ബാഗേപള്ളിയിൽനിന്ന് വീണ്ടുമൊരു എംഎൽഎയെ കിട്ടിയേക്കും; സിപിഎം പ്രതീക്ഷയ്ക്ക് കരുത്തായി ജെഡിഎസ് പിന്തുണ

ബാഗേപള്ളിയിൽനിന്ന് വീണ്ടുമൊരു എംഎൽഎയെ കിട്ടിയേക്കും; സിപിഎം പ്രതീക്ഷയ്ക്ക് കരുത്തായി ജെഡിഎസ് പിന്തുണ

2018 ൽ സിപിഎം സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് ബാഗേപള്ളി

കർണാടകയിൽ മൂന്ന് തവണ സിപിഎം പ്രതിനിധിയെ വിധാൻ സഭയിലെത്തിച്ച മണ്ഡലമാണ് ആന്ധ്രാപ്രദേശ് അതിർത്തിയിലുള്ള ബാഗേപള്ളി. ഇത്തവണ ആഞ്ഞുപിടിച്ചാൽ ബാഗേപള്ളിയിൽനിന്ന് വീണ്ടും ഒരു എംഎൽഎയെ പാർട്ടിക്ക് കിട്ടിയേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുവന്ന സിപിഎമ്മിനെ പിന്തുണക്കാൻ തിരഞ്ഞെടുപ്പ് ധാരണയിലെത്തിയിരിക്കുകയാണ് ജെഡിഎസ്. മണ്ഡലത്തിൽ ജെഡിഎസ് അവരുടെ സ്ഥാനാർഥിയെ പിൻവലിക്കും. ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. 

2018 ൽ കോൺഗ്രസ്,ജെഡിഎസ് സ്ഥാനാർഥികളോട് പൊരുതിയായിരുന്നു സിപിഎം സ്ഥാനാർഥിയും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ജി വി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്ത് വന്നത്. കോൺഗ്രസ് സ്ഥാനാർഥിക്ക് 65,710  വോട്ടുകളും സിപിഎം സ്ഥാനാർഥിക്ക് 51,697 വോട്ടുകളും ജെഡിഎസ് സ്ഥാനാർഥിക്ക് 38,302  വോട്ടുകളുമാണ് ലഭിച്ചത്. മണ്ഡലത്തിൽ ദയനീയ പ്രകടനമായിരുന്നു ബിജെപിയുടേത്. ഇടത് സ്ഥാനാർഥിക്ക് ഇത്രയും അനുകൂല സ്ഥിതിയുള്ള മറ്റൊരു മണ്ഡലവും കർണാടകയിലില്ല. 31.43 ശതമാനം വോട്ട് വിഹിതമുള്ള സിപിഎമ്മും 23.28 ശതമാനം വോട്ട് വിഹിതമുള്ള ജെഡിഎസും ചേരുമ്പോൾ സിപിഎം സ്ഥാനാർഥിയുടെ വിജയം ഏറെക്കുറെ ഉറപ്പാക്കാവുന്ന സാഹചര്യമാണ്. കോൺഗ്രസിന് 39.94 ശതമാനം വോട്ട് വിഹിതമാണ് ബാഗേപള്ളിയിലുള്ളത്.

31.43 ശതമാനം വോട്ട് വിഹിതമുള്ള സിപിഎമ്മും 23.28 ശതമാനം വോട്ട് വിഹിതമുള്ള ജെഡിഎസും ചേരുമ്പോൾ സിപിഎം സ്ഥാനാർഥിയുടെ വിജയം ഏറെക്കുറെ ഉറപ്പാക്കാവുന്ന സാഹചര്യമാണ്

ചിക്കബല്ലാപുര  ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ അനിൽ കുമാറാണ് ബാഗേപള്ളിയിൽ സിപിഎം സ്ഥാനാർഥി. ബാഗേപള്ളിയുടെ സ്വന്തം ഡോക്ടറെന്നാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്. കോവിഡ് മഹാമാരി കാലത്തെ ഇദ്ദേഹത്തിന്റെ സാമൂഹ്യസേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജനകീയനായ സ്ഥാനാർഥിയെ മുന്നിൽ നിർത്തി മണ്ഡലം പിടിക്കാനുള്ള സിപിഎം നീക്കം വിജയം കാണുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിപിഐയും മണ്ഡലത്തിൽ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.

ചിക്കബല്ലാപുര ലോക്സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ബാഗേപള്ളി, ബംഗളുരുവിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാർഷിക - പിന്നാക്ക ഗ്രാമമാണിത്. ഇവിടുന്ന് 20 കിലോമീറ്റർ മാത്രമേയുള്ളൂ ആന്ധ്രാ അതിർത്തിയിലേക്ക്. കർണാടകയിലാണെങ്കിലും പ്രദേശത്തുകാരുടെ സംസാര ഭാഷ തെലുഗ് ആണ്. നിരവധി ഭൂസമരങ്ങൾ കൊണ്ട് മുഖരിതമായിരുന്നു ബാഗേപള്ളിയുടെ ഭൂതകാലം, ചൂഷണത്തിന് വിധേയരായ പ്രദേശത്തുകാരെ വിപ്ലവത്തിന്റെ പാതയിലൂടെ നയിച്ച നേതാവായിരുന്നു മുൻ പാർട്ടി സെക്രട്ടറിയും എംഎൽഎ യുമായിരുന്ന ജി വി ശ്രീരാമ റെഡ്ഡി.  പ്രദേശത്ത് പാർട്ടി വളർന്നതിൽ നിർണായക പങ്ക് അദ്ദേഹത്തിന് അവകാശപ്പെടാം. 

26.93 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളാണ് ഏറ്റവും വലിയ വോട്ട് ബാങ്ക്.17.03 ശതമാനം വരുന്ന പട്ടികവർഗവും ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്

26.93 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളാണ് ഏറ്റവും വലിയ വോട്ട് ബാങ്ക്.17.03 ശതമാനം വരുന്ന പട്ടികവർഗവും ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. 12 ശതമാനം മുസ്ലിം വോട്ടുകളും മണ്ഡലത്തിലുണ്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ 19,8852 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ  സംസ്ഥാനത്ത് ഏറ്റവും അധികം പോളിങ് നടന്ന മണ്ഡലങ്ങളിലൊന്നാണ് ബാഗേപള്ളി. 83.11 ശതമാനം പേരായിരുന്നു സമ്മതിദാനവകാശം വിനിയോഗിച്ചത്.

1983 ലും 1994ലും 2004ലുമായിരുന്നു ഇടത് സ്ഥാനാർഥികളെ മുൻപ് മണ്ഡലം തുണച്ചത്. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടെ ഇത്രയ്ക്ക് അനുകൂല സാഹചര്യം മണ്ഡലത്തിൽ സിപിഎമ്മിന് ഉണ്ടായിട്ടില്ല.

logo
The Fourth
www.thefourthnews.in