ചീഫ് ജസ്റ്റിസ് എന്‍ വി രമണ
ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആവശ്യം: ചീഫ് ജസ്റ്റിസ്

പാഠ്യപദ്ധതിയിൽ ഭരണഘടനാ മൂല്യങ്ങൾ ഉൾപ്പെടുത്തണമെന്നും വിദ്യാർഥികളെ ഭരണഘടനയുമായി കൂടുതൽ അടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ. ഭരണഘടനയുടെ മൂല്യം ഓരോ പൗരനും അറിഞ്ഞിരിക്കണം. അതിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ് ചീഫ് ജസ്റ്റിസ്പറഞ്ഞു. വെള്ളിയാഴ്ച ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയുടെ 82-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികളെ ബോധപൂർവം തെരഞ്ഞെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാവണം വിദ്യാഭ്യാസത്തിന്റെ ആദ്യന്തിക ലക്ഷ്യം

ജനാധിപത്യ രാജ്യത്തിൽ, ഭരണഘടന പ്രചരിപ്പിക്കേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ ഭരണഘടനാ മൂല്യങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. "ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ എല്ലാവരുടെയും ധാരണയ്ക്കും ശാക്തീകരണത്തിനും വേണ്ടി ലളിതമാക്കേണ്ടതുണ്ട്. ഇത് എല്ലാ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തണം. വിദ്യാർഥികളെ ഭരണഘടനയുമായി ബന്ധിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. പങ്കാളിത്ത ജനാധിപത്യം വളരുമ്പോൾ രാജ്യം കൂടുതൽ അഭിവൃദ്ധിയാർജിക്കും. ജനപ്രതിനിധികളെ ബോധപൂർവം തെരഞ്ഞെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാവണം വിദ്യാഭ്യാസത്തിന്റെ ആദ്യന്തിക ലക്ഷ്യം- അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ
ജുഡീഷ്യറിക്ക് വിധേയത്വം ഭരണഘടനയോട് മാത്രം : ചീഫ് ജസ്റ്റിസ്

സംസാരത്തിലുടനീളം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞ സിജെഐ, ജനാധിപത്യത്തിന്റെ സുസ്തിരതയ്ക്ക് ബ​ഹുസ്വരതയെ മാനിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസം തൊഴിൽ നൈപുണ്യത്തിൽ മാത്രം ഒതുങ്ങരുതെന്നും, ജനാധിപത്യം വളർത്താനും വ്യക്തിപരവും സാമൂഹികവുമായ മാറ്റങ്ങളിലേക്ക് നയിക്കുന്നതുമാവണം ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.

തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദർരാജന്റെ സാന്നിധ്യത്തിൽ സർവകലാശാല, സിജെഐ രമണയ്ക്ക് ഡോക്ടർ ഓഫ് ലോസ് (ഹോണറിസ് കോസ) ബിരുദം നല്‍കി ആദരിച്ചു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഉജ്ജൽ ഭൂയാനും ചടങ്ങിൽ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in