ഡി കെ പകരം വീട്ടുകയാണോ?

ഡി കെ പകരം വീട്ടുകയാണോ?

തിരഞ്ഞെടുപ്പടുത്തതോടെ കൂട് മാറിയെത്തിയത് പ്രമുഖർ, അമ്പരപ്പിൽ ബിജെപി ക്യാമ്പ്

കർണാടകയിൽ ശരിക്കും 'ഓപ്പറേഷൻ ഹസ്ത' നടക്കുകയാണോ? ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നും ഇത്രയും പ്രമുഖർ കോൺഗ്രസ് ക്യാമ്പിലെത്തിയത് എങ്ങനെ. ഇനിയെത്ര പേർ കൂടുമാറും? ശരിക്കും അമ്പരപ്പോടെ നോക്കി കാണുകയാണ് കോൺഗ്രസിന്റെ റാഞ്ചലിനെ ബിജെപി ക്യാമ്പ്.

എന്താണ് ഓപ്പറേഷൻ ഹസ്ത?


സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാനും സർക്കാർ രൂപീകരിക്കാനും സാമാജികരെ പണവും പദവിയും വാഗ്ദാനം ചെയ്ത് ചാക്കിട്ട് പിടിക്കുന്ന ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ കോൺഗ്രസ് പതിപ്പാണ് 'ഓപ്പറേഷൻ ഹസ്ത'. 2018 ലെ കോൺഗ്രസ് - ജെഡിഎസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ 17 സാമാജികരെയായിരുന്നു ബിജെപി ഓപ്പറേഷൻ താമരയിലൂടെ (ഓപ്പറേഷൻ ലോട്ടസ്) ചാക്കിട്ട് പിടിച്ചത്. ഇതിന്റെ ഫലമായി 2019 ൽ എച്ച് ഡി കുമാരസ്വാമി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് നിലം പൊത്തി. ദിവസങ്ങൾക്കുള്ളിൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറുകയും ചെയ്തു. ചുണ്ടിനും കപ്പിനുമിടയിൽ ഭരണം നഷ്‌ടമായി സഖ്യം പിളരുകയും രണ്ട് കഷ്ണങ്ങളായി പ്രതിപക്ഷത്തിരിക്കുകയും ചെയ്തു. ഇത്തവണത്തെ ജനവിധിയിലും തൂക്കുസഭ വന്നാൽ ഇതേ തിരക്കഥ തന്നെ ആവർത്തിച്ചേക്കാം. അങ്ങനെ വന്നാൽ ബിജെപിയുടെ കരുനീക്കങ്ങൾ മുന്നിൽ കണ്ട് മൂന്ന് മുഴം മുൻപേ എറിയുകയാണ് കോൺഗ്രസ്. ഒരു ഡസനിലേറെ പ്രമുഖരെയാണ് കോൺഗ്രസ് ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നും തിരഞ്ഞെടുപ്പിന് മുൻപേ സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്.

മുൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വരെ കോൺഗ്രസ് ക്യാമ്പിൽ

ഒട്ടും പ്രതീക്ഷിക്കാത്തവരാണ് കാവി കൊടി ഉപേക്ഷിച്ച് മൂവർണ കൊടി പിടിച്ചത്. ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിയും വരെ ഈ പട്ടികയിൽ കയറി. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയുടെ വിശ്വസ്തൻ മഞ്ജുനാഥ് കുന്നൂരായിരുന്നു ആദ്യം ചാഞ്ഞത്. പിന്നീട്  ഉപരിസഭ അംഗങ്ങളായ ബാബു റാവു ചിഞ്ചൻസൂറും പുട്ടണ്ണയും ബിജെപി വിട്ട് കോൺഗ്രസ് കൊടിയേന്തി. എൻ വൈ ഗോപാലകൃഷ്ണയെന്ന ബിജെപിയുടെ സിറ്റിങ് എംഎൽഎയും പാർട്ടി വിട്ട് ഡി കെ ശിവകുമാറിനൊപ്പം ചേർന്ന് നിന്നു. ഇതിന് പുറകെയായിരുന്നു എല്ലാവരെയും ഞെട്ടിച്ച് ലക്ഷ്മൺ സവദിയുടെയും ജഗദീഷ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശം. സമാനമായി ജെഡിഎസ് ബന്ധം അറുത്ത് കളഞ്ഞും നിരവധി സിറ്റിങ് എംഎൽഎമാരും എംഎൽസിമാരും വന്ന് ചേർന്നു. ഇനിയും ആളുകളെത്തുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ അവകാശപ്പെടുന്നത്.

