മുകുള്‍ റോത്തഗി
മുകുള്‍ റോത്തഗി

മുകുള്‍ റോത്തഗി അറ്റോര്‍ണി ജനറലായി തിരികെയെത്തുന്നു ; പ്രമാദമായ കേസുകള്‍ വാദിച്ച അഭിഭാഷകന്‍

ഒക്ടോബര്‍ ഒന്നിനാകും മുകുള്‍ റോത്തഗി ചുമതലയേറ്റെടുക്കുക

ഇന്ത്യയുടെ പതിനാറാമത് അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചുമതലയേല്‍ക്കും. രണ്ടാം തവണയാണ് റോത്തഗി അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഒക്ടോബര്‍ ഒന്നിനാകും അദ്ദേഹം ചുമതലയേറ്റെടുക്കുക. കെ കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് റോത്തഗി തിരികെയെത്തുന്നത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അഭിഭാഷക സ്ഥാനമാണ് അറ്റോര്‍ണി ജനറലിന്റേത്. 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ പതിനാലാമത് അറ്റോര്‍ണി ജനറലായി റോത്തഗി ചുമതലയേറ്റെടുത്തിരുന്നു. 67കാരനായ റോത്തഗി 2017 ജൂണില്‍ രാജിവച്ച് സ്വകാര്യ പരിശീലനത്തിലേക്ക് മടങ്ങി. പകരം കെ കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി നിയമിതനായി.

2020ല്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രായം പരിഗണിച്ച് സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് കെ കെ വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. മൂന്ന് വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ സ്ഥാനമൊഴിയാന്‍ 91കാരനായ കെ കെ വേണുഗോപാല്‍ തീരുമാനിച്ചു.

സുപ്രിം കോടതിയിലെ അഞ്ച് മുന്‍നിര അഭിഭാഷകരില്‍ ഒരാളാണ് മുകുള്‍ റോത്തഗി. 2017ല്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷവും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുന്നത് ഉള്‍പ്പടെയുള്ള തന്ത്രപ്രധാന നിയമ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അദ്ദേഹത്തോട് കൂടിയാലോചിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും റോത്തഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമാദമായ പല കേസുകളും വാദിച്ച ചരിത്രമാണ് മുകുള്‍ റോത്തഗിക്കുള്ളത്. ഗുജറാത്ത് കലാപ കേസ് മുതല്‍ ആര്യന്‍ ഖാന്റെ കേസ് വരെ അതിലുള്‍പ്പെടുന്നു. ഗുജറാത്ത് കലാപക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടിയായിരുന്നു റോത്തഗി ഹാജരായത്.

ആര്യന്‍ ഖാന്‍,മുകുള്‍ റോഹ്തഗി
ആര്യന്‍ ഖാന്‍,മുകുള്‍ റോഹ്തഗി

മുകുള്‍ റോത്തഗി വാദിച്ച പ്രധാന കേസുകള്‍ :

ഗുജറാത്ത് കലാപക്കേസ്

2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്ഐടി നടപടി ചോദ്യം ചെയ്തുള്ള കേസില്‍ എസ്ഐടിക്ക് വേണ്ടി ഹാജരായത് മുകുള്‍ റോത്തഗി ആയിരുന്നു. കലാപത്തിനിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമണത്തില്‍ മരിച്ച മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയാണ് എസ്ഐടി നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

ഫെയ്സ്ബുക്ക്-വാട്സ്ആപ്പ് സ്വകാര്യതാ കേസ്

വാട്സ്ആപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പുതുക്കിയ നയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ചൈതന്യ രോഹില്ലയായിരുന്നു ഹര്‍ജി നല്‍കിയത്. കേസില്‍ സോഷ്യല്‍ മീഡിയ ഭീമന്‍ന്മാരായ വാട്സ്ആപ്പിന് വേണ്ടി ഹാജരായത് മുകുള്‍ റോത്തഗിയും കപില്‍ സിബലും ഹരീഷ് സാല്‍വേയുമായിരുന്നു.

മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് കേസ്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായി ബന്ധപ്പെട്ട കേസില്‍ പരംബീറിനായി ഹാജരായത് മുകുള്‍ റോത്തഗി ആയിരുന്നു. പോലീസ് കമ്മിഷണറായിരിക്കെ ബാര്‍ ഉടമകളില്‍നിന്ന് 100 കോടിരൂപ പിരിച്ചെടുത്ത് നല്‍കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പരംബീറിന്റെ ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് തള്ളി. തുടര്‍ന്ന് അനില്‍ ദേശ്മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരംബീറിന്റെ ഹര്‍ജി.

ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന നിയമനകേസ്

ഡല്‍ഹി പോലീസ് കമ്മീഷണറായി മുന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും രാകേഷ് അസ്താനയ്ക്ക് വേണ്ടി മുകുള്‍ റോത്തഗി ഹാജരായി. രാകേഷ് അസ്താനയുടെ നിയമനം ശരിവെക്കുന്നതായിരുന്നു കോടതിവിധി.

വോഡാഫോണ്‍ - ഐഡിയ വരുമാന കുടിശ്ശിക കേസ്

ടെലികോം ഭീമനായ വോഡഫോണ്‍ - ഐഡിയയ്ക്ക് വേണ്ടി മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായത് കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാന കുടിശ്ശികയായ 58,254 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ്. കേസില്‍ എയര്‍ടെല്ലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും ടാറ്റയ്ക്ക് വേണ്ടി അരവിന്ദ് ദാതാറും ഹാജരായി.

മാട്രിക്സ് സെല്ലുലാര്‍ - ഓക്സിജന്‍ പൂഴ്ത്തിവെപ്പ് കേസ്

കോവിഡ് -19 ന്റെ രണ്ടാം തരംഗ സമയത്ത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനിയായിരുന്നു മാട്രിക്സ് സെല്ലുലാര്‍ കമ്പനി. പൂഴ്ത്തിവെച്ച കോണ്‍സെന്‍ട്രേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ വിട്ടുനല്‍കേണ്ടതില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കമ്പനിക്ക് വേണ്ടി ഹാജരായത് റോത്തഗിയായിരുന്നു. ഡല്‍ഹി പോലീസിന് യന്ത്രങ്ങള്‍ 'കേസ് പ്രോപ്പര്‍ട്ടി' ആയി കണ്ടുകെട്ടാനാകില്ലെന്നും അവ വിട്ടുനല്‍കാന്‍ വിസമ്മതിക്കുമെന്നും മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചിരുന്നു.

റിയ ചക്രബര്‍ത്തി-ബിഹാര്‍ സര്‍ക്കാര്‍ കേസ്

നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന റിയ ചക്രബര്‍ത്തിയുടെ ഹര്‍ജിയില്‍ ബിഹാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് മുകുള്‍ റോത്തഗിയാണ്. കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുന്നതുവരെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു റിയ ചക്രബര്‍ത്തിയുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് കേള്‍ക്കാതെ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കവീറ്റ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

താണ്ഡവ് വിവാദം

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകനും നിര്‍മാതാവിനും വേണ്ടി ഹാജരായത് മുകുള്‍ റോത്തഗിയാണ്. ചിത്രം ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

ആര്യന്‍ ഖാന്‍ കേസ്

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് വേണ്ടി ഹാജരായത്  മുകുള്‍ റോത്തഗി ഉള്‍പ്പെട്ട അഭിഭാഷക സംഘമായിരുന്നു. സതീഷ് മനേഷിണ്ഡെ, അമിത് ദേശായി എന്നിവരായിരുന്നു അഭിഭാഷക സംഘത്തിലെ മറ്റ് പ്രമുഖര്‍. 23 വയസ്സുകാരനായ ആര്യന്‍ മയക്കുമരുന്ന് ഉപഭോക്താവ് മാത്രമല്ല, അനധികൃത മയക്കുമരുന്ന് കടത്തലിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എതിര്‍ത്ത ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലായിരുന്നു മുകുള്‍ റോത്തഗിയുടെ വാദം. ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായി 25 ദിവസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം നേടിക്കൊടുത്തത് റോത്തഗിയായിരുന്നു.

logo
The Fourth
www.thefourthnews.in