കേന്ദ്ര തൊഴിലുറപ്പ് പദ്ധതി: ഫണ്ട് അനുവദിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കേന്ദ്ര തൊഴിലുറപ്പ് പദ്ധതി: ഫണ്ട് അനുവദിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധന ഒക്ടോബറില്‍ നടക്കും

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള ഫണ്ട് അനുവദിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. അഞ്ച് നിര്‍ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ദേശീയ ഗ്രാമീണ വികസന മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഒക്ടോബറില്‍ വിലയിരുത്തുമെന്നും ഗ്രാമീണ വികസന മന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന് ഫണ്ട് നല്‍കുന്നതിന് തടസ്സമില്ലെന്നും ഗിരിരാജ് സിങ് വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗിരിരാജ് സിങ്
ഗിരിരാജ് സിങ്

കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അഞ്ച് മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവയാണ് :

1. സോഷ്യല്‍ ഓഡിറ്റ്

എല്ലാ ഗ്രാമ പഞ്ചായത്തുകളും സോഷ്യല്‍ ഓഡിറ്റിനായി ഒരു സ്വതന്ത്ര ഡയറക്ടറും അംഗങ്ങളുമടങ്ങുന്ന യൂണിറ്റിനെ നിയമിക്കുകയും ഓഡിറ്റ് റിപ്പോര്‍ട്ട് സമയബന്ധിതമായി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരിക്കണം.

2.ഓംബുഡ്‌സ് പേഴ്‌സണ്‍

പദ്ധതിയുടെ നിലവിലുള്ള ആക്ട് പ്രകാരം എല്ലാ ജില്ലകളിലും എത്രയും പെട്ടെന്ന് ഓംബുഡ്‌സ്മാനെ നിയമിക്കണം.

3.നാഷണല്‍ മൊബൈല്‍ മോണിട്ടറിംഗ് സിസ്റ്റം

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍ തൊഴിലിടങ്ങളില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ചിത്രങ്ങളുള്‍പ്പെടെ സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യണം.

4.ഏരിയ ഓഫീസര്‍ മോണിട്ടറിംഗ് വിസിറ്റ് ആപ്

എല്ലാ ഉദ്യോഗസ്ഥരും സൈറ്റുകള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യണം

5.വാട്ട്‌സാപ് ഗ്രൂപ്പുകള്‍

എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാട്ട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി വിവരങ്ങളും ഷെയര്‍ ചെയ്യുക.

തൊഴിലുറപ്പ് പദ്ധതിയില്‍ വലിയ നഷ്ടം സംഭവിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിനിടെ വന്‍തോതില്‍ പണം പാഴായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കടുത്ത നടപടി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതിയിലാണ് സാമ്പത്തിക നഷ്ടം കണ്ടെത്തിയത്. ഇടനിലക്കാരിലൂടെയും മറ്റു വഴികളിലൂടെയും സര്‍ക്കാരിന് കൂടുതല്‍ പണം ചെലവായെന്നാണ് വിലയിരുത്തല്‍.

നിലവിലെ സാമ്പത്തികവര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അനുവദിക്കുന്ന തുകയെക്കാള്‍ 25 ശതമാനം കുറഞ്ഞ തുകയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് അനുവദിക്കുന്ന തുക. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73,000 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 93,000 കോടി രൂപയായിരുന്നു തുക.

രാജ്യത്ത് ഗ്രാമീണ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് വര്‍ഷം കുറഞ്ഞത് 100 തൊഴില്‍ ദിവസങ്ങളെങ്കിലും ഉറപ്പാക്കാനാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. ആദ്യ കൊവിഡ് ലോക് ഡൗണ്‍ കാലത്ത് തൊഴിലുറപ്പ് പദ്ധതിയ്ക്കു വേണ്ടിയുള്ള തുക കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. അത് വരെയുള്ളതില്‍ ഏറ്റവും കൂടിയ തുകയാണ് അന്ന് നീക്കി വെച്ചത്. ബജറ്റ് വിഹിതം 61,500 രൂപയാണെങ്കിലും 1.11 ലക്ഷം കോടി രൂപ അനുവദിക്കുന്ന സാഹചര്യമുണ്ടായി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷവും ബജറ്റ് തുകയെക്കാള്‍ അധികം തുക അനുവദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in