കോൺഗ്രസ് പ്രചാരണത്തിന്റെ അരങ്ങിലും അണിയറയിലും മലയാളിത്തിളക്കം

കോൺഗ്രസ് പ്രചാരണത്തിന്റെ അരങ്ങിലും അണിയറയിലും മലയാളിത്തിളക്കം

താര പ്രചാരകരായി ചെന്നിത്തലയും കെ സി വേണുഗോപാലും കളത്തിൽ നിറഞ്ഞ് വിഷ്ണുനാഥും റോജിയും

കന്നട മണ്ണില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ ആ ജയത്തിന് പിന്നില്‍ ചെറുതല്ലാതൊരു പങ്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കുമുണ്ട്. താരപ്രചാരകരായ മലയാളി നേതാക്കള്‍ക്ക് പുറമെ, കര്‍ണാടകയില്‍ വിവിധ മണ്ഡലങ്ങളുടെ ചുമതലക്കാരായി പ്രവര്‍ത്തിച്ച യുവനേതാക്കളും ഈ വിജയത്തിന്റെ പങ്ക് അര്‍ഹിക്കുന്നവരാണ്.

ഇത്തവണ മലയാളികളായ മൂന്ന് താരപ്രചാരകരെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, തിരുവനന്തപുരം എം പി ശശി തരൂര്‍ എന്നിവരായിരുന്നു അവര്‍. ഇവരില്‍ പ്രധാനി പ്രചാരണ പരിപാടികളുടെ ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെയായിരുന്നു.

കോൺഗ്രസ് പ്രചാരണത്തിന്റെ അരങ്ങിലും അണിയറയിലും മലയാളിത്തിളക്കം
കോൺഗ്രസ് തരംഗത്തിൽ മലയാളികള്‍ക്കും വിജയത്തിളക്കം; കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു

കര്‍ണാടകത്തിലെ മലയാളി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തുറുപ്പുചീട്ടായാണ് രമേശ് ചെന്നിത്തലയെ കളത്തിലിറക്കിയത്

പ്രചാരണം ഏകോപിപ്പിച്ചതും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രചാരണത്തിന് രൂപം നല്‍കിയതും വേണുഗോപാലിന്റെ നേതൃത്വത്തിലാണ്. കര്‍ണാടക കോണ്‍ഗ്രസിന് തലവേദനയായി നിലനിന്നിരുന്ന സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ പോര് തിരഞ്ഞെടുപ്പിന് മുൻപ് അവസാനിപ്പിച്ച് ഇരുവരെയും ഒരു മനസായി അണിനിരത്തി പാര്‍ട്ടിക്ക് ശക്തമായ പ്രാദേശിക നേതൃത്വം ഉണ്ടെന്ന് ഉറപ്പിച്ചതില്‍ വേണുഗോപാലിന്റെ പങ്ക് നിര്‍ണായകമാണ്.

കോൺഗ്രസ് പ്രചാരണത്തിന്റെ അരങ്ങിലും അണിയറയിലും മലയാളിത്തിളക്കം
കർണാടക തൂത്തുവാരി കോൺഗ്രസ്; വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ; തോൽവി സമ്മതിച്ച് ബിജെപി

പി സി വിഷ്ണുനാഥിന് ഒപ്പം തന്നെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ റോജി എം ജോണും പ്രചാരണ പരിപാടികള്‍ മുന്നില്‍ നിന്ന് നയിച്ച മലയാളിയാണ്

കേരള രാഷ്ട്രീയത്തില്‍ പഴയ പ്രതാപമില്ലെങ്കിലും കര്‍ണാടകത്തിലെ മലയാളി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തുറുപ്പ് ചീട്ടായാണ് രമേശ് ചെന്നിത്തലയെ കളത്തിലിറക്കിയത്. മലയാളികള്‍ക്ക് വലിയ സ്വാധീനമുള്ള ബെംഗളൂരുവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിട്ട മംഗളൂരു നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ കര്‍ണാടകയിലുമാണ് ചെന്നിത്തല പ്രധാനമായും പ്രചരണത്തിനിറങ്ങിയത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള ചെന്നിത്തലയുടെ കഴിവും മലയാളികള്‍ക്ക് അപ്പുറമുള്ള വോട്ട് ബാങ്കിനെയും സ്വാധീനിക്കാന്‍ സഹായിച്ചു.

