'ക്രൈ പി എം' പ്രചാരണവുമായി കർണാടക കോൺഗ്രസ്; നരേന്ദ്ര മോദിയുടെ 'ആവലാതി' പറച്ചിലിനെ വിമർശിച്ച് നേതാക്കൾ

'ക്രൈ പി എം' പ്രചാരണവുമായി കർണാടക കോൺഗ്രസ്; നരേന്ദ്ര മോദിയുടെ 'ആവലാതി' പറച്ചിലിനെ വിമർശിച്ച് നേതാക്കൾ

കോൺഗ്രസ് 91 തവണ അധിക്ഷേപിച്ചെന്ന മോദിയുടെ പരാമർശത്തെ തുടർന്നാണ് ക്രൈ പിഎം പ്രചാരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ 'ക്രൈ പിഎം' (കരയുന്ന പ്രധാനമന്ത്രി) പ്രചാരണവുമായി കർണാടക കോൺഗ്രസ്. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന മോദിയുടെ പരാതി പറച്ചിലിനെയാണ് കോൺഗ്രസ് പ്രചാരണ ആയുധമാക്കിയിരിക്കുന്നത്.

കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമ്മതിദായകരോടായിരുന്നു കോൺഗ്രസ് അധിക്ഷേപത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. നേരത്തെ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ് ആരംഭിച്ച 'പേ സി എം' പ്രചാരണത്തിന് സമാനമാണ് 'ക്രൈ പി എം' പ്രചാരണം. രണ്ടും ഒരുമിച്ച് ഹാഷ് ടാഗുകളായി നിറയുകയാണ് സമൂഹ മാധ്യമങ്ങളിൽ.

'മോദിയെ പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ച് നോക്കിയാൽ മരിച്ച് പോകും' എന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തെ തുടർന്നായിരുന്നു കോൺഗ്രസ് അധിക്ഷേപത്തെ മോദി അക്കമിട്ട് നിരത്തിയത്. അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ച് ശീലിച്ച കോൺഗ്രസ് സമാന രീതിയിൽ തന്നോടും പെരുമാറുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

ഖാർഗെ മാപ്പ് പറഞ്ഞെങ്കിലും ബിജെപി ഇത് പ്രചാരണ ആയുധമാക്കി. എന്നാൽ മോദിയുടെ പ്രസംഗത്തെ സമ്മതിദായകരോടുള്ള ആവലാതി പറച്ചിലായാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം അവരോട് യാതനകൾ വിവരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണെന്ന് പ്രിയങ്ക കർണാടകയിൽ പ്രസംഗിച്ചു. ഇതോടെ ആയിരുന്നു 'ക്രൈ പി എം' പ്രചാരണവുമായി കർണാടക കോൺഗ്രസ് രംഗത്ത് വന്നത്.

രാഹുൽ ഗാന്ധിയും മോദിയുടെ പ്രസംഗത്തെ വിമർശിച്ച് രംഗത്തെത്തി. "കർണാടകയിൽ നിങ്ങൾ വരുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ്. അവിടെ നിങ്ങളെ കുറിച്ച് മാത്രമാണ് നിങ്ങൾ സംസാരിക്കുന്നത്‌. തിരഞ്ഞെടുപ്പ് കന്നഡിഗർക്ക് വേണ്ടിയാണ്, നിങ്ങൾക്ക് വേണ്ടിയല്ല. കർണാടകയിലെ മുഖ്യമന്ത്രിയെ കുറിച്ചോ ബിജെപി നേതാക്കളെ കുറിച്ചോ നിങ്ങൾ ഒന്നും പറയുന്നില്ല. ഞാൻ എപ്പോഴും കർണാടകയിൽ എത്തുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കളെ കുറിച്ച് പറയാറുണ്ട്. ഇടയ്ക്കൊക്കെ കർണാടകയിലെ ബിജെപി നേതാക്കളെ കുറിച്ച് പറയണം, അവർക്കത് സന്തോഷമാകും. നിങ്ങളുടെ കാര്യം കേൾക്കാനല്ല കർണാടകയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളെ കുറിച്ചറിയാനാണ് ജനങ്ങൾ വരുന്നത്"- രാഹുൽ പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു.

പ്രധാനമന്ത്രി ഒരിക്കലും കരഞ്ഞിട്ടില്ലാ,  കഴിഞ്ഞ ഒൻപത് വർഷമായി കരയുന്നത് കോൺഗ്രസ് പാർട്ടി ആണെന്നും അവർക്കിതുവരെ ജനങ്ങളുടെ സഹാനുഭൂതി കിട്ടിയിട്ടില്ലെന്നും ക്രൈ പി എം പ്രചാരണത്തോട് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പ്രതികരിച്ചു.  

logo
The Fourth
www.thefourthnews.in