അമ്പരപ്പിൽ ബിജെപി ക്യാമ്പ്

കർണാടകയിൽ ഓപ്പറേഷൻ ഹസ്തയുണ്ടെന്ന് ആദ്യം ആരോപിച്ചത് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ തന്നെയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ബിജെപി എംഎൽഎമാരെയും എംഎൽസിമാരെയും എംപിമാരെയും വരെ ചാക്കിടാൻ ശ്രമം നടത്തുന്നു എന്നായിരുന്നു ആരോപണം. ബിജെപിയിലുള്ളവരെ നേരിട്ട് ടെലിഫോണിൽ വിളിച്ചാണ് ശിവകുമാറിന്റെ ഓപ്പറേഷനെന്നും ബൊമ്മെ ആരോപിച്ചിരുന്നു. സ്വന്തം അനുയായി മഞ്ജുനാഥ് കുന്നൂർ കോൺഗ്രസ് ആസ്ഥാനത്തെത്തിയ അമർഷം ഉള്ളിലൊതുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപി പാളയം അക്ഷരാർഥത്തിൽ അങ്കലാപ്പിലായത് ഷെട്ടാറും സവദിയും ഇടഞ്ഞതോടെയായിരുന്നു, ഡാമേജ് കൺട്രോളിന് വഴങ്ങാനും ഒത്തുതീർപ്പിന് ചെവിയോർക്കാതെയുമായിരുന്നു ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ഇരുവരും ബെംഗളൂരു ക്വീൻസ് റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് സ്വീകരണം ഏറ്റുവാങ്ങിയത്. ഇരുവർക്കും ബിജെപി നിഷേധിച്ച അതേ സീറ്റുകൾ കോൺഗ്രസ് നൽകി. ഇരുവരുടെയും കൂടുമാറ്റത്തോടെ ബെലഗാവി, ഹുബ്ബള്ളി, ധാർവാഡ് മേഖലയിൽ പാർട്ടി കോട്ടകളിൽ വിള്ളൽ വീണിരിക്കുകയാണ്. അധികം പരുക്കില്ലാതെ പ്രദേശത്ത് പാർട്ടിയെ രക്ഷിച്ചെടുക്കാൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ കാവിപ്പട ഒന്നാകെ ഇറങ്ങാനിരിക്കുകയാണ്.

ഡികെ പകരം വീട്ടുകയാണോ?

ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മൺ സവദിയുടെയും കോൺഗ്രസ് പ്രവേശനം സൂക്ഷ്മമായി നിരീക്ഷിച്ചാൽ അറിയാം ഒന്നും ഒറ്റ രാത്രികൊണ്ട് ഉണ്ടായ തീരുമാനത്തിന്റെ പുറത്തല്ലെന്ന്. കൃത്യമായ ആശയവിനിമയം എതിർ പാളയവുമായി മാസങ്ങൾക്ക് മുൻപേ നടന്നതിന്റെ ലക്ഷണമുണ്ട്. ഷെട്ടാറിന്റെ സിറ്റിങ് സീറ്റായ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിലും ലക്ഷ്മൺ സവദിയുടെ മുൻ മണ്ഡലമായ അത്താനിയിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഒഴിച്ചുവിട്ട 15 സീറ്റിൽ രണ്ടെണ്ണമാണ് കോൺഗ്രസ് ഇവരുടെ വരവോടെ നിറച്ചത്. ഇനിയുള്ള 13 സീറ്റുകളിലേക്കും വരും ദിവസങ്ങളിൽ കൂടുവിട്ട് കൂടുമാറ്റം നടന്നേക്കും. ഏപ്രിൽ 21 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.  

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തൂക്കുസഭയായപ്പോൾ ഹൈക്കമാൻഡ് നിർദേശ പ്രകാരമായിരുന്നു കോൺഗ്രസ് ജെഡിഎസുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്. എന്നാൽ കൃത്യം ഒരു വർഷം കൊണ്ട് സഖ്യ സർക്കാരിനെ ബിജെപി നിലത്തിറക്കി. ഓപ്പറേഷൻ താമര സംസ്ഥാനത്ത് ആഞ്ഞുവീശിയ ആറ് മാസക്കാലം ഊണും ഉറക്കവും ഉപേക്ഷിച്ചായിരുന്നു ഡി കെ ശിവകുമാർ എംഎൽഎമാർക്ക് കാവലിരുന്നത്.15 പേർ സ്പീക്കർക്ക് രാജിക്കത്ത് നൽകി മുംബൈയ്ക്ക് പറന്നതോടെ അവശേഷിച്ചവരെ കൂട്ടി ശിവകുമാർ ബിഡദിയിലെ സ്വന്തം റിസോർട്ടിലേക്ക് പോയി.

ജെഡിഎസ് എംഎൽഎമാരെയും കൊണ്ട് എച്ച് ഡി കുമാര സ്വാമിയും സുരക്ഷിത കേന്ദ്രത്തിലേക്ക് നീങ്ങി. എംഎൽഎമാരുടെ രാജിയോടെ ന്യൂനപക്ഷമായ സർക്കാർ രാജി വെച്ചേ മതിയാകൂ എന്നാവശ്യപ്പെട്ട് ബിജെപി മുറവിളി കൂട്ടി. മുംബൈയിൽ എംഎൽഎമാരെ ബിജെപി ഒളിപ്പിച്ച റിസോർട്ടിൽ വരെ പോയി ഡി കെ യാചിച്ചു. അകത്ത് കയറ്റി വിടാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയ ഡി കെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മന്ത്രി പദവി വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎമാരെ പലകുറി മടക്കി വിളിച്ചിട്ടും നിരാശയായിരുന്നു ഫലം. ഒടുവിൽ ഓപ്പറേഷൻ താമരയ്ക്ക് മുന്നിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർക്ക് മുട്ട് മടക്കേണ്ടി വന്നത് രാജ്യം കണ്ടു. ഇങ്ങനെയൊരു ചരിത്രം ഓർമയിലുള്ളത് കൊണ്ടാകണം കോൺഗ്രസ് ഇത്തവണ മൂന്ന് മുഴം മുൻപേ എറിയുകയാണ്. തിരഞ്ഞെടുപ്പിന് മുൻപേ ബിജെപിയുടെ ആത്മവിശ്വാസം കളയുകയാണ് ഡി കെ ശിവകുമാറും സംഘവും. അതിനെ ഓപ്പറേഷൻ ഹസ്ത എന്ന് ബിജെപിക്ക് പേരിട്ട് വിളിക്കേണ്ടി വരുന്നത് പോലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലത്തിന്റെ കാവ്യ നീതിയാണ്.

logo
The Fourth
www.thefourthnews.in