സുപ്രീം കോടതി
സുപ്രീം കോടതി

ത്വലാഖേ ഹസന്‍ മുത്വലാഖിന് തുല്യമല്ല; സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് 'ഖുല്‍അ' ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

സ്ത്രീക്ക് 'ഖുല്‍അ'യിലൂടെ ഭര്‍ത്താവുമായി വേര്‍പിരിയാമെന്നും സുപ്രീം കോടതി

മുസ്ലീം വ്യക്തി നിയമ പ്രകാരമുള്ള വിവാഹ മോചന നടപടികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. മുസ്ലീം വ്യക്തിനിയമ പ്രകാരമുള്ള ത്വലാഖേ ഹസന്‍ ഉപയോഗിച്ചുള്ള വിവാഹമോചനം മുത്വലാഖിന് തുല്യമല്ലെന്നാണ് രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. 'ത്വലാഖേ ഹസന്‍' വഴി മുസ്ലീങ്ങളില്‍ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്കെ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ഒരോ മാസം ഓരോ ത്വലാഖ് വീതം ചൊല്ലിക്കൊണ്ട് 'ത്വലാഖേ ഹസന്‍' വഴി മുസ്ലീങ്ങളില്‍ വിവാഹമോചനം ചോദ്യം ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന എന്ന വനിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. 'ഏകപക്ഷീയമായ എക്‌സ്ട്രാ ജുഡീഷ്യല്‍ ത്വലാഖ്' അസാധുവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം വിവാഹമോചനം നല്‍കാം

വിവാഹമോചനത്തിന്റെ കാര്യത്തില്‍ വിവേചനം നിലനില്‍ക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലീം വ്യക്തി നിയമം അനുസരിച്ച് വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ത്വലാഖേ ഹസന്‍ അനുവദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ബന്ധം വേര്‍പെടുത്താന്‍ ഖുല്‍അ ഉപയോഗിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം വിവാഹമോചനം നല്‍കാമെന്ന് ജസ്റ്റിസുമാരായ എസ്കെ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മുത്വലാഖ് ഭരണഘടന വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും ത്വലാഖേ ഹസന്‍ വിഷയത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കേറ്റ് പിങ്കി ആനന്ദ് ചൂണ്ടിക്കാട്ടി. ഏപ്രില്‍ 19ന് സ്പീഡ് പോസ്റ്റിലൂടെ ഭര്‍ത്താവ് ത്വലാഖിന്റെ ആദ്യ നോട്ടീസും തുടര്‍ന്നുള്ള മാസങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നോട്ടീസും അയച്ചതായും ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

വിവാഹമോചനം എന്നത് പുരുഷന്മാര്‍ക്ക് മാത്രം പ്രയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ ത്വലാഖേ ഹസന്‍ വിവേചനപരമാണെന്നും ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങളുടെ ലംഘനവും ഏകപക്ഷീയവും ആയതിനാല്‍ ഈ ആചാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇസ്ലാമിക വിശ്വാസത്തില്‍ അനിവാര്യമായ ആചാരമല്ലെന്നും സ്ത്രീക്കും പുരുഷനും വിവാഹമോചനത്തിന് അവസരമുണ്ടെന്നുള്ള നിരീക്ഷണത്തിലാണ് കോടതി എത്തിയത്. ഹര്‍ജി ഓഗസ്റ്റ് 29ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in