വിചാരണ തടവ് നീണ്ടുപോവരുത്; ജാമ്യ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി

വിചാരണ തടവ് നീണ്ടുപോവരുത്; ജാമ്യ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി

വിചാരണ കോടതികളെപ്പോലെ തന്നെ ക്രിമിനൽ കോടതികളും സ്വാതന്ത്ര്യത്തിന്റെ കാവൽ മാലാഖമാരാണ്.

കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്ത് വിചാരണ തടവുകാരനായി പാര്‍പ്പിക്കുന്നതിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജാമ്യം അനുവദിക്കുന്നത് സുഗമമാക്കുന്നതിന് 'ബെയില്‍ ആക്ടിന്റെ' സ്വഭാവത്തില്‍ പ്രത്യേക നിയമം കൊണ്ടുവരാനും സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

സതേന്ദര്‍ കുമാര്‍ ആന്റില്‍ v/s സിബിഐ എന്ന കേസിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. രാജ്യത്തെ കോടതികള്‍ വിചാരണ തടവുകാരെ കൊണ്ട് നിറഞ്ഞിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.

വിവേചനരഹിതമായി ഇന്ത്യയില്‍ നടന്നു വരുന്ന അറസ്റ്റുകള്‍ കൊളോണിയല്‍ ചിന്താഗതികളെ പിന്തുടര്‍ന്നു വരുന്നതിന്റെ ഫലമാണെന്ന കുറ്റപ്പെടുത്തലോടെ ആയിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍. ഇത്തരത്തിലുളള അറസ്റ്റുകള്‍ ഇന്ത്യയെ നയിക്കുന്നത് പോലീസ് ഭരണകൂടത്തിലേക്കാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നാലെയായിരുന്നു കുറ്റാരോപിതനായ ഒരു മനുഷ്യനെ അനാവശ്യമായി അറസ്റ്റു ചെയ്യുന്നതില്‍ നിന്നും പോലീസിനെയും അന്വേഷണ ഏജന്‍സികളെയും തടയാന്‍ പുതിയ നിയമം രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

“ഇന്ത്യയിലെ ജയിലുകൾ വിചാരണ തടവുകാരാൽ നിറഞ്ഞിരിക്കുന്നു. തടവുകാരിൽ മൂന്നിൽ രണ്ടിലധികവും വിചാരണ തടവുകാരാണെന്നാണ് കണക്കുകൾ. ഈ വിഭാഗത്തിൽപ്പെട്ട തടവുകാരിൽ ഭൂരിഭാഗം പേർക്കെതിരെയും ചുമത്തിയിട്ടുള്ളത് ഏഴ് വർഷമോ അതിൽ താഴെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദരിദ്രരും നിരക്ഷരരും സ്ത്രീകളും അതിൽ ഉൾപ്പെടും” എന്നായിരുന്നു ജസ്റ്റിസ് സുന്ദ്രേഷിന്‍റെ പരാമര്‍ശം.

ജസ്റ്റിസ് എംഎം സുന്ദ്രേഷ്
ജസ്റ്റിസ് എംഎം സുന്ദ്രേഷ്

ഒരു വ്യക്തിയെ അന്യായമായി അറസ്റ്റ് ചെയ്യുന്നതിലൂടെ അയാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയായി അത് മാറുന്നു, ക്രൂരമായ നടപടിയാണത്. അറസ്റ്റിനെ ഒരു മർദിത ഉപകരണമായി കാണരുത്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടം പോലീസ് രാഷ്ട്രമാണ് ഭരിക്കുന്നതെന്ന ധാരണ ഒരിക്കലും ഉണ്ടാകരുതെന്നും സുപ്രീംകോടതി ഓർമ്മിച്ചിച്ചു. പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ ജാമ്യാപേക്ഷകളില്‍ രണ്ട് ആഴ്ചയ്ക്കകം തീരുമാനം ഉണ്ടാക്കണം. മൂന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ആറാഴ്ചയ്ക്കകം തീര്‍പ്പുണ്ടാവണം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിയെയും അറസ്റ്റുചെയ്യുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ സിആർപിസിയുടെ സെക്ഷൻ 41, 41എ എന്നിവ കർശനമായി പാലിക്കേണ്ടതുണ്ട്. അത് കൃത്യമായി ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധ്യതയുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന അനുമാനം ക്രിമിനൽ നിയമത്തിന്റെ പ്രധാന തത്വങ്ങളിൽ ഒന്നാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ചൂണ്ടിക്കാട്ടി കോടതി പറയുന്നു.

ഒരു വ്യക്തി കുറ്റകൃത്യം ചെയ്തതിന് വ്യക്തത വരുന്നത് വരെ അറസ്റ്റ് നിർബന്ധമല്ല. അറസ്റ്റിന്റെ ആവശ്യകതയുണ്ടെന്ന് ബോധ്യപ്പെടുമ്പോൾ മാത്രമേ ഇതിലേക്ക് കടക്കേണ്ടതുള്ളു. അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം രേഖപ്പെടുത്താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണെന്നും കോടതി പറഞ്ഞു.

സെക്ഷൻ 41, സെക്ഷൻ 41 എ എന്നിവ പാലിക്കാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതികൾ ശക്തമായി നിയമ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

വിചാരണ കോടതികളെപ്പോലെ തന്നെ ക്രിമിനൽ കോടതികളും സ്വാതന്ത്ര്യത്തിന്റെ കാവൽ മാലാഖമാരാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കോടതി ഒരു പുരോഹിതനെപ്പോലെ പ്രവർത്തിക്കേണ്ടതുണ്ട്. അതോടൊപ്പം ഉത്തരവാദിത്തത്തോടെ ഭരണഘടനാപരമായ തത്വങ്ങളെ ഉയർത്തിപ്പിടിക്കുകയും വേണം. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും നടപ്പിലാക്കുകയും വേണം. സ്വാതന്ത്ര്യത്തെ അവഹേളിക്കുന്ന സമീപനങ്ങള്‍ ക്രിമിനൽ കോടതികളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. ഭരണഘടനാ മൂല്യങ്ങളും ധാർമ്മികതയും സംരക്ഷിക്കുകയും സ്ഥിരമായ കാഴ്ചപ്പാട് നിലനിർത്തുകയും ചെയ്യേണ്ടത് ക്രിമിനൽ കോടതിയുടെ കടമയാണെന്നും സുപ്രീം കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in