കർണാടകയിൽ പാളിയ ബി ജെ പി തന്ത്രങ്ങൾ; കണക്കുകൾ പറയുന്നത്

കർണാടകയിൽ പാളിയ ബി ജെ പി തന്ത്രങ്ങൾ; കണക്കുകൾ പറയുന്നത്

പ്രധാനമായും രണ്ടിടങ്ങളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. കോൺഗ്രസുമായി അടുക്കുന്നതിൽനിന്ന് പ്രബല വിഭാഗങ്ങളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെ പ്രതിരോധിക്കാനായില്ലെന്നതാണ് ആദ്യ പരാജയം

കർണാടക തിരഞ്ഞെടുപ്പിൽ ബി ജെ പിക്കേറ്റ കനത്ത പ്രഹരം പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ തോൽവി, ബിജെപി പല സംസ്ഥാനങ്ങളിലും പയറ്റിത്തെളിഞ്ഞ തന്ത്രങ്ങൾ പാളിത്തുടങ്ങുന്നതിന്റെയും മോദിപ്രഭാവം മങ്ങുന്നതിന്റെയും സൂചനയായുമുള്ള വിലയിരുത്തലുകൾ വന്നുകഴിഞ്ഞു.

പ്രധാനമായും രണ്ടിടങ്ങളിലാണ് ബി ജെ പിക്ക് തിരിച്ചടി നേരിട്ടത്. പ്രബല വിഭാഗങ്ങളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെ കോൺഗ്രസുമായി അടുക്കുന്നതിൽനിന്ന് പ്രതിരോധിക്കാനായില്ലെന്നതാണ് ആദ്യത്തെ പരാജയം. പാർട്ടിക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകൾ ബി ജെ പി വിമതർ പിടിച്ചെടുക്കുന്നത് തടയാനായില്ലെന്നതാണ് മറ്റൊന്ന്.

മുഖ്യമന്ത്രിയെ മാറ്റിയിട്ടും രക്ഷയുണ്ടായില്ല

ഗുജറാത്തിലും ത്രിപുരയിലും ഉൾപ്പെടെ ഭരണവിരുദ്ധവികാരത്തെ തണുപ്പിക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യമന്ത്രിമാരെ മാറ്റുന്ന തന്ത്രവും കർണാടകയിൽ പ്രയോഗിച്ചെങ്കിലും തീരുമാനം തിരിച്ചടിച്ചു. കൂടാതെ ജനസന്ധാരണത്തെ ബാധിക്കുന്ന വിഷയങ്ങൾ മാറ്റാൻ ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കിയതും ഫലം കണ്ടില്ല.

ദക്ഷിണേന്ത്യയിലെ ബി ജെ പിയുടെ ഹിന്ദുത്വ പരീക്ഷണശാലയായ കർണാടകയിൽ ഹിജാബ് നിരോധനം, മുസ്ലിം വിഭാഗത്തിന്റെ സംവരണം എടുത്തുകളയുക, കേരളാ സ്റ്റോറിയുടെ മറവിൽ 'ലവ് ജിഹാദ്' പ്രചാരണം എന്നിങ്ങനെയെല്ലാം നടപ്പാക്കി. എന്നാൽ വിഭജന തന്ത്രങ്ങൾക്ക് വിചാരിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്നത് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഹിജാബ് നിരോധനത്തിന് പിന്നിൽ പ്രവർത്തിച്ച, പാഠപുസ്തകങ്ങളിലെ ചരിത്രങ്ങൾ തിരുത്തിക്കുറിക്കാൻ മുന്നിട്ടിറങ്ങിയ ബസവരാജ്‌ ബൊമ്മ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് തുമകുരുവിലെ പരാജയപ്പെടുകയും ചെയ്തു.

മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരിയപ്പയെ കാലാവധി തികയും മുൻപ് പുറത്താക്കിയതിലൂടെ ലിംഗായത്ത് സമുദായത്തോട് ബി ജെ പി വഞ്ചന കാട്ടിയെന്ന കോൺഗ്രസിന്റെ പ്രചാരണം ഫലം കണ്ടുവെന്ന് വേണം കരുതാൻ

കോൺഗ്രസിന്റെ വിജയം കണ്ട ജാതി സമവാക്യം

ഇത്തവണ ജാതി വോട്ടുകൾ പ്രത്യേകിച്ചും ന്യൂനപക്ഷ, ദളിത്, പിന്നാക്ക വിഭാഗങ്ങളെ കൂടെനിർത്താൻ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ കോൺഗ്രസിനായി. 'അഹിന്ദ' രാഷ്ട്രീയം കൃത്യമായി ഫലം കണ്ടു. ബ്രാഹ്മണ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചത്.

ഡികെ ശിവകുമാർ, സിദ്ധരാമയ്യ
ഡികെ ശിവകുമാർ, സിദ്ധരാമയ്യ

പട്ടികജാതി/വർഗ സ്ഥാനാർത്ഥികൾ മത്സരിച്ച സീറ്റുകളിൽ ശ്രദ്ധേയമായ നേട്ടമാണ് കോൺഗ്രസ് കരസ്ഥമാക്കിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെട്ട എസ് സി (വലത്) വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികളെ ഉന്നം വച്ചായിരുന്നു കോൺഗ്രസിന്റെ പ്രധാന നീക്കം. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പട്ടികജാതി/വർഗ സംവരണ സീറ്റുകളിൽ 15 എണ്ണത്തിൽ കൂടുതൽ നേടാൻ കോൺഗ്രസിനായി. ബി ജെ പിയ്ക്ക് പത്തെണ്ണം നഷ്ടമാകുകയും ചെയ്തു. ഒൻപത് ശതമാനത്തോളം വോട്ട് വിഹിതമാണ് കോൺഗ്രസിന് എസ് സി/എസ് ടി വിഭാഗങ്ങൾക്കിടയിൽ ഇത്തവണ വർധിച്ചതെന്നതും എടുത്തുപറയേണ്ടതാണ്.

ഭരണവിരുദ്ധവികാരത്തെ തണുപ്പിക്കാൻ പുതിയ മുഖങ്ങളെ അവതരിപ്പിക്കുകയായിരുന്നു ബി ജെ പിയുടെ പദ്ധതി

ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലേക്ക്

ലിംഗായത്ത് വോട്ടുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞതാണ് വമ്പൻ വിജയത്തിന് പിന്നിലുള്ള മറ്റൊരു കാരണം. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരേ സമുദായത്തിൽനിന്നുള്ള സ്ഥാനാർത്ഥികളെ നിർത്തിയ മണ്ഡലങ്ങളിൽ കൂടുതലും വിജയം കോൺഗ്രസിനൊപ്പമായിരുന്നു. അങ്ങനെ മത്സരമുണ്ടായ 102 മണ്ഡലങ്ങളിൽ 32 സീറ്റിൽ വിജയം തിരിച്ചുപിടിക്കാൻ കോൺഗ്രസിനായി. ബിജെപിക്കാകട്ടെ കയ്യിലുണ്ടായിരുന്ന കഴിഞ്ഞ 19 മണ്ഡലങ്ങൾ നഷ്ടമാകുകയും ചെയ്തു.

ബി എസ് യെദ്യൂരിയപ്പ
ബി എസ് യെദ്യൂരിയപ്പ

കോൺഗ്രസ് മത്സരിപ്പിച്ച ലിംഗായത്ത് നേതാക്കൾ പ്രധാനമായും ഉത്തര കർണാടകയിൽ, മികച്ച മുന്നേറ്റമാണുണ്ടാക്കിയത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരിയപ്പയെ കാലാവധി തികയും മുൻപ് പുറത്താക്കിയതിലൂടെ ലിംഗായത്ത് സമുദായത്തോട് ബിജെപി വഞ്ചന കാട്ടിയെന്ന കോൺഗ്രസിന്റെ പ്രചാരണം ഫലം കണ്ടുവെന്ന് വേണം കരുതാൻ. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറിനും ലക്ഷ്മൺ സവദിക്കും ബിജെപി സീറ്റ് നിഷേധിച്ചതുമെല്ലാം കോൺഗ്രസിന്റെ പ്രചാരണത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായി.

38 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ബി ജെ പിയുടെ ലിംഗായത്ത് സ്ഥാനാർഥികൾക്കെതിരെ അതേ സമുദായത്തിൽനിന്നുള്ളവരെ മത്സരിപ്പിച്ചത്. അതിൽ 29 ഇടങ്ങളിലും കോൺഗ്രസിന് വിജയം നേടാനായി. കഴിഞ്ഞ തവണ 14 സീറ്റുകളിൽ മാത്രമേ ഈ നേട്ടം നേടാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നുള്ളൂവെന്നത് കൂടി അറിയുമ്പോഴാണ് നേട്ടത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്.

വിമതരും മറുപക്ഷത്തേക്ക് കളംമാറ്റി ചവിട്ടിയവരും

ബി ജെ പിക്ക് കർണാടകയിൽ ലഭിച്ച അടിയുടെ ആക്കം കൂട്ടിയവരിൽ മേല്പറഞ്ഞ രണ്ട് വിഭാഗങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഭരണവിരുദ്ധ വികാരത്തെ തണുപ്പിക്കാൻ പുതിയ മുഖങ്ങളെ അവതരിപ്പിക്കുകയായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ ഈ തീരുമാനം പാളിയെന്ന് മാത്രമല്ല വലിയ തിരിച്ചടിയാണ് പാർട്ടിക്ക് സമ്മാനിച്ചത്. ഗുജറാത്തിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും മധ്യപ്രദേശിലുമെല്ലാം സമാന തന്ത്രം വിജയിച്ചിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലായിരിക്കണം കർണാടകയിൽ ആവനാഴിയിലുണ്ടായിരുന്ന 'പുതിയ മുഖം' തന്ത്രവും പുറത്തെടുത്തത്.

ലക്ഷമൺ സവദി, ജഗദീഷ് ഷട്ടാർ
ലക്ഷമൺ സവദി, ജഗദീഷ് ഷട്ടാർ

എം എൽ എമാരായിരുന്ന 21 പേർക്കാണ് ബി ജെ പി ടിക്കറ്റ് നിഷേധിച്ചത്. 103 സീറ്റുകളിൽ മാത്രമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചവർക്ക് അവസരമുണ്ടായിരുന്നത്. അതേസമയം 2018ലെ തിരഞ്ഞെടുപ്പിൽ തോറ്റവരെയുൾപ്പെടെ അണിനിരത്തിയായിരുന്നു കോൺഗ്രസ് അങ്കത്തിനിറങ്ങിയത്.

ബി ജെ പി നിർത്തിയ പഴയ സ്ഥാനാർത്ഥികൾക്ക് വളരെ വലിയ തോതിൽ ഭരണവിരുദ്ധ വികാരത്തിന് പത്രമാകേണ്ടി വന്നു. അതിനുപുറമെ സീറ്റ് നിഷേധിക്കപ്പെട്ടവർ കോൺഗ്രസിലേക്കും ചിലർ സ്വാതന്ത്രരായും മത്സരിച്ചു. രണ്ടിടത്തും പ്രതിസന്ധി നേരിടേണ്ടി വന്നത് ബിജെപിക്ക് തന്നെ. ഒരിടത് ഭരണവിരുദ്ധ വികാരം വില്ലനായപ്പോൾ മറ്റൊരിടത്ത് വിമതർ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.

logo
The Fourth
www.thefourthnews.in