congress flag
congress flag

ഗോവ കോണ്‍ഗ്രസ്സില്‍ ഭിന്നത; പാര്‍ട്ടി വിടാനൊരുങ്ങി എംഎല്‍എമാര്‍

നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഗോവന്‍ കോൺഗ്രസില്‍ പ്രതിസന്ധി

ഗോവയില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി ബിജെപി യിലേക്ക് പോകാനൊരുങ്ങി എംഎല്‍എമാര്‍ . നിലവിലുളള 11 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്നാണ് റിപ്പോർട്ടുകള്‍. നാളെ നിയമ സഭാസമ്മേളനം ചേരാനിരിക്കെയാണ് ഗോവയില്‍ നാടകീയ നീക്കങ്ങള്‍. വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്സ് രംഗത്തിയെങ്കിലും പിസിസി വിളിച്ചു ചേർത്ത വാ‍ർത്താ സമ്മേളനത്തില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.

സഭാസമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ്സ് വിളിച്ച യോഗത്തില്‍ നിന്ന് ഏഴ് എംഎല്‍എമാര്‍ വിട്ടു നിന്നതായാണ് സൂചന. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്ത് അടക്കം യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തിനെത്തിയില്ലെങ്കിലും എം എല്‍എമാര്‍ പാർട്ടിക്ക് ഒപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ അടക്കം ഒന്‍പത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേർന്നേക്കുമെന്നാണ് സൂചന. ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി.

ഈ വര്‍ഷം ജനുവരിയിലാണ് മൈക്കിള്‍ ലോബോയും ഭാര്യ ദെലീല ലോബോയും ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് . ദെലീല ലോബോയെ സ്ഥനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും പാര്‍ട്ടി വിട്ടത്.

micheal lobo
micheal lobo

കൂറുമാറിയവര്‍

2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച 40 എംഎല്‍എമാരില്‍ 24 പേര്‍ മറുകണ്ടം ചാടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരായ വിശ്വജിത്ത് റാണെ, സുഭാഷ് ഷിരോദ്കര്‍, ദയാനന്ദ് സോപ്‌തെ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച് വീണ്ടും എംഎല്‍എമാരായി.

2019-ല്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂട്ടത്തോടെ ബിജെപിയിലേക്കെത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രകാന്ത് കവേല്‍കര്‍ അടക്കമുള്ളവർ മറുകണ്ടം ചാടി. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ സാലിഗോയും ബിജെപിയില്‍ ചേര്‍ന്നു. ഗോവ മുന്‍ മുഖ്യമന്ത്രിയും പോണ്ട എംഎല്‍എയുമായ രവി നായിക്കും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിലെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in