ചിത്രം തെളിഞ്ഞു, കര്‍ണാടകയെ സിദ്ധരാമയ്യ നയിക്കും; ഡി കെ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രി

ചിത്രം തെളിഞ്ഞു, കര്‍ണാടകയെ സിദ്ധരാമയ്യ നയിക്കും; ഡി കെ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രി

സത്യപ്രതിജ്ഞ ശനിയാഴ്ച. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട്.

കർണാടക മുഖ്യമന്ത്രി കസേരക്കുള്ള വടം വലിയിൽ ഒടുവിൽ സിദ്ധരാമയ്യക്ക് തന്നെ വിജയം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി 20-ാം തിയ്യതി സത്യപ്രതിജ്ഞ ചെയ്യും. കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും. അതിനു മുന്നോടിയായി കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന് ബെംഗളൂരുവിൽ ചേരും. വൈകീട്ട് ഏഴ് മണിക്ക് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

വാർത്താ ഏജൻസിയായ എഎൻഐ ആണ് കര്‍ണാടക മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ് അന്തിമ തീരുമാനത്തിലെത്തിയെന്ന വിവരം സ്ഥിരീകരികരിച്ചത്. എന്നാല്‍ കോൺഗ്രസ് ഹൈക്കമാൻഡ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം സംബന്ധിച്ച്‌  കര്‍ണാടക പിസിസിയുടെ ഔദ്യോഗിക അറിയിപ്പ്
കോൺഗ്രസ് നിയമസഭാ കക്ഷി യോഗം സംബന്ധിച്ച്‌ കര്‍ണാടക പിസിസിയുടെ ഔദ്യോഗിക അറിയിപ്പ്

തിരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച മുതൽ തുടങ്ങിയ മുഖ്യമന്ത്രി പദവി സംബന്ധിച്ച തർക്കം വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു നിന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പരിഹരിച്ചത്. പദവി തുല്യ കാലയളവില്‍ പങ്കിടാമെന്ന ഹൈക്കമാൻഡ് നിർദേശം ആദ്യം ആർക്ക് അവസരം എന്ന തർക്കത്തിൽ വഴിമുട്ടി നിന്നും. ആദ്യ അവസരം ലഭിക്കുന്നവർ പിന്നീട് മുഖ്യമന്ത്രി കസേര വിട്ടു കൊടുക്കാൻ തയ്യാറായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധി ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

ഹൈക്കമാൻഡ് പ്രതിനിധികളും നിരീക്ഷകരുമായുളള ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെയായിരുന്നു ബെംഗളൂരുവിൽ നിന്ന് തർക്കം ഡൽഹിയിൽ എത്തിയത്. ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കസേര നൽകാതിരിക്കാൻ ശിവകുമാറും, സ്ഥാനം ഉറപ്പിക്കാന്‍ സിദ്ധരാമയ്യയും ഹൈക്കമാൻഡിനു കാരണങ്ങൾ നിരത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അനുനയ നീക്കങ്ങൾ പാളിയതോടെ രാഹുൽ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടു. എന്നാൽ പിടിവാശി വെടിയാൻ ഇരുവരും ഒരുക്കമായില്ല. ഇതോടെ പന്ത് വീണ്ടും ഹൈക്കമാൻഡ് നേതാക്കളുടെ കോർട്ടിൽ എത്തി. കെ സി വേണുഗോപാൽ, രൺദീപ് സിംഗ് സുർജ്ജേവാല തുടങ്ങിയവർ ബുധനനാഴ്ച രാത്രി വൈകി വീണ്ടും നേതാക്കളെ കണ്ടു സംസാരിച്ചിരുന്നു.

ചിത്രം തെളിഞ്ഞു, കര്‍ണാടകയെ സിദ്ധരാമയ്യ നയിക്കും; ഡി കെ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രി
'ഡി കെയെ മുഖ്യമന്ത്രിയാക്കണം, പ്രധാന വകുപ്പുകള്‍ വേണം'; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി വിലപേശി ലിംഗായത്തുകള്‍

തീരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും എന്തൊക്കെ ഉപാധികൾ അംഗീകരിച്ചാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രി പദവി വിട്ടു നൽകിയതെന്ന കാര്യത്തിലും വ്യക്തതയില്ല .

logo
The Fourth
www.thefourthnews.in