് സംസ്ഥാനങ്ങളിലായി വിവിധ കോടതികള്‍ കയറിയിറങ്ങുകയും നിരവധി അഭിഭാഷകരെ നിയോഗിക്കുകയും ചെയ്യണമെന്നായി സാഹചര്യം. ഇതോടെ മുഹമ്മദ് സുബൈറിന് ക്രിമിനല്‍ നടപടികള്‍ തന്നെ ശിക്ഷയായി മാറിയെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.

അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ ഏജൻസികളുടെ അധികാരം അനിയന്ത്രിതമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകരെ കാണാൻ അവസരം ഒരുക്കുന്നതടക്കം സിആര്‍പിസിയുടെ 41-ാം വകുപ്പ് അനുശാസിക്കുന്ന പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാകണം അറസ്റ്റെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി പറഞ്ഞു.

വ്യക്തികളെ ആരോപണങ്ങളുടെ പേരില്‍ മാത്രം ശിക്ഷിക്കരുത്. നീതിയുക്തമായ വിചാരണ ഉറപ്പാക്കണം. നിയമങ്ങള്‍ പരിഗണിച്ചും വിവേചനപരമായും അല്ല അറസ്‌റ്റെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാകും.

വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് അറസ്റ്റ്. അതിനാല്‍ അറസ്റ്റ് ഒരു ശിക്ഷാ ഉപകരണമായി പ്രയോഗിക്കരുത് - കോടതി വ്യക്തമാക്കി. ആരോപണങ്ങളുടെ പേരില്‍ മാത്രം വ്യക്തികളെ ശിക്ഷിക്കരുത്. നീതിയുക്തമായ വിചാരണ ഉറപ്പാക്കണം. നിയമങ്ങള്‍ പരിഗണിച്ചും വിവേചനപരമായും അല്ല അറസ്‌റ്റെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാകും. ക്രിമിനല്‍ നിയമങ്ങളും നടപടിക്രമങ്ങളും വ്യക്തികളെ ഉപദ്രവിക്കാനുള്ള ഉപകരണങ്ങളാകരുത്. ഏതൊരു ക്രിമിനല്‍ പക്രിയയിലും ഭരണകൂടത്തിന് ഒരു വ്യക്തിക്കെതിരെ പ്രയോഗിക്കാന്‍ വിഭവങ്ങള്‍ ഏറെയുണ്ടെന്ന യാഥാര്‍ഥ്യത്തില്‍ നിന്നാണ് സിആര്‍പിസി 41ാം വകുപ്പും മറ്റ് നിയമപരരക്ഷയും ഉറപ്പാക്കിയതെന്നും സുപ്രീംകോടതി വിധിയില്‍ ഓർമ്മിപ്പിച്ചു.

ഒരു പൗരനെന്ന നിലയില്‍ അഭിപ്രായ സ്വാതന്ത്ര്യം അവകാശമായിരിക്കെ അത് പ്രകടിപ്പിക്കരുത് എന്ന് ജാമ്യ വ്യവസ്ഥയില്‍ പറയാനാവില്ല. സുബൈര്‍ മാധ്യമ പ്രവര്‍ത്തകനും ഫാക്റ്റ്‌ചെക്ക് വെബ്‌സൈറ്റിന്റെ സഹസ്ഥാപകനും ആയതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അരോപണ വിധേയന്റെ ട്വീറ്റാണ് കേസുകള്‍ക്ക് ആധാരമെങ്കിലും , ട്വീറ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇറക്കുക സാധ്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു പൗരനെന്ന നിലയില്‍ അഭിപ്രായ സ്വാതന്ത്ര്യം അവകാശമായിരിക്കെ അത് പ്രകടിപ്പിക്കരുത് എന്ന് ജാമ്യ വ്യവസ്ഥയില്‍ പറയാനാവില്ല. സുബൈര്‍ മാധ്യമ പ്രവര്‍ത്തകനും ഫാക്റ്റ്‌ചെക്ക് വെബ്‌സൈറ്റിന്റെ സഹസ്ഥാപകനും ആയതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in