കോൺഗ്രസ് പ്രചാരണത്തിന്റെ അരങ്ങിലും അണിയറയിലും മലയാളിത്തിളക്കം
'കോൺഗ്രസ് ഓഫീസിലെ ഗ്യാസ് കുറ്റിയും കൊടിയും'- ദേശീയ വിഷയങ്ങള്‍ വിട്ട് പ്രാദേശികതയില്‍ ഊന്നിയ പ്രചാരണത്തിന്റെ വിജയം

മറ്റൊരു താരപ്രചാരകനായ ശശി തരൂര്‍, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായതിനാൽ  ഒരു തവണ മാത്രമാണ് കർണാടകത്തിൽ പ്രചരണത്തിനായി എത്തിയത്. മലയാളികള്‍ക്കപ്പുറമുള്ള കര്‍ണാടകത്തിലെ മധ്യവര്‍ഗ വോട്ട് ബാങ്കിനെ വീണ്ടും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയെന്ന തന്ത്രത്തോടെ കോണ്‍ഗ്രസ് അവതരിപ്പിച്ച മുഖമായിരുന്നു തരൂർ.

ഭാരത് ജോഡോ യാത്രയെ കര്‍ണാടകയില്‍ ഏകോപിപ്പിക്കാനുള്ള ചുമതല എഐസിസി വിഷ്ണുനാഥിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്

ഇവരൊക്കെ എത്തുന്നതിന് മാസങ്ങള്‍ക്കു മുന്‍പേ കളത്തില്‍ പണി തുടങ്ങിയ മലയാളി നേതാക്കളുമുണ്ട്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് കുറച്ചുമാസങ്ങളായി മുഴുവൻ സമയവും കര്‍ണാടക കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. ഭാരത് ജോഡോ യാത്രയെ കര്‍ണാടകയില്‍ ഏകോപിപ്പിക്കാനുള്ള ചുമതല എഐസിസി വിഷ്ണുനാഥിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം. ഇത് സംസ്ഥാനത്ത് കൂടുതല്‍ സജീവമാകാനും പ്രവര്‍ത്തകരുമായി ഇടപഴകാനും വിഷ്ണുനാഥനെ സഹായിച്ചു. നാല്‍പതോളം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ബെംളഗാവി മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വിഷ്ണുനാഥ് മേല്‍നോട്ടം വഹിച്ചത്.

പി സി വിഷ്ണുനാഥിന് ഒപ്പം തന്നെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ റോജി എം ജോണും പ്രചാരണ പരിപാടികള്‍ മുന്നില്‍ നിന്ന് നയിച്ച മലയാളിയാണ്. 49 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മൈസൂര്‍ മേഖലയുടെ ചുമതലയാണ് റോജി എം ജോണ്‍ ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഹിന്ദിയില്‍ സംസാരിച്ചും പ്രസംഗിച്ചും ജനങ്ങളെ കയ്യിലെടുത്താണ് പ്രചാരണത്തില്‍ റോജി നിറഞ്ഞുനിന്നത്.

നീണ്ട നാള്‍ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പ്രവര്‍ത്തിക്കാനായത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുതല്‍ക്കൂട്ടായെനന്ന് റോജി എം ജോണ്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. എന്‍ എസ് യു കാലഘട്ടത്തിലെ ഉള്‍പ്പെടെ ബന്ധങ്ങള്‍ പ്രചാരണത്തിന് സഹായകരമായാതയും ഹിന്ദി അറിയുന്നതിനാല്‍ എളുപ്പത്തില്‍ ജനങ്ങളുമായി സംവദിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് 2024 ൽ നടക്കുന്ന പൊതുതെരഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും. കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നരേന്ദ്ര മോദി ആഴ്ചകളോളം കർണ്ണാടകയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോൺഗ്രസ് മുന്നേറ്റത്തെ തടയാനായില്ല,” ചെന്നിത്തല പറഞ്ഞു. “രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മോദിയെ നേരിടാൻ ആരുണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണ്ണാടക നൽകിയത്,” ഹരിപ്പാട്ട് വിജയാഹ്ളാദം പങ്കിട്ട് അദ്ദേഹം പറഞ്ഞു.

ഇവര്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ ഒരു ഡസനോളം കേരള നേതാക്കള്‍ ഒരു മാസമായി കര്‍ണാടക തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായിരുന്നു

logo
The Fourth
www.thefourthnews.in