കർണാടകാ തിരഞ്ഞെടുപ്പ് 2023
കർണാടകാ തിരഞ്ഞെടുപ്പ് 2023

കർണാടകയിൽ 73.19 ശതമാനം പോളിങ്, സർവകാല റെക്കോർഡ്

കൂട്ടിയും കിഴിച്ചും രാഷ്ട്രീയ പാർട്ടികൾ , ഫലം ശനിയാഴ്ച

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിങ്ങെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്താണ്  വോട്ടെടുപ്പ് അവസാനിച്ച്  24 മണിക്കൂറിന് ശേഷം അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ടത്. 2018 ൽ 72.44 ശതമാനം ആയിരുന്നു പോളിങ്.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പോളിങ് നടന്നത് ചിക്കബല്ലാപുര ജില്ലയിലാണ്. 85.56 ശതമാനം വോട്ടുകളാണ് ജില്ലയിൽ പെട്ടിയിലായത്. ചിക്കബല്ലാപുരക്ക് തൊട്ടു പിന്നിൽ ബെംഗളുരു റൂറൽ ജില്ലയാണ്. ഏറ്റവും കുറവ് പോളിങ് നടന്നത് തലസ്ഥാന നഗരമായ ബെംഗളുരുവിലും. ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത്  52.33 ശതമാനം വോട്ടുകളാണ്. പതിവായി പോളിങ് ശതമാനം കുറവ് രേഖപ്പെടുത്താറുള്ള ഇടമാണ് ബെംഗളൂരു പട്ടണ പ്രദേശം.

കർണാടകാ തിരഞ്ഞെടുപ്പ് 2023
കർണാടകാ തിരഞ്ഞെടുപ്പ് 2023

ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയ മണ്ഡലം ബെംഗളൂരു റൂറലിൽ ഉൾപ്പെടുന്ന ഹൊസക്കോട്ടെയാണ് . ഈ മണ്ഡലത്തിലെ 90.99  ശതമാനം  വോട്ടർമാരും സമ്മതിദാനവകാശം വിനിയോഗിച്ചു. കോലാറിലെ മാലൂർ മണ്ഡലത്തിൽ 89.7 ശതമാനവും മണ്ടിയയിലെ നാഗമംഗലയിൽ 89 ശതമാനവും വോട്ടുകൾ പോൾ ചെയ്തു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മന്ത്രി വി സോമണ്ണയും ഏറ്റുമുട്ടിയ തീപാറും പോരാട്ടം നടന്ന വരുണയിൽ 84.74  ശതമാനമാണ് പോളിങ് . കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും മന്ത്രി ആർ അശോകും ഏറ്റുമുട്ടിയ കനക്പുരയിൽ 84.42 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു. ജഗദീഷ് ഷട്ടർ മത്സരിച്ച ഹുബ്ബള്ളി ധാർവാർഡ് സെൻട്രൽ മണ്ഡലത്തിൽ പോളിങ് ശതമാനം 64.14 ൽ  ഒതുങ്ങി.

 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വർധനയാണ് പോളിങ് ശതമാനത്തിൽ ഉണ്ടായിരിക്കുന്നത് . അന്ന് തൂക്കുസഭയ്ക്കായിരുന്നു ജനം വിധി എഴുതിയത്. ഇത്തവണയും ഏറെക്കുറെ സമാന രീതിയിൽ വിധി വരുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്.

കർണാടകാ തിരഞ്ഞെടുപ്പ് 2023
കർണാടകാ തിരഞ്ഞെടുപ്പ് 2023

2018 ൽ ബിജെപി ആയിരുന്നു 104 സീറ്റുകൾ നേടി സംസ്ഥാനത്ത്‌ ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്കിൽ ഇത്തവണ അത് കോൺഗ്രസ് ആകുമെന്ന വ്യത്യാസമാണ് ഉണ്ടാകുക. ഭരണ വിരുദ്ധ വികാരം അലയടിച്ചതോടെ കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുവിഹിതത്തിൽ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്ന് പ്രവചനങ്ങൾ പറയുന്നു. 2018 ൽ കോൺഗ്രസിന് 38 .14 ശതമാനം വോട്ടുവിഹിതവും ബിജെപിക്ക്  36.35 ശതമാനം വോട്ടുവിഹിതവുമാണ് ലഭിച്ചത്. എന്നാൽ ഇത്തവണ വോട്ടു വിഹിതത്തിൽ ആറ്  മുതൽ  എട്ടു ശതമാനം വരെ വ്യത്യാസം വരുമെന്നാണ് പ്രവചനം.

ശനിയാഴ്ച കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരും. പോളിങ് ശതമാനം വല്ലാതെ ഉയരാത്തത് ഭരണ വിരുദ്ധ വികാരം ഇല്ലാത്തതിന്റെ സൂചനയാണെന്ന ആശ്വാസത്തിലാണ്‌ ബിജെപി.

logo
The Fourth
www.thefourthnews.in