എബിവിപിയിലൂടെ ടിആര്‍എസ്‌- ടിഡിപി വഴി കോണ്‍ഗ്രസില്‍;
തെലങ്കാനയില്‍ ത്രിവര്‍ണം പാറിച്ച അനുമൂല രേവന്ത് റെഡ്ഡിയെ അറിയാം

എബിവിപിയിലൂടെ ടിആര്‍എസ്‌- ടിഡിപി വഴി കോണ്‍ഗ്രസില്‍; തെലങ്കാനയില്‍ ത്രിവര്‍ണം പാറിച്ച അനുമൂല രേവന്ത് റെഡ്ഡിയെ അറിയാം

1980കളിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് എബിവിപിയിലൂടെയാണ് രേവന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നത്

അനുമൂല രേവന്ത് റെഡ്ഢി. എബിവിപിയിൽ രാഷ്ട്രീയം തുടങ്ങി, തെലുങ്ക് നാട്ടിലെ കോൺഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ നേതാവ്. ആന്ധ്രാ വിഭജനത്തോടെ ഇല്ലാതായിപ്പോയ കോൺഗ്രസിന് വലിയ തിരിച്ചുവരവാണ് തെലങ്കാനയിൽ സാധ്യമായിരിക്കുന്നത്. ഇതിന്റെ മുഖ്യ ആസൂത്രകൻ രേവന്ത് റെഡ്ഡിയാണ്. കോൺഗ്രസിന്റെ മാൻ ഓഫ് ദ ഡേ.

എ ബി വി പിയിൽ തുടങ്ങി ടിആർഎസ്, ടി ഡി പി വഴി കോൺഗ്രസിലെത്തി, നേതൃപാടവം കൊണ്ട് ദേശീയ നേതൃത്വത്തെ വരെ അമ്പരപ്പിച്ച രേവന്ത് 2009ലാണ് ആദ്യമായൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രേവന്ത് റെഡ്ഢി ആരാണെന്നും എന്താണ് അയാളുടെ പ്രത്യേകതയെന്നും കൃത്യമായി മനസ്സിലാകണമെങ്കിൽ ഈ കഥ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഏറ്റവും കൂടുതൽ ആളുകളെ മെമ്പർഷിപ് കാമ്പയിനിലൂടെ പാർട്ടിയിലെത്തിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ന് തെലങ്കാന. ഇതെല്ലാം സാധ്യമാക്കിയതിന് പിന്നിൽ ഒരേയൊരു രേവന്ത് റെഡ്‌ഡിയാണ്

2009ൽ, നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയുടെ അന്ന് പുലർച്ചെ രാവിലെ രണ്ടിനാണ് രേവന്തിനൊരു ഫോൺ കോൾ വരുന്നത്. 'കൊടങ്കൽ' മണ്ഡലത്തിൽ മത്സരിക്കണമെന്ന ടി ഡി പി നേതാവിന്റെ നിർദേശമായിരുന്നു അത്. മണ്ഡലത്തെ പറ്റിയോ അവിടുത്തെ ആളുകളെ കുറിച്ചോ യാതൊരു ധാരണയുമില്ല. പക്ഷേ തനിക്ക് കിട്ടിയ അവസരത്തെ രേവന്ത് ധൈര്യപൂർവം ഏറ്റെടുത്തു.

കൂട്ടുകാരനെ വിളിച്ച് വഴി ചോദിച്ചശേഷമാണ് കോൺഗ്രസിന്റെ അന്നത്തെ സിറ്റിങ് സീറ്റായിരുന്ന കൊടങ്കലിലേക്ക് രേവന്ത് ആദ്യമായി പോകുന്നത്. മണ്ഡലത്തെ അറിയാത്തതോ വോട്ടർമാരെ പരിചയമില്ലാത്തതോ ഒന്നും രേവന്തിനെ ആശങ്കപ്പെടുത്താനുള്ള കാരണങ്ങളായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 7,500 വോട്ടിനാണ് രേവന്ത് അന്നവിടെ ജയിക്കുന്നത്. ഈ നിശ്ചയദാർഢ്യമാണ് രേവന്ത് ഇന്ന് തെലങ്കാന കോൺഗ്രസിനെ ചരിത്രവിജയത്തിലെത്തിച്ചത്.

2017ലാണ് രേവന്ത് റെഡ്ഡി ടിഡിപിയിൽനിന്ന് കോൺഗ്രസിലെത്തുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ രേവന്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തി. കോൺഗ്രസിൽനിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നെങ്കിലും പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു. രാഷ്ട്രീയ ശത്രുക്കളോട് കടുത്ത ഭാഷയിൽ തന്നെ മറുപടി പറഞ്ഞു. അങ്ങനെ തകർന്നുപോയെന്ന് എല്ലവരും വിധിയെഴുതിയ കോൺഗ്രസിനെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കുന്ന ആരെയും അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു രേവന്ത് തെലങ്കാനയിൽ നടത്തിയത്.

കോൺഗ്രസിലെത്തിയ രേവന്ത് 2018ൽ കൊടങ്കലിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഏറ്റവുമൊടുവിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് മൽക്കാജ്‌ഗിരി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്

ഏറ്റവും കൂടുതൽ ആളുകളെ മെമ്പർഷിപ് കാമ്പയിനിലൂടെ പാർട്ടിയിലെത്തിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ന് തെലങ്കാന. ഇതെല്ലാം സാധ്യമാക്കിയതിന് പിന്നിൽ ഒരേയൊരു രേവന്ത് റെഡ്‌ഡിയാണ്. കടുത്ത കെ സി ആർ വിരുദ്ധനായ രേവന്ത് ഇന്ന് തെലങ്കാന യുവജനങ്ങൾക്കിടയിലെ ഹരമാണ്. 'ധ്വരാല തെലങ്കാന പ്രചാല തെലങ്കാന' യുദ്ധം രാജാവും പ്രജകളും തമ്മിലെന്ന് രേവന്ത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. തെലങ്കാനയിലെ മഹാറാലികളിൽ രേവന്ത് മുദ്രാവാക്യം മുഴക്കുമ്പോൾ അതേറ്റുചൊല്ലുന്ന യുവജനങ്ങളുടെ എണ്ണം തെലങ്കാനയിലെ രാഷ്ട്രീയമാറ്റത്തെ കൂടി വ്യക്തമാക്കുന്നുണ്ട്.

എബിവിപിയിൽനിന്ന് കോൺഗ്രസിലേക്ക്

1980കളിൽ വിദ്യാർഥിയായിരുന്ന കാലത്ത് എബിവിപിയിലൂടെയാണ് രേവന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പിന്നീട് കെ സി ആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയിൽ ചേർന്ന രേവന്ത് 2003 ഓടെ രാഷ്ട്രീയത്തിൽ സജീവമായി. തിരഞ്ഞെടുപ്പിൽ അവസരം നൽകാത്തതിൽ പിണങ്ങി 2005ൽ പാർട്ടി വിട്ട രേവന്ത് 2006ലും 2008 ലും സ്വന്ത്രനായി മത്സരിച്ച് ജില്ലാ പരിഷത്തിലും ലെജിസ്ലെറ്റിവ് കൗൺസിലിലും വിജയിച്ചു. 2008ലാണ് ടിഡിപിയുടെ ഭാഗമാകുന്നത്. തുടർന്ന് രണ്ടു തവണ കൊടങ്കൽ മണ്ഡലത്തിന്റെ എംഎൽഎയായി. ഒടുവിൽ 2017ലാണ് ടിഡിപി വിട്ട് കോൺഗ്രസിനൊപ്പം ചേരുന്നത്. ഇതിനിടെ 2015ൽ പണം കൊടുത്ത് വോട്ട് വാങ്ങിയെന്ന കേസിൽ രേവന്ത് അറസ്റ്റിലാകുകയും വലിയ രാഷ്ട്രീയ കോലാഹലങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

കോൺഗ്രസിലെത്തിയ രേവന്ത് 2018ൽ കൊടങ്കലിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഏറ്റവുമൊടുവിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് മൽക്കാജ്‌ഗിരി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2021 പകുതിയിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രേവന്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയാണ് രേവന്തിനെ കോൺഗ്രസ് ഹൈക്കമാൻഡ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. അതിനെതിരെ ഉത്തം കുമാർ റെഡ്ഢിയെ പോലുള്ളവർ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ഉൾപ്പെടെയുള്ളവരുടെ പിന്തുണ രേവന്തിനുണ്ടായിരുന്നു.

പണം കൊടുത്ത വോട്ട് വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ വ്യക്തി കോൺഗ്രസ് നേതൃത്വത്തെയും വിലക്കെടുത്തുവെന്ന തരത്തിൽ നിരവധി കഥകൾ ഇക്കാലത്ത് പ്രചരിച്ചിരുന്നു. പക്ഷേ അതിനെയൊക്കെ അവഗണിച്ചാണ് രേവന്ത് തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. അതിന്റെ ഫലമാണ് ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ തെലങ്കാനയിലെ തിരിച്ചുവരവ്.

logo
The Fourth
www.thefourthnews.in