കര്‍ണാടകയില്‍ ഇന്ന് നിശബ്ദപ്രചാരണം; ഹനുമാന്‍ ചാലീസ പാരായണവുമായി സംഘപരിവാര്‍

കര്‍ണാടകയില്‍ ഇന്ന് നിശബ്ദപ്രചാരണം; ഹനുമാന്‍ ചാലീസ പാരായണവുമായി സംഘപരിവാര്‍

ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലീസ ചൊല്ലാന്‍ ബിജെപി നേതാക്കളും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നിശബ്ദപ്രചാരണത്തിന്റെ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് കര്‍ണാടക. വീടുകള്‍ തോറും കയറിയിറങ്ങി സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കുകയാണ്. സമാന്തരമായി ഇന്ന് മുഴുവന്‍ ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലീസ പാരായണം നടത്തുകയാണ് സംഘപരിവാര്‍ സംഘടനകള്‍. മിക്കയിടങ്ങളിലും സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കളാണ് പാരായണത്തിന് നേതൃത്വം നല്‍കുന്നത്.

ഹനുമാന്‍ ചാലീസ പാരായണം സംഘടിപ്പിച്ചത് വിഎച്ച്പി ആഹ്വാനം ചെയ്തതോടെ

അധികാരത്തിലെത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്. ബജ്രംഗ് ദള്‍ നിരോധനത്തെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ ധ്രുവീകരണത്തിന് ആയുധമാക്കിയതോടെ ജയ് ബജ്രംഗ് ബലി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വീണുകിട്ടിയ വജ്രായുധം നിശബ്ദ പ്രചാരണ ദിവസവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിഎച്ച്പി ആഹ്വാനം ചെയ്തതോടെയാണ് ഇന്ന് ഹനുമാന്‍ ചാലീസ പാരായണം സംഘടിപ്പിച്ചിരിക്കുന്നത്.

ഷിഗാവിൽ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഹനുമാൻ ചാലീസ പാരായണത്തിന് നേതൃത്വം നൽകി. ബെംഗളൂരുവില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ നേതൃത്വം നല്‍കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി മാനേജിങ് കണ്‍വീനര്‍ ശോഭാ കരന്തലജെ എം പിയാണ്. ബജ്രംഗ് ദളിനു സ്വാധീനമുള്ള മേഖലകളിലെ ക്ഷേത്രങ്ങളിലെല്ലാം രാവിലെ മുതല്‍ പാരായണം ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തുടനീളം ഹനുമാന്‍ ചാലീസ പാരായണത്തിനായിരുന്നു സംഘപരിവാര്‍ ആഹ്വാനം ചെയ്തത്.

പ്രകടനപത്രികയില്‍ ബജ്രംഗ് ദള്‍ നിരോധന വാഗ്ദാനം ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ വന്നതോടെ അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ നേരിട്ടിറങ്ങി ഡാമേജ് കണ്‍ട്രോളിന് ശ്രമിച്ചിരുന്നു. ബജ്രംഗ് ദളും ഹനുമാന്‍ സ്വാമിയുമായി ബന്ധമില്ലെന്നായിരുന്നു തുടക്കത്തില്‍ വിശദീകരണം. എന്നാല്‍ പ്രതിഷേധം കടുത്തതോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നും നിലവിലുള്ളവ നവീകരിക്കുമെന്നും കോണ്‍ഗ്രസിന് പറയേണ്ടി വന്നു.

തുടക്കത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട് പിടിച്ച ബിജെപി പ്രചാരണത്തിന്റെ അവസാന നാളില്‍ ജയ് ബജ്രംഗ് ബലി മുദ്രാവാക്യമായിരുന്നു കളം നിറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ അവസാന ലാപ്പിലെ പ്രചാരണ പരിപാടികളിലും റാലികളിലും റോഡ് ഷോകളിലും ഭാരത് മാതാ കീ ജയ്‌ക്കൊപ്പം ജയ് ബജ്രംഗ് ബലി ചേര്‍ത്തുവിളിച്ചായിരുന്നു വിഷയം സജീവമാക്കി നിര്‍ത്തിയത്.

logo
The Fourth
www.thefourthnews.in