മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി

അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം; വിശ്വാസികളെ വിലക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ആരാധനാമൂര്‍ത്തിയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ഇനി വിലക്കാനാകില്ല

ആരാധനാമൂര്‍ത്തിയില്‍ വിശ്വസിക്കുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

കുംഭാഭിഷേക ഉത്സവത്തില്‍ ക്രിസ്തുമത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി സോമന്‍ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.മന്ത്രിയെ വിലക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുംഭാഭിഷേകം പോലുള്ള പൊതു ഉത്സവങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇതില്‍ ഓരോരുത്തരുടെയും മതം പരിശോധിക്കുന്നത് പ്രായോഗികല്ലെന്നും കോടതി നിരീക്ഷിച്ചു.

ക്രിസ്ത്യാനിയായ ഡോ. കെ.ജെ യേശുദാസ് പാടിയ ഭക്തി ഗാനങ്ങള്‍ വിവിധ ഹിന്ദു ആരാധനാലയങ്ങളില്‍ കേള്‍പ്പിക്കുന്നു

ക്രിസ്ത്യാനിയായ ഡോ. കെ.ജെ യേശുദാസ് പാടിയ ഭക്തി ഗാനങ്ങള്‍ വിവിധ ഹിന്ദു ആരാധനാലയങ്ങളില്‍ കേള്‍പ്പിക്കുന്നുണ്ട്. മുസ്ലിം ആരാധനാലയമായ നാഗൂര്‍ ദര്‍ഗയിലും, ക്രൈസ്തവ ആരാധനലയമായ വേളാങ്കണ്ണി പള്ളിയിലും നിരവധി ഹിന്ദുക്കള്‍ ആരാധന നടത്താന്‍ എത്താറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

യേശുദാസ്, കലാമണ്ഡലം ഹൈദരാലി, മന്‍സിയ... കേരളം കണ്ട ക്ഷേത്രവിലക്കുകള്‍

ജാതി-മത ചേരിതിരിവുകള്‍ക്കെതിരെ നിരവധി മുന്നേറ്റങ്ങള്‍ നടന്ന സംസ്ഥാനമാണ് കേരളം. വിലക്കുകള്‍ കൊടികുത്തി വാണിരുന്ന ഒരു കാലത്ത് നിന്നും സമൂഹം ഏറെ മാറ്റങ്ങളിലൂടെ കടന്നുപോയി. പല നിയന്ത്രണങ്ങളും പൊളിച്ചെഴുതാനായി. എങ്കിലും, അന്യ മതസ്ഥരെ മതിലകത്ത് പ്രവേശിപ്പിക്കാതെ മാറ്റി നിര്‍ത്തുന്ന ക്ഷേത്രങ്ങള്‍ ഇന്നുമുണ്ട്. ഇവിടെ വിലക്കുകള്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു.

'ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും' എന്ന തന്റെ ഗാനം പോലെ ഗുരുവായൂര്‍ നട ഈ അതുല്യ കലാകാരനു മുന്നില്‍ ഇന്നും തുറക്കാതെ കിടക്കുകയാണ്

ഗുരുവായൂരപ്പന്റെ ഉറച്ച ഭക്തനായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ഇതുവരെ ആ നടയിലെത്തി ദര്‍ശനം നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. 1960 കളിലാണ് യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശനത്തെക്കുറിച്ചുള്ള വിവാദം ആദ്യമായി ഉയര്‍ന്നത്. തന്റെ ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കൊപ്പം കച്ചേരി അവതരിപ്പിക്കാനെത്തിയ യേശുദാസിനെ ക്രിസ്തുമത വിശ്വാസിയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുവായൂര്‍ ക്ഷേത്ര അധികൃതര്‍ പ്രവേശനം വിലക്കിയത്. അന്നത് ദക്ഷിണേന്ത്യയിലാകെ ചര്‍ച്ചാ വിഷയമായിരുന്നു.

കെ ജെ യേശുദാസ്
കെ ജെ യേശുദാസ്

'ക്ഷേത്രത്തിനുള്ളില്‍ പ്രാണികളെപ്പോലും അനുവദിക്കും, പക്ഷേ ഞാനില്ല' എന്നായിരുന്നു ഇതേകുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ഹിന്ദു മത വിശ്വാസിയെ പോലെ ദൈവങ്ങളെ ആരാധിക്കുന്ന യേശുദാസ് എല്ലാവര്‍ഷവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ശബരിമലയിലും ദര്‍ശനം നടത്താറുണ്ട്. 'ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും' എന്ന് പാടിയ യേശുദാസിന് മുന്നില്‍ ഗുരുവായൂര്‍ നട ഇന്നും തുറക്കാതെ കിടക്കുകയാണ്.

പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയെയും മതത്തിന്റെ പേരില്‍ ക്ഷേത്രനടകളില്‍ നിന്ന് അകറ്റി നിർത്തി. ഹൈന്ദവ ക്ലാസ്സിക്കല്‍ കലാരൂപമായ കഥകളി രംഗത്ത് പ്രവര്‍ത്തിച്ച ആദ്യമുസ്ലീമായ ഹൈദരാലി 1960ലായിരുന്നു കഥകളി സംഗീതത്തില്‍ അരങ്ങേറുന്നത്. അവതരണങ്ങള്‍ കൂടുതലും ക്ഷേത്രപരിസരങ്ങളില്‍ ആയിരുന്നതിനാല്‍ ഹൈദരാലിക്ക് പല വേദികളും നഷ്ടപ്പെട്ടു. മുസ്ലീമായതിനാല്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കി

കലാമണ്ഡലം ഹൈദരാലി
കലാമണ്ഡലം ഹൈദരാലി

കലയ്ക്ക് മുന്നില്‍ മതം തീര്‍ത്ത വേലിക്കെട്ടുകളുടെ വേദന അനുഭവിച്ച പ്രതിഭയാണ് കലാമണ്ഡലം ഹൈദരാലി

എറണാകുളം ചേന്ദമംഗലം ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ കഥകളി പരിപാടിയില്‍ നിന്നും ആദ്യ അവതരണത്തിന് ശേഷം കള്ളം പറഞ്ഞ് മടക്കിയയച്ച അനുഭവമുണ്ടായി ഹൈദരാലിക്ക്. മറ്റൊന്ന് തന്റെ ശിഷ്യന്റെ അവതരണത്തില്‍ പാടാന്‍ ക്ഷേത്ര മതില്‍ ഒരു ഭാഗം പൊളിച്ച് മതില്‍ കെട്ടിനപ്പുറം ഹൈദരാലിയെ നിര്‍ത്തിയതാണ്. ആലപ്പുഴ ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിലായിരുന്നു ഈ സംഭവം. കലയ്ക്ക് മുന്നില്‍ മതം തീര്‍ത്ത വേലിക്കെട്ടുകളുടെ വേദന അനുഭവിച്ച പ്രതിഭയാണ് കലാമണ്ഡലം ഹൈദരാലി.

കേരളത്തില്‍ അടുത്തിടെ ചര്‍ച്ചയായ പേരാണ് മന്‍സിയയുടേത്. ക്ഷേത്രകല ജീവിത സപര്യയാക്കിയ നര്‍ത്തകി. ഇതുവരെ നൃത്തം അവതരിപ്പിച്ചതിലേറെയും ക്ഷേത്രങ്ങളിലായിരുന്നു. എന്നാല്‍ തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തിലായിരുന്നു മന്‍സിയയ്ക്ക് മുന്നില്‍ മതം വിലങ്ങായത്.

മന്‍സിയ വി പി
മന്‍സിയ വി പി

കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തില്‍ നൃത്തോത്സവത്തോടനുബന്ധിച്ച് മന്‍സിയ ഭരതനാട്യം അവതരിപ്പിക്കേണ്ടതായിരുന്നു. പരിപാടിയുടെ നോട്ടീസ് അച്ചടിച്ച ശേഷമാണ് മന്‍സിയയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിയിക്കുന്നത്. അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം മന്‍സിയ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വലിയ പിന്തുണയാണ് കലാ സാംസ്‌കാരിക മേഖലയില്‍നിന്നും അവര്‍ക്ക് ലഭിച്ചത്.

logo
The Fourth
www.thefourthnews.in