കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ ഐക്യവേദിയായി ബെംഗളൂരു

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ ഐക്യവേദിയായി ബെംഗളൂരു

മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എട്ട് മന്ത്രിമാരും അധികാരമേറ്റു

കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായി എസ് സിദ്ധരാമയ്യ ചുമതലയേറ്റു. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എട്ട് മന്ത്രിമാരും ഇന്ന് അധികാരമേറ്റു. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. സിദ്ധരാമയ്യ ദൈവനാമത്തിലും ഡി കെ ശിവകുമാര്‍ ആത്മീയ ഗുരു അജയ്യ സ്വാമിയുടെ നാമത്തിലുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

മലയാളിയായ പ്രമുഖ നേതാവ് കെ ജെ ജോര്‍ജ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ, ജി പരമേശ്വര, രാമലിംഗ റെഡ്ഢി, കെ എച്ച് മുനിയപ്പ, സതീഷ് ജാര്‍ക്കിഹോളി, സമീര്‍ അഹമ്മദ് ഖാന്‍, എം ബി പാട്ടീല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍.

രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍, ഫാറൂഖ് അബ്ദുള്ള, മെഹബുബ മുഫ്തി, എന്‍കെ പ്രേമചന്ദ്രന്‍, മുസ്ലിംലീഗ് നേതാവ് അബ്ദുല്‍സമദ് സമദാനി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കാളികളായി.

logo
The Fourth
www.thefourthnews.in