ബിജെപിയുടെ 'ദക്ഷിണ അയോധ്യ'യും സഞ്ചാരികളുടെ രാമ ദേവര പര്‍വതവും

പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച രാമക്ഷേത്രം നവീകരിച്ച് ദക്ഷിണ അയോധ്യയാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തിയ പ്രഖ്യാപനമായിരുന്നു

കർണാടകയിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ക്ഷേത്രമാണ് രാമാനഗരയിലെ പട്ടാഭിരാമ ക്ഷേത്രം. പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച രാമക്ഷേത്രം നവീകരിച്ച് ദക്ഷിണ അയോധ്യയാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പ്  മുന്നിൽ കണ്ട് ബിജെപി നടത്തിയ പ്രഖ്യാപനമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നിർമാണ പ്രവൃത്തികൾ തടസപ്പെട്ടെങ്കിലും 2024-ഓടുകൂടി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് പദ്ധതി. അയോധ്യ മുതൽ ലങ്ക വരെ നീളുന്ന 'രാമായണ പാത' യുടെ ഭാഗമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.

ക്ഷേത്രവും ക്ഷേത്രത്തിന് ചുറ്റുമുള്ള ട്രക്കിങ്‌ പോയിന്റും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. ക്ഷേത്രം വാർത്തകളിൽ നിറഞ്ഞതോടെ നിരവധി പേരാണ് കർണാടക വനം വകുപ്പിന് കീഴിലുള്ള ഈ പ്രദേശത്ത് ക്ഷേത്ര ദർശനത്തിനും സാഹസിക യാത്രക്കുമായി എത്തുന്നത്. ശ്രീരാമ ഭക്തർക്കുള്ള ആരാധന കേന്ദ്രമെന്നും സാഹസിക യാത്രക്കാർക്കുള്ള ട്രക്കിങ്‌ പോയിന്റ് എന്നും ഈ പ്രദേശത്തെ അടയാളപ്പെടുത്താവുന്നതാണ്.

120  കോടി രൂപ ബജറ്റിൽ നീക്കി വച്ചാണ് രാമ ക്ഷേത്രം പുതുക്കി പണിയാൻ ബസവരാജ്‌ ബൊമ്മെ സർക്കാർ തീരുമാനിച്ചത്. നവീകരണം പൂർത്തിയാകുമ്പോഴുള്ള ക്ഷേത്രത്തിന്റെ മാതൃക സർക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു. അശോക വനം ഉൾപ്പടെ പുനഃസൃഷ്ടിച്ചും രാമായണ കഥാ സന്ദർഭങ്ങൾ വിവരിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചും ക്ഷേത്രത്തിലേക്കുള്ള വഴി കമനീയമാക്കാനാണ് തീരുമാനം. ജഡായു മ്യൂസിയവും ക്ഷേത്ര പരിസരത്ത് ഉയരും. പ്രാരംഭ  ഘട്ട പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതീവ പരിസ്ഥിതിലോല മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള ഏഴ് കിലോമീറ്റർ ചുറ്റളവ് വംശ നാശ ഭീഷണി നേരിടുന്ന പ്രത്യേക ഇനം കഴുകന്റേയും കടുവ, പുലി, കരടി എന്നീ വന്യ ജീവികളുടെയും ആവാസ കേന്ദ്രമാണ്.

പ്രധാന കവാടത്തിൽ നിന്നും 450 പടികൾ ചവിട്ടി കയറിയാലാണ് ക്ഷേത്ര മുറ്റത്ത് എത്തുക. ക്ഷേത്രത്തിൽ നിലവിൽ ജാതി ഭേദമന്യേ എല്ലാവർക്കും പ്രവേശനം ഉണ്ട്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പട്ടികയിലാണിപ്പോൾ പട്ടാഭിരാമ ക്ഷേത്രമുള്ളത്. ബിജെപി വിഭാവനം ചെയ്ത പോലെ ദക്ഷിണ അയോധ്യയായി ക്ഷേത്രം മാറുന്നതോടെ സ്ഥിതി മാറുമെന്ന് ക്ഷേത്ര പൂജാരി നാഗരാജ് ഭട്ട് ദ ഫോർത്തിനോട് പറഞ്ഞു. 

Related Stories

No stories found.
logo
The Fourth
www.thefourthnews.in