മുഖ്യമന്ത്രിമാർ 5 വർഷം തികയ്ക്കാത്ത കർണാടകം !

മുഖ്യമന്ത്രിമാർ 5 വർഷം തികയ്ക്കാത്ത കർണാടകം !

1978 മുതൽ 2023 വരെ ഒരോയൊരു തവണ മാത്രമാണ് ഒരു മുഖ്യമന്ത്രി 5 വർഷം തുടർച്ചയായി ഭരിച്ചത്

രാജ്യത്ത് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക് സാധാരണ നിലയിൽ 5 വർഷമാണ് കാലാവധി. ചുമതലയേൽക്കുന്ന ഏത് മുഖ്യമന്ത്രിയും പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ പദവി വിട്ട് ഒഴിയാറില്ല. പലപ്പോഴും വ്യക്തിപരമായ കാരണങ്ങളോ, രാഷ്ട്രീയ പ്രതിയോഗികളുടെ അപ്രതീക്ഷിത നീക്കങ്ങളോ ആണ് കാലാവധി പൂർത്തിയാക്കാതെ സ്ഥാനം ഒഴിയാൻ കാരണമാകുന്നത്. വരുന്ന മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിലെ മുഖ്യമന്ത്രിമാരുടെ ചരിത്രം അൽപ്പം കൗതുകകരമാണ്. 1973 ൽ മൈസൂർ സംസ്ഥാനം കർണാടകമായി പുനർ നാമകരണം ചെയ്യപ്പെട്ട ശേഷം 10 തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 17 മുഖ്യമന്ത്രിമാരാണ് ഈ കാലയളവിൽ വന്നുപോയത്.

ദേവരാജ അരശ്
ദേവരാജ അരശ്

ദേവരാജ അരശ്, ആർ ഗുണ്ടു റാവു

സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ മൈസൂര്‍ സംസ്ഥാനത്തെ 1973 ലാണ് കര്‍ണാടകം എന്ന് പുനര്‍ നാമകരണം ചെയ്യുന്നത്. സംസ്ഥാന രൂപീകരണ വേളയില്‍ കോണ്‍ഗ്രസിന്റെ ദേവരാജ അരശായിരുന്നു മുഖ്യമന്ത്രി. പുനര്‍നാമകരണത്തിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന 1978ല്‍ 224 സീറ്റുകളുള്ള കര്‍ണാടക വിധാന്‍സഭയില്‍ 149 സീറ്റ് നേടി കോണ്‍ഗ്രസും ദേവരാജ അരശും അധികാരം നിലനിര്‍ത്തി. എന്നാൽ രണ്ടാം വരവിൽ അരശിന് അടിതെറ്റി. അക്കാലം വരെയും ഇന്ദിരാ പക്ഷത്തിന്റെ മുൻനിര പോരാളിയായ അരശ്, 1980ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് കോൺഗ്രസ് (അരശ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് മുഖ്യ പ്രതിപക്ഷമായിരുന്ന ജനതാ പാർട്ടിക്കൊപ്പം കൈകോർത്തു. തുടർന്നുള്ള 3 വർഷക്കാലം കോൺഗ്രസ് നേതാവ് ആർ ഗുണ്ടു റാവു കർണാടക മുഖ്യമന്ത്രിയായി.

രാമകൃഷ്ണ ഹെഗ്ഡെ
രാമകൃഷ്ണ ഹെഗ്ഡെ

രാമകൃഷ്ണ ഹെഗ്ഡെ, എസ് ആർ ബൊമ്മൈ

1983 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി 93 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിയുടേയും ഇടതുപാർട്ടികളുടേയും പുറത്ത് നിന്നുള്ള പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പിച്ച ജനതാ പാർട്ടി നേതാവ് രാമകൃഷ്ണ ഹെഗ്ഡെ ജനുവരി പത്തിന് മുഖ്യമന്ത്രിയായി അധികാരമേറ്റു. വ്യക്തി താത്പര്യങ്ങളേക്കാൾ ധാർമികതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന നേതാവായിരുന്നു രാമകൃഷ്ണ ഹെഗ്ഡെ. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ജനതാ പാർട്ടിക്കേറ്റ കനത്ത തോൽവിയ്ക്ക് പിന്നാലെ ഹെഗ്ഡെ രാജിവച്ച് വിധാൻസഭ പിരിച്ചുവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പൊതുവികാരത്തിന്റെ പ്രതിഫലനമാണെന്നും ജനതാ പാർട്ടിയ്ക്ക് ജനങ്ങളുടെ അംഗീകാരം നഷ്ടമായി എന്നുമായിരുന്നു ഹെഗ്ഡെയുടെ പക്ഷം. ഇതോടെ രണ്ട് വർഷത്തിനിടെ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കർണാടക വിധാൻസഭ സാക്ഷ്യം വഹിച്ചു.

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഹെഗ്ഡെയുടെ പ്രവൃത്തി ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. 1985ലെ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി ഒറ്റയ്ക്ക് അധികാരം പിടിച്ചു. മികവുറ്റ ഭരണാധികാരി എന്ന് പേരെടുത്ത ഹെഗ്ഡെയുടെ സൽപേരിന് കളങ്കം വരുത്തുന്ന നിരവധി ആരോപണങ്ങളിൽ മുങ്ങിയതായിരുന്നു പാർട്ടിയുടേയും ഹെഗ്ഡെയുടേയും രണ്ടാം ഊഴം. രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തി എന്ന ആരോപണത്തിന് പിന്നാലെ 1988 ആഗസ്റ്റ് 13 ന് ഹെഗ്ഡെ രാജി സമർപ്പിച്ചു.

എസ് ആർ ബൊമ്മൈ
എസ് ആർ ബൊമ്മൈ

ഹെഗ്ഡെയുടെ പടിയിറക്കത്തോടെ വ്യവസായ മന്ത്രിയായ എസ് ആർ ബൊമ്മൈക്ക് നറുക്കുവീണു. ഈ കാലയളവിൽ തന്നെയായിരുന്നു ജനതാ പാർട്ടിയും ലോക് ദളും ലയിച്ച് ജനതാ ദൾ എന്ന പുതിയ പ്രസ്താനത്തിന്റെ പിറവിയും. ലയനത്തിന് പിന്നാലെ പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിച്ചു. ഇതിനിടെ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ഒരു എംൽഎ, താനടക്കം 19 എംഎൽഎമാർ സർക്കാരിന് പിന്തുണ പിൻവലിക്കുന്നതായി കാണിച്ച് ഒരു കത്ത് ഗവർണർക്ക് നൽകി. കത്ത് ലഭിച്ച ഗവർണർ തൊട്ടടുത്ത ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി. പിന്തുണ പിൻവലിക്കുന്നതായി കാണിച്ച് ഹാജരാക്കിയ കത്തുകൾ വ്യാജമാണെന്നും വിശ്വാസ വോട്ടെടുപ്പ് നേരിടാൻ അവസരം നൽകണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഗവർണർ ചെവിക്കൊണ്ടില്ല. ഒടുവിൽ 1989 ഏപ്രിൽ 21 ന് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് ബൊമ്മൈ സർക്കാരിനെ പുറത്താക്കി.

വീരേന്ദ്ര പാട്ടീൽ, ബംഗാരപ്പ, വീരപ്പ മൊയ്‍ലി

തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ച കർണാടകത്തിലെ കോൺഗ്രസിന് 1989ലെ തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു. അങ്ങനെയാണ് പാർട്ടിയെ തിരികെ അധികാരത്തിൽ എത്തിക്കാനുള്ള ചുമതല വീരേന്ദ്ര പാട്ടീൽ സംസ്ഥാന അധ്യക്ഷനിൽ എത്തിയത്. ജനതാ ദള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും, ഭരണ വിരുദ്ധ വികാരവും കൃത്യമായി ഉപയോഗപ്പെടുത്തിയ കോൺഗ്രസ് അന്ന് 178 സീറ്റിന്റെ മൃഗീയ ഭൂരപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. പാർട്ടിയ്ക്ക് വിസ്മയകരമായ വിജയം സമ്മാനിച്ച വീരേന്ദ്ര പാട്ടീൽ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം സംസ്ഥാനത്ത് ഉണ്ടായ വർഗീയ കലാപങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തി എന്ന് ആരോപിച്ച് കേന്ദ്ര നേൃത്വം വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി.

എസ് ബംഗാരപ്പ
എസ് ബംഗാരപ്പ

പാട്ടീൽ പുറത്തായതിന് പിന്നാലെ കൃഷിമന്ത്രിയായിരുന്ന എസ് