യഥാര്‍ത്ഥ ശിവസേനയെന്ന അവകാശവാദങ്ങള്‍ക്കേറ്റ തിരിച്ചടി; ചിഹ്നം മരവിപ്പിച്ചതിന്റെ ആഘാതത്തില്‍ ഉദ്ധവ്, ഷിന്‍ഡെ ക്യാമ്പുകള്‍

യഥാര്‍ത്ഥ ശിവസേനയെന്ന അവകാശവാദങ്ങള്‍ക്കേറ്റ തിരിച്ചടി; ചിഹ്നം മരവിപ്പിച്ചതിന്റെ ആഘാതത്തില്‍ ഉദ്ധവ്, ഷിന്‍ഡെ ക്യാമ്പുകള്‍

ഉപതിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മറ്റൊരു ചിഹ്നം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതിരായി ഉദ്ധവ് പക്ഷം; നിയമ നടപടിക്കുള്ള സാധ്യതകള്‍ തേടി ഷിന്‍ഡെ ക്യാമ്പ്

ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയുടെ ആഘാതത്തിലാണ് ഉദ്ധവ് ക്യാമ്പും ഷിന്‍ഡെ ക്യാമ്പും. യഥാർത്ഥ ശിവസേനയെന്ന ഇരുകൂട്ടരുടേയും അവകാശവാദത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ തീരുമാനം. പിളര്‍പ്പിന് ശേഷം ശക്തി തെളിയിക്കാനുള്ള അവസരമായി കണക്കാക്കുന്ന കിഴക്കൻ അന്ധേരി ഉപതിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് നിര്‍ണായക തീരുമാനം ഇലക്ഷന്‍ കമ്മീഷനില്‍ നിന്നുണ്ടാകുന്നത്. നേരിട്ട് സ്ഥാനാര്‍ത്ഥിയെ ഇറക്കാത്തതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിനുണ്ടാകുന്ന തിരിച്ചടി ഷിന്‍ഡെ പക്ഷത്തിനുണ്ടാകില്ല.

ഷിൻഡെ പക്ഷം കൂടി പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിലും അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് ഒക്ടോബർ 8ന് ഉച്ചയോടെ വിശദീകരണം നൽകാൻ ഉദ്ധവ് താക്കറെയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചത്. സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ അവർ രേഖകൾ സഹിതം വിശദീകരണം നൽകി. ഷിൻഡെ വിഭാഗം സ്വമേധയായാണ് ശിവസേന വിട്ടത്. അതിനാൽ തന്നെ പേരിനോ ചിഹ്നത്തിനോ അവകാശവാദം ഉന്നയിക്കാൻ അവര്‍ക്കാകില്ലെന്ന് ഉദ്ധവ് പക്ഷം കമ്മീഷനെ അറിയിച്ചു . അയോഗ്യത ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഷിൻഡെ വിഭാഗത്തിന്റെ അവകാശവാദങ്ങളെ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടു.

പക്ഷെ, ഉദ്ധവ് താക്കറെയുടെ വിശദീകരണവും സമര്‍പ്പിച്ച രേഖകളുമെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' മരവിപ്പിച്ച് ഇന്നലെ തന്നെ തീരുമാനം പ്രഖ്യാപിച്ചു . ഇരു വിഭാ​ഗവും ചിഹ്നം ഉപയോ​ഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് നിർദേശിച്ചു. കൂടാതെ പാർട്ടിയുടെ പേര് പുതിയത് തിരഞ്ഞെടുക്കമെന്നും ആവശ്യപ്പെട്ടു.

കിഴക്കൻ അന്ധേരി ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ഉദ്ധവ് പക്ഷത്തിനാണ്. സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ചിഹ്നം പോലുമില്ലാതെ തിരഞ്ഞെടുപ്പിനിറങ്ങുന്നത് വലിയ വെല്ലുവിളിയാകും. എന്നാൽ ഷിൻഡെ പക്ഷത്തിന് മുൻപിൽ ഇനിയും സമയമുണ്ട്. കിഴക്കൻ അന്ധേരിയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് അവരുടെ തീരുമാനം. അതിനാൽ തന്നെ ഉപതിരഞ്ഞെടുപ്പിൽ ചിഹ്നം മാറുമെന്ന പ്രതിസന്ധി അവർക്ക് മുന്നിലില്ല.

നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന് സമയം കുറവായതിനാൽ ഇലക്ഷൻ കമ്മീഷന്റെ പട്ടികയിൽ നിന്ന് മൂന്ന് ചിഹ്നങ്ങളിലേതെങ്കിലും പരി​ഗണിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനമെന്നാണ് സൂചന. റെയിൽവേ എഞ്ചിൻ, ഈന്തപ്പന, വാളും പരിചയും എന്നിങ്ങനെ വ്യത്യസ്ത ചിഹ്നങ്ങൾ മുൻകാലങ്ങളിൽ ശിവസേന ഉപയോ​ഗിച്ചിരുന്നു. ഇതിലേതെങ്കിലും വീണ്ടും പരി​ഗണിക്കാനും സാധ്യതയുണ്ട്.

ചിഹ്നം മരവപ്പിച്ച തീരുമാനത്തിന് പിന്നാലെ ഏക്നാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് ആദിത്യ താക്കറെ രംഗത്തെത്തി. '' കോടികൾ സമ്പാദിച്ച രാജ്യദ്രോഹികൾ ശിവസേനയുടെ പേരും ചിഹ്നവും ഇല്ലാതാക്കുന്ന വൃത്തികെട്ട പ്രവര്‍ത്തികള്‍ ചെയ്തു . മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് സഹിക്കില്ല. ഞങ്ങൾ സത്യത്തിന്റെ പക്ഷത്താണ്. സത്യം മാത്രമേ വിജയിക്കൂ." - ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.

പാർട്ടിയിലെ ഭൂരിപക്ഷം കൂടെയുള്ളതിനാൽ പേരും ചിഹ്നവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏക്നാഥ് ഷിൻഡെ വിഭാ​ഗവും തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ അത‍ൃപ്തരാണ്. നിയമവിദ​ഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് അവരുടെ തീരുമാനം. അമ്പും വില്ലും അനുവദിച്ച് കിട്ടുന്നതിനായി മുന്നോട്ട് പോകുമെന്ന് ഷിൻഡെ ക്യാമ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു.

നവംബർ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ ലത്കെയെ മത്സരിപ്പിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം. രമേഷ് ലട്കെയുടെ മരണത്തെത്തുടർന്നാണ് കിഴക്കൻ അന്ധേരി ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്. കോൺഗ്രസും എൻസിപിയും റുതുജ ലത്കെയെ പിന്തുണയ്ക്കും. മുർജി പട്ടേലാണ് ഷിൻഡെ പക്ഷത്തിന്റേയും ബിജെപിയുടേയും സ്ഥാനാർഥി.

നേരത്തെ, ശിവാജി പാർക്കിൽ ദസറ റാലി നടത്തുന്നതിനുളള നിയമ പോരാട്ടത്തിൽ ഉദ്ധവ് താക്കറെ ക്യാമ്പ് വിജയിച്ചിരുന്നു. തിരിച്ചടി നേരിട്ടതോടെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ എംഎംആർഡിഎ ഗ്രൗണ്ടിലായിരുന്നു ഷിൻഡെ വിഭാഗത്തിന്റെ ദസറ റാലി.

logo
The Fourth
www.thefourthnews.in