ഭൂമി കുംഭകോണക്കേസ്: സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്ത് ഇഡി; ബിജെപിക്ക് ഭയമെന്ന് ശിവസേന
സഞ്ജയ് റാവുത്ത്

ഭൂമി കുംഭകോണക്കേസ്: സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്ത് ഇഡി; ബിജെപിക്ക് ഭയമെന്ന് ശിവസേന

ആറുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ പത്ര ചൗള്‍ ഭൂമി കുംഭകോണക്കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം(2002) പ്രകാരമാണ് റാവുത്തിനെതിരായ നടപടി. റാവുത്തിനെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ റാവുത്തിന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത ഇഡി തിങ്കളാഴ്ച പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി

കിഴക്കന്‍ മുംബൈയിലെ പത്ര ചൗളിലെ വീടുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ റാവുത്തിന് പങ്കുണ്ടെന്നാണ് ആരോപണം. ഞായറാഴ്ച റാവുത്തിന്റെ ബംഗ്ലാവില്‍ നടത്തിയ തിരച്ചിലില്‍ 11.5 ലക്ഷം രൂപ പിടിച്ചെടുത്തതായും ഇഡി അറിയിച്ചിരുന്നു.

പരിശോധനയ്ക്ക് ശേഷം വൈകുന്നേരം 4 മണിയോടെ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക് മാറ്റിയ റാവുത്തിനെ തിങ്കളാഴ്ച പുലര്‍ച്ചയോടെ അറസ്റ്റ് ചെയ്തതായി ഇഡി അറിയിച്ചു. ആറുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നാണ് ശിവസേനയുടെ നിലപാട്

രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നാണ് ശിവസേനയുടെ നിലപാട്. അറസ്റ്റില്‍ ബിജെപിയെ കുറ്റപ്പെടുത്തി സഞ്ജയ് റാവുത്തിന്‍റെ സഹോദരനും ശിവസേന നേതാവുമായ സുനില്‍ റാവുത്ത് രംഗത്തെത്തി.

'ബിജെപിക്ക് സഞ്ജയ് റാവുത്തിനെ ഭയമാണ്, അതിന്റെ ഭാഗമാണ് ഈ അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു രേഖയും ഇഡി നല്‍കിയിട്ടില്ല'. എന്നും സഹോദരന്‍ സുനില്‍ റാവുത്ത് പറഞ്ഞു.

പരിശോധനയ്ക്ക് ഇ ഡി ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമാനമായ അരോപണം സഞ്ജയ് റാവുത്തും ഉന്നയിച്ചിരുന്നു. തെറ്റായ നടപടി എന്നായിരുന്നു ഇഡി നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

'തെറ്റായ നടപടി, തെറ്റായ തെളിവുകള്‍.. ഞാന്‍ ശിവസേന വിടില്ല.. മരിച്ചാലും കീഴടങ്ങില്ല' എന്നായിരുന്നു റാവുത്തിന്റെ പ്രതികരണം. അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്നും ശിവസേനയ്ക്ക് വേണ്ടി പോരാടുന്നത് തുടരും' റാവുത്ത് ട്വീറ്റ് ചെയ്തു.

ബിജെപിക്ക് സഞ്ജയ് റാവുത്തിനെ ഭയം
സുനില്‍ റാവുത്ത്

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മാതാവായ പ്രവീണ്‍ റാവുത്ത് അറസ്റ്റിലായിരുന്നു. ഏപ്രിലില്‍ സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിന്റെയും കൂട്ടാളി സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തും ഇഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in