സ്വവർഗ വിവാഹം നിയമപരമാക്കിയത് 30 ലേറെ രാജ്യങ്ങൾ

സ്വവർഗ വിവാഹം നിയമപരമാക്കിയത് 30 ലേറെ രാജ്യങ്ങൾ

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെങ്കിലും, സ്വവർഗ വിവാഹത്തിന് ഇന്ത്യയിൽ നിയമസാധുതയില്ല

സ്വവര്‍ഗ വിവാഹങ്ങളുടെ ഇന്ത്യയിലെ നിയമ സാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിഷയം പരിഗണിക്കുമ്പോള്‍ തീരുമാനം എന്തായാലും ഇന്ത്യന്‍ ചരിത്രത്തില്‍ അതൊരു നാഴികക്കല്ലായി മാറും. ആഗോള തലത്തില്‍ ഇതേ വിഷയത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍, ജനാധിപത്യ വിശ്വാസങ്ങള്‍ എന്നിവ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

സ്വവര്‍ഗ ബന്ധങ്ങളും ആഗോള കാഴ്ചപ്പാടും

സ്വവര്‍ഗ വിവാഹങ്ങളെ, അല്ലെങ്കില്‍ ബന്ധങ്ങളെ തുറന്ന മനസോടെ നോക്കിക്കണ്ട കാലമാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം. ആഗോള തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം മുപ്പതില്‍ അധികം രാജ്യങ്ങളാണ് 2001 ന് ശേഷം സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കിയത്. സ്വവര്‍ഗ ബന്ധങ്ങൾ നിയമപരമായി തന്നെ അംഗീകരിക്കപ്പെടുമ്പോള്‍ എല്‍ജിബിടിക്യൂ വിഭാഗങ്ങളുടെ ലൈംഗിക അവകാശങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്ന നില ഉണ്ടാകുന്നു.

ആദ്യ ചുവട് വച്ച് നെതര്‍ലൻഡ്സ്

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കിയ ആദ്യ രാജ്യമാണ് നെതര്‍ലൻഡ്സ്. 2001 ല്‍ ആയിരുന്നു നെതര്‍ലൻഡ്സ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. നെതര്‍ലൻഡ്സിന്റെ ചുവടുപിടിച്ച് 33 ഓളം രാജ്യങ്ങളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കി. ചിലി, സ്വിറ്റ്‌സര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് അവസാനം ഈ പട്ടികയില്‍ ഇടം പിടിച്ചത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പോലും സ്വവര്‍ഗ വിവാഹങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നതും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനെ അടയാളപ്പെടുത്തുന്നു. പാശ്ചാത്യ രാജ്യങ്ങളാണ് സ്വവര്‍ഗ ബന്ധങ്ങളെ അംഗീകരിച്ച രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലുള്ളത്. എന്നാല്‍ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളായ പത്ത് രാഷ്ട്രങ്ങളില്‍ പകുതി മാത്രമാണ് സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിക്കുന്നത്. കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക മേഖലയില്‍ സൗത്ത് ആഫ്രിക്ക, തായ്‌വാന്‍ എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.

വളരുന്ന സ്വീകാര്യത

മാറുന്ന ലോക ക്രമത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാണ് എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ഇ ഡബ്ല്യു റിസര്‍ച്ച് സെന്ററിന്റെ സര്‍വെ പ്രകാരം 34 രാജ്യങ്ങളിലെ 52 ശതമാനം പേര്‍ സ്വവർഗ ബന്ധങ്ങളെ അനുകൂലിക്കുന്നവരാണ്. സ്വീഡനാണ് ഇതിന്‍ മുന്‍പന്തിയിലുള്ളത്. സ്വീഡനിലെ 94 ശതമാനം ആളുകളും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ തയ്യാറാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎസ്ഒഎസ് എന്ന സ്ഥാപനം 2021 ല്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വെയോട് പ്രതികരിച്ച 70 ശതമാനം പേരും സ്വര്‍വഗ വിവാഹത്തെ അംഗീകരിക്കാന്‍ അതത് രാജ്യങ്ങള്‍ തയ്യാറാകണം എന്ന് നിലപാടുള്ളവരാണ്. കുട്ടികളെ ദത്ത് എടുക്കുന്നതിന് സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുമതി നല്‍കണം എന്ന നിലപാടുള്ളവരാണ് സര്‍വെയിൽ പ്രതികരിച്ച 61 ശതമാനം പേര്‍. ഇതേ സര്‍വെയോട് പ്രതികരിച്ച ഇന്ത്യയിലെ 66 ശതമാനം പേരും ദത്തിനെ അനുകൂലിക്കുന്നവരാണ്.

സ്വവര്‍ഗ ബന്ധങ്ങള്‍ കുറ്റകരമായി തുടരുന്ന 64 രാജ്യങ്ങള്‍

ലോകം മാറി ചിന്തിക്കാന്‍ തുടങ്ങുമ്പോഴും സ്വവര്‍ഗ വിവാഹങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന രാജ്യങ്ങളും കുറവല്ല. 64 രാജ്യങ്ങളില്‍ ഇന്നും സ്വവര്‍ഗ ബന്ധങ്ങള്‍ കുറ്റകരമാണ്. ചില രാജ്യങ്ങളില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്തരം ബന്ധങ്ങള്‍.

സ്വവര്‍ഗ ബന്ധങ്ങളും ഇന്ത്യയും

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പി ഇ ഡബ്ല്യു സര്‍വെയിഷ അഭിപ്രായം രേഖപ്പെടുത്തിയ 53 ശതമാനം പേരും ഗേ, ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ മെച്ചപ്പട്ട സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. 2011 ല്‍ 12 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു ഇത്തരം ഒരു നിലപാട് ഉണ്ടായിരുന്നത്.

എന്നാല്‍, സ്വവര്‍ഗ വിവാഹത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യയിലെ നഗര കേന്ദ്രീകൃത വരേണ്യവര്‍ഗത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതിയില്‍ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്. രാജ്യത്ത് നിലവിലുള്ള വിവാഹ സങ്കല്പങ്ങള്‍ക്ക് തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും. ഗ്രാമീണ, നഗര കേന്ദ്രീകൃത ജനങ്ങളുടെ കാഴ്ചപ്പാടുകളും വ്യക്തിഗത നിയമങ്ങളും മതവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കേന്ദ്രം പറയുന്നു. കൂടുതല്‍ അവകാശങ്ങള്‍ നല്‍കുക, ബന്ധങ്ങള്‍ അംഗീകരിക്കുക, അത്തരം ബന്ധങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുക എന്നിവ പാര്‍ലമെന്റിന്റെ അധികാരപരിധിയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

'ഭരണഘടനയുടെ ഷെഡ്യൂള്‍ ഏഴിലെ പട്ടിക മൂന്നിലെ എന്‍ട്രി 5-ന് കീഴിലുള്ള നിയമനിര്‍മാണ നയത്തിന്റെ കാര്യമാണ് ഇത്. നിയമനിര്‍മാണ സഭയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് '- കേന്ദ്രം വ്യക്തമാക്കി. നിയമ നിര്‍മാണ സഭയുടെ ഉത്തരവാദിത്വം പൗരന്മാരോടാണ്. അത് ജനഹിതത്തിന് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതാണ്. നിയമസഭ വിശാല വീക്ഷണങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി പരിഗണിക്കുന്ന വിഷയങ്ങള്‍

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം എന്ന് ഇന്ത്യയിലെ നിയമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും, സ്വവര്‍ഗ പങ്കാളികള്‍ക്ക് വിവാഹിതരുടെ നിയമമപരിരക്ഷ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സ്വവര്‍ഗ വിവാഹം നിയമപരമാക്കി ഇത് സാധ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുട്ടികളെ ദത്തെടുക്കുക, വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുക, സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശം ലഭിക്കുക, വരുമാന നികുതിയില്‍ ഇളവ് ലഭിക്കുക തുടങ്ങി വിവാഹിതര്‍ക്ക് ലഭിക്കുന്ന പരിഗണനയും ആനുകൂല്യങ്ങളും സ്വവർഗ പങ്കാളികള്‍ക്ക് ലഭിക്കുന്നില്ല. സ്വവർഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ചത് കൊണ്ട് മാത്രം തുല്യത ലഭിക്കില്ല. വീടുകളിലും ജോലി സ്ഥലങ്ങളിലുമടക്കം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇത് പ്രാബല്യത്തില്‍ വരണം. 1954 ലെ സ്പെഷ്യല്‍ മാരേജ് ആക്ട്, ഉഭയ ലിംഗ ദമ്പതികള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗ പങ്കാളികള്‍ക്കും ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, പി എസ് നര്‍സിംഹ, ഹിമ കോഹ്ലി, എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.

logo
The Fourth
www.thefourthnews.in