കർ'നാടകം' ഡൽഹിയിൽ തുടരുന്നു; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടായേക്കും

കർ'നാടകം' ഡൽഹിയിൽ തുടരുന്നു; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും സിദ്ധരാമയ്യയാണ് ഹൈക്കമാന്‍ഡിന് മുന്നിലെ മികച്ച ഓപ്‌ഷൻ

മുഖ്യമന്ത്രി പദവിയെ  ചൊല്ലിയുള്ള കർണാടകയിലെ അധികാര തർക്കത്തിന് പരിഹാരമുണ്ടാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക യോഗം ഇന്ന്  ഡൽഹിയിൽ ചേരും. ഷിംലയിലുള്ള സോണിയ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തുന്നതോടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ കർണാടകയിലെ നിലവിലെ സാഹചര്യം വിശദീകരിക്കും. മുഖ്യമന്ത്രി സ്ഥാനാർഥികളായി ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും മുൻനിർത്തി നടത്തിയ രഹസ്യ വോട്ടെടുപ്പിന്റെ ഫലം ചർച്ചയാകും . തിങ്കളാഴ്ച വൈകിട്ട്  മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ആർക്കെന്ന് കർണാടകയിൽ നിന്ന് മടങ്ങിപ്പോയ നിരീക്ഷകർ അറിയിച്ചിരുന്നു. കണക്കുകൾ ഹൈക്കമാൻഡ്  ഒരിക്കലും പുറത്തുവിടില്ല.

ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ഹൈക്കമാൻഡ് വിഷയം ചർച്ച ചെയ്യും

ഹൈക്കമാൻഡ് നിർദേശിച്ചതനുസരിച്ച് ഡൽഹിയിലെത്തിയ സിദ്ധരാമയ്യ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അനാരോഗ്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച യാത്ര റദ്ദാക്കിയ ഡി കെ ശിവകുമാർ ഇന്ന് ഡൽഹിയിലേക്ക് തിരിച്ചേക്കും. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ഹൈക്കമാൻഡ് വിഷയം ചർച്ച ചെയ്യും. കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, രൺദീപ്  സിങ് സുർജേ വാല എന്നിവരാണ് നേതാക്കളെ ഒറ്റയ്ക്ക് കാണുക. ഇതിൽ നിന്നുണ്ടാകുന്ന പുരോഗതി അനുസരിച്ചാകും സോണിയ ഗാന്ധിയും രാഹുലുമായി ഇരുവരും കൂടിക്കാഴ്ച നടത്തുക.

പാർലമെന്റ് തിരഞ്ഞെടുപ്പോടെ സിദ്ധരാമയ്യ കസേരയിൽ നിന്ന് മാറുമെങ്കിൽ മാത്രം ആദ്യ അവസരം സിദ്ധരാമയ്യക്ക് വിട്ടുനൽകാൻ ഡി കെ ഒരുക്കമാണ്

മുഖ്യമന്ത്രി പദവി വർഷ കണക്കിൽ  വീതം വെക്കുന്നത് സംബന്ധിച്ച തർക്കമാണ് നിലവിൽ ഹൈക്കമാൻഡിനെ അലട്ടുന്നത്. ആദ്യം അവസരം ആർക്കെന്നതും എത്രകാലമെന്നതുമാണ് തർക്ക വിഷയം. രണ്ടര വർഷക്കാലം വീതം  പദവി പങ്കിടുന്നതിൽ ഡി കെ ശിവകുമാറിന് യോജിപ്പില്ല. പാർലമെന്റ് തിരഞ്ഞെടുപ്പോടെ (അടുത്ത വർഷം മെയ് മാസത്തിനു ശേഷം) സിദ്ധരാമയ്യ കസേരയിൽ നിന്ന് എഴുന്നേറ്റു മാറണമെന്നാണ് ഡി കെ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രം ആദ്യ അവസരം സിദ്ധരാമയ്യക്ക് വിട്ടു നൽകാൻ ഡി കെ ഒരുക്കമാണ്.

കർ'നാടകം' ഡൽഹിയിൽ തുടരുന്നു; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടായേക്കും
'ഞാനും മനോബലവും ചേർന്നാൽ ഭൂരിപക്ഷമായി'; സിദ്ധരാമയ്യയുമായുള്ള ഭിന്നത പരസ്യമാക്കി ഡി കെ

135  എംഎൽഎമാരെയും ജയിപ്പിച്ചെടുത്തതും കോൺഗ്രസിന് ചരിത്ര വിജയം സമ്മാനിച്ചതും  തന്റെ നേതൃത്വമാണെന്നു ഡി കെ  മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തർക്കത്തിൽ രണ്ടു ഭാഗത്തും ന്യായമുണ്ടെങ്കിലും  ഹൈക്കമാന്‍ഡിനെ  സംബന്ധിച്ചിടത്തോളം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വേണം ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളാൻ. കഴിഞ്ഞ തവണ 28ൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് കർണാടകയിൽ നിന്ന് ലഭിച്ചത്. ഇത്തവണ സംസ്ഥാന ഭരണം കൈപ്പിടിയിലായ സ്ഥിതിക്ക്  ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക്സഭയിലെത്തിക്കാനാണ് നീക്കം.

മുഖ്യമന്ത്രി കസേര നിശ്ചിതകാലത്തേക്ക്  വീതിച്ചു നൽകി സമവായത്തിൽ എത്തിയാലും  സിദ്ധരാമയ്യ വാക്കുപാലിക്കില്ലെന്നാണ് ഡി കെ പക്ഷം ചൂണ്ടിക്കാട്ടുന്നത്

നേതാക്കളുടെ മോശം പ്രതിച്ഛായ, സർക്കാരിനെതിരെ വരുന്ന പ്രതിപക്ഷ നീക്കങ്ങൾ, കേന്ദ്ര ഏജൻസികളുടെ കേസുകൾ എന്നിവയെല്ലാം  ഈ ലക്ഷ്യം നേടുന്നതിന് തടസങ്ങളായി വരാം. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കണ്ടെത്തലിൽ   കേന്ദ്ര ഏജൻസികളുടെ റഡാറിലാണ് ഡി കെ ശിവകുമാർ. അനധികൃത സ്വത്തു സമ്പാദന കേസ് അന്വേഷിക്കുന്ന സിബിഐയുടെ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിന് രണ്ടു വർഷക്കാലം നിയമനം നൽകികൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് രണ്ടു ദിവസം മുൻപായിരുന്നു. മുഖ്യമന്ത്രി പദവിയിലേറിയാൽ ശിവകുമാറിന് പിറകെ  കൂടാൻ തയ്യാറെടുക്കുകയാണ് കേന്ദ്രമെന്ന സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ടോ രാത്രിയോ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും

ഹൈക്കമാന്‍ഡിന്  മുന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും മികച്ച ഓപ്‌ഷൻ സിദ്ധരാമയ്യയാണ്. മുഖ്യമന്ത്രി കസേര നിശ്ചിതകാലത്തേക്ക്  വീതിച്ചു നൽകി സമവായത്തിൽ എത്തിയാലും  സിദ്ധരാമയ്യ വാക്കുപാലിക്കില്ലെന്നാണ് ഡി കെ പക്ഷം ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാനിലെ പോലെ സർക്കാരും പാർട്ടിയും രണ്ടു വഴിക്കാകുന്ന സാഹചര്യം ഇതോടെ കർണാടകയിലുമുണ്ടാകും. കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുത്ത ഭരണം ആരുടെയെങ്കിലും വ്യക്തിതാല്പര്യങ്ങൾ സംരക്ഷിച്ച്‌  കളഞ്ഞു കുളിക്കരുതെന്നാണ് ശിവകുമാർ ദേശീയ നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നത്. എല്ലാ വശവും വിശദമായി  പരിശോധിച്ച്  ചൊവ്വാഴ്ച വൈകിട്ടോ രാത്രിയോ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും .

logo
The Fourth
www.thefourthnews.in