Protest against US Supreme Court s abortion decision
Protest against US Supreme Court s abortion decision

നീതിപീഠത്തിന്റെ കൈപിടിച്ച് പിന്നാക്കം നടക്കുന്ന അമേരിക്ക

യുഎസില്‍ ഇനി ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ല
85 ശതമാനം പൗരന്മാരും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന രാജ്യത്താണ് സ്വന്തം ശരീരത്തിന്മേലുള്ള സ്ത്രീയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന വിധി

സ്ത്രീ മുന്നേറ്റങ്ങളുടെ, അവകാശങ്ങളുടെ, ചെറുത്ത് നില്‍പ്പിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ചരിത്രം ഒറ്റ ദിവസം കൊണ്ട് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. യുഎസില്‍ ഇനി ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ല. 'ട്രാജിക് എറര്‍' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ച സുപ്രീംകോടതി വിധിയുടെ ഞെട്ടലിലാണ് യുഎസ്. 1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസ് ഉത്തരവിനെ അസാധുവാക്കി ഗര്‍ഭച്ഛിദ്രം യുഎസില്‍ ഭരണഘടനാപരമായ അവകാശമല്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.

85 ശതമാനം പൗരന്മാരും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന രാജ്യത്താണ് സ്വന്തം ശരീരത്തിന്മേലുള്ള സ്ത്രീയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന വിധി. ഒമ്പതംഗ യു എസ് സുപ്രീംകോടതി ബഞ്ചില്‍ മൂന്നുപേര്‍ റോ കേസ് വിധിയില്‍ ഉറച്ചുനിന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് പക്ഷത്തുള്ള ചീഫ് ജസ്റ്റിസടക്കം ആറ് ജഡ്ജിമാര്‍ വിയോജിച്ചു. ഗര്‍ഭച്ഛിദ്രത്തെ പൂര്‍ണമായും എതിര്‍ത്ത് വിവിധ സ്റ്റേറ്റുകളുടെ ആവശ്യം അംഗീകരിച്ചു. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ഫെഡറല്‍ നിയമങ്ങളൊന്നും നിലവിലില്ലാത്ത അമേരിക്കയില്‍ ഇനിയത് പൂര്‍ണമായും സ്റ്റേറ്റുകളുടെ വിവേചന അധികാരമാകും.

'ട്രാജിക് എറര്‍' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ച സുപ്രീംകോടതി വിധിയുടെ ഞെട്ടലിലാണ് യുഎസ്.

US Supreme Court Judges
US Supreme Court Judges

കോടതി ഉത്തരവും നിരീക്ഷണങ്ങളും

റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി അസാധുവാക്കപ്പെടണമെന്ന് ജഡ്ജി സാമുവല്‍ അലിറ്റോ എഴുതി. ഒമ്പതംഗ ബഞ്ചിലെ നാല് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ കൂടി അതിനെ പിന്തുണച്ചു. ഗര്‍ഭനിരോധനം അവകാശമാകുന്ന എന്തെങ്കിലും പരാമര്‍ശം യുഎസ് ഭരണഘടനയിലില്ല. അത്തരം അവകാശങ്ങളെ ഭരണഘടന സംരക്ഷിക്കുന്നുമില്ല. 15 ആഴ്ചയ്ക്കപ്പുറം ഗര്‍ഭനിരോധനം അനുവദിക്കാനാവില്ലെന്ന മിസിസിപ്പി സ്റ്റേറ്റിന്റെ നിയമം ഉയര്‍ത്തിപ്പിടിക്കുമെന്ന് ചൂണ്ടിക്കാട്ടി കണ്‍സര്‍വേറ്റീവ് പക്ഷത്തെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ഭൂരിപക്ഷത്തിനൊപ്പം നിന്നു. ലിബറലുകളായ മൂന്ന് അംഗങ്ങള്‍ എതിര്‍ വിധിയെഴുതി. ഗര്‍ഭം ധരിക്കുന്ന നിമിഷം മുതല്‍ സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് എങ്ങനെ അംഗീകരിക്കാനാവുമെന്ന് മൂന്നുപേരും ചോദിച്ചു. ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയും അച്ഛനാല്‍ ഗര്‍ഭിണിയാക്കപ്പെടുന്ന മകളും ആ ഗര്‍ഭം ചുമക്കേണ്ടി വരുന്ന സാഹചര്യം എത്ര അപകടകരമാകുമെന്നും മൂന്ന് ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കി.

റോ കേസ് വിധി അസാധുവാക്കുന്ന നിമിഷം മുതല്‍ ഗര്‍ഭച്ഛിദ്ര നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സജ്ജമായിരിക്കുകയാണ് പല സ്റ്റേറ്റുകളും. അതറിഞ്ഞുകൊണ്ട് സ്ത്രീയുടെ അവകാശങ്ങള്‍ക്ക് സംരക്ഷണമൊരുക്കാതെ പുറം തിരിഞ്ഞ് നില്‍ക്കാനാവില്ലെന്ന് അവര്‍ വിശദീകരിച്ചു.

Abortion Right Protest  USA
Abortion Right Protest USA

എന്താണ് റോ വേഴ്‌സസ് വെയ്ഡ് കേസ്

1973ലാണ് ചരിത്രപരമായ വിധിക്ക് അടിസ്ഥാനമായ റോ വേഴ്‌സസ് വെയ്ഡ് കേസ്. ഇത് റോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. 22കാരിയായ നോര്‍മ മക് കോര്‍വി വാദിയും ഡല്ലാസ് കണ്‍ട്രി അറ്റോര്‍ണി ഹെന്റി വെയ്ഡ് എതിര്‍കക്ഷിയുമായ കേസാണിത്. വിവിധ സ്റ്റേറ്റുകളില്‍ നിലനിന്ന ഗര്‍ഭച്ഛിദ്ര നിരോധനം പാടെ പൊളിച്ചെഴുതുന്നതായിരുന്നു വിധി. അമ്മയുടെ ഗര്‍ഭപാത്രത്തിന് പുറത്ത് ഭ്രൂണത്തിന് നിലനില്‍പ്പില്ലെന്ന് ഉറപ്പുള്ള 28 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന് റോ കേസില്‍ വിധിയെഴുതി. ചരിത്രപരമായ വിധി നേടിയെടുത്ത നോര്‍മ മക്കോര്‍വി 'ജെയ്ന്‍ റോ' എന്ന് വിശേഷിക്കപ്പെട്ടു. ഇതിന് ശേഷം 1992ല്‍ വന്ന പ്ലാന്‍ഡ് പാരന്റ് ഹുഡ് വേഴ്‌സസ് കെയ്‌സി കേസിലും ഗര്‍ഭച്ഛിദ്രം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കോടതി ഇളവ് നിര്‍ദ്ദേശിച്ചിരുന്നു.

പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന കോടതി വിധി, സ്വാഗതാര്‍ഹം;
ഡോണള്‍ഡ് ട്രംപ്
Patrick Semansky

സുപ്രീംകോടതിക്കെതിരെ ബൈഡന്‍; ആഹ്‌ളാദപ്രകടനവുമായി റിപ്പബ്ലിക്കന്മാര്‍

'ട്രാജിക് എറര്‍' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സുപ്രീംകോടതി വിധിയെ വിശേഷിപ്പിച്ചത്. അമേരിക്ക മുന്നോട്ട് പോകുന്നത് അപകടകരമായ പാതയിലൂടെയാണ്. ഗര്‍ഭനിരോധന ഉപാധികളും സ്വവര്‍ഗ വിവാഹവുമാകും സുപ്രീംകോടതി ഇനി ലക്ഷ്യം വയ്ക്കാന്‍ പോകുന്നതെന്ന ആശങ്കയും ബൈഡന്‍ പങ്കുവച്ചു. തീവ്രവും അപകടകരവുമായ പാതയിലേക്ക് അമേരിക്കയെ നയിക്കുന്ന വിധി ഒരു തലത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഡെമോക്രാറ്റുകള്‍ക്ക്. രാജ്യത്ത് ഉടനീളം ഡെമോക്രാറ്റുകള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.

പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന കോടതി വിധി സ്വാഗതാര്‍ഹമാണെന്നായിരുന്നു മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. പാപം ചെയ്യുന്നവരെ വേട്ടയാടുന്ന കോടതി വിധി എന്തിന് അംഗീകരിക്കാതിരിക്കണം എന്ന ചോദ്യവുമായി റിപ്പബ്ലിക്കന്‍മാര്‍ ആഹ്‌ളാദപ്രകടനങ്ങള്‍ നടത്തി. ആയിരക്കണക്കിന് സ്ത്രീകള്‍ അവകാശസംരക്ഷണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധവുമായി തെരുവിലിറങ്ങി.

സ്റ്റേറ്റുകളുടെ നിലപാട് എന്ത്?

ഗര്‍ഭച്ഛിദ്രം അവകാശമാക്കുന്ന ഫെഡറല്‍ നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ നടപടികള്‍ ഇനി പൂര്‍ണമായും സ്റ്റേറ്റുകളുടെ നിയന്ത്രണത്തിലാകും. 1973ന് മുന്‍പുള്ള വിധം സ്റ്റേറ്റുകള്‍ക്ക് തീരുമാനമെടുക്കാം. ഏകദേശം 26 സംസ്ഥാനങ്ങള്‍ ഗര്‍ഭച്ഛിദ്ര നിരോധനം നടപ്പാക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മിസൗറിയിലാകും ആദ്യം നിയമം പ്രാബല്യത്തില്‍ വരുന്നത്. മിസൗറി, മിസിസിപ്പി, നോര്‍ത്ത് ഡക്കോട്ട, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ടെന്നിസി, ടെക്‌സസ്, അര്‍ക്കന്‍സസ്, ലൂസിയാന, കെന്റക്കി സ്റ്റേറ്റുകള്‍ ഏപ്രിലില്‍ തന്നെ നിയമം പാസാക്കി സുപ്രീംകോടതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.

ഡെമോക്രാറ്റ് ഭരണത്തിന് കീഴിലുള്ള സ്റ്റേറ്റുകള്‍ ഗര്‍ഭച്ഛിദ്ര അവകാശം നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. നിരോധനം നടപ്പാക്കുന്ന സ്റ്റേറ്റുകളിലെ, ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്തിരിക്കുന്നു ഡെമോക്രാറ്റ് സ്റ്റേറ്റുകള്‍. ഭരണഘടനാപ്രകാരം അവകാശമില്ലെന്ന് കോടതി വിധിച്ചെങ്കിലും ഗര്‍ഭച്ഛിദ്രം നടത്തുന്നവരെ ഏതെങ്കിലും വിധത്തില്‍ വിചാരണ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലെ അറ്റോര്‍ണിമാരുടെ നിലപാട്. എന്നാല്‍ വിചാരണ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകള്‍ നല്‍കുന്നത്.

വിധി ഏത് തരത്തില്‍ ബാധിക്കും?

സുപ്രീംകോടതി വിധിയോടെ യുഎസിലെ അബോര്‍ഷന്‍ കണക്കുകളില്‍ 14 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കുകള്‍. വര്‍ഷത്തില്‍ ഏകദേശം 60,000 കുഞ്ഞുങ്ങളുടെ ജനനം അധികമായി യുഎസില്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ അറിയിപ്പില്ലാതെ ഉടനടി പ്രാബല്യത്തില്‍ വരുന്നൊരു വിധി എങ്ങിനെ പുറപ്പെടുവിക്കാനാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

യാഥാസ്ഥിതികര്‍ക്ക് മുന്‍തൂക്കമുള്ള കോടതിയില്‍ നിന്ന് വിപരീത വിധി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും 1973ലെ നിയമത്തെ പൂര്‍ണമായും റദ്ദ് ചെയ്യുമെന്ന് കരുതിയില്ല. ഗര്‍ഭച്ഛിദ്ര അനുമതിയുള്ള സ്റ്റേറ്റുകളിലേക്ക് എത്തിപ്പെടുക എന്ന വെല്ലുവിളിയാണ് സ്ത്രീകള്‍ക്ക് മുന്നിലുള്ളത്. പണച്ചെലവും ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും യാത്ര ചെയ്യണമെന്ന പ്രതിസന്ധിയുമെല്ലാം അതിന്റെ ഭാഗമാകും.

കൗമാരക്കാര്‍, ദരിദ്രര്‍, കറുത്തവംശജര്‍ തുടങ്ങിയ വിഭാഗങ്ങളിലെ സ്ത്രീകളെയാകും നിരോധനത്തിന്റെ മോശം വശങ്ങള്‍ കൂടുതല്‍ ബാധിക്കുക. ഗര്‍ഭച്ഛിദ്ര അവകാശം പൂര്‍ണമായും റദ്ദ് ചെയ്യുമ്പോള്‍ ഗര്‍ഭനിരോധനവും വിവാഹ സമത്വ അവകാശവും ഇനി ചോദ്യം ചെയ്യപ്പെടുമെന്ന സൂചനയും യുഎസ് സുപ്രീംകോടതി നല്‍കുന്നു. വിധി പുറപ്പെടുവിച്ച ബഞ്ചിലെ ജസ്റ്റിസ് തോമസിന്റെ വിശകലനങ്ങള്‍ അതാണ് ചൂണ്ടിക്കാട്ടുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ പറയുന്നു. അമേരിക്കയുടെ സാംസ്‌കാരിക പുരോഗതിയെ 100 വര്‍ഷം പുറകോട്ടടിക്കുന്നതാണ് ഇപ്പോഴത്തെ കോടതി ഇടപെടല്‍. യാഥാസ്ഥിതിക മേല്‍ക്കോയ്മയിലേക്കുള്ള മുതലാളിത്ത രാജ്യത്തിന്റെ യാത്രയുടെ തുടക്കമായും നടപടി വിലയിരുത്തപ്പെടുന്നു.

logo
The Fourth
www.thefourthnews.in