പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡി കെ ശിവകുമാര്‍; അതൃപ്തിയറിയിച്ച് സഹോദരന്‍

പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡി കെ ശിവകുമാര്‍; അതൃപ്തിയറിയിച്ച് സഹോദരന്‍

മൂന്ന് ദിവസമായി നടക്കുന്ന മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായത്

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് നല്‍കിയതില്‍ പാര്‍ട്ടിയുടെ താല്‍പര്യം കണക്കിലെടുത്ത് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍.പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കിയത്.

പ്രായവും ജനപ്രീതിയും പരിഗണിച്ചാണ് സിദ്ധരാമയ്യയ്ക്ക് ആദ്യം അവസരമെന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്

പാര്‍ട്ടിയുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസമായി നടന്ന തുടര്‍ച്ചയായ യോഗങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായത്. പ്രായവും ജനപ്രീതിയും പരിഗണിച്ചാണ് സിദ്ധരാമയ്യക്ക് ആദ്യം അവസരമെന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. അതേ സമയം ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി. കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ ഡി കെ ശിവകുമാര്‍ തന്നെ തുടരട്ടെയെന്നും തീരുമാനമായി.

എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഡി കെ ശിവകുമാറിനെ ഒഴിവാക്കിയതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ശിവകുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി കെ സുരേഷ് കുമാര്‍ രംഗത്തെത്തി. കര്‍ണ്ണാടകയുടെയും പാര്‍ട്ടിയുടെയും താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത്. എന്റെ സഹോദരന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന് അതിനായില്ല. ഇതില്‍ ഞങ്ങള്‍ സന്തുഷ്ടരല്ലെന്നും ഡി കെ സുരേഷ് വ്യക്തമാക്കി.

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂർത്തിയായെന്ന് മല്ലികാർജുൻ ഖാർഗെ

ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനും ഡി കെ ശിവകുമാറിനെ ഉപമുഖ്യയാക്കാനുമുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുത്തത്. സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തെന്നും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂർത്തിയായെന്നും മല്ലികാര്‍ജുൻ ഖാര്‍ഗെ അറിയിച്ചു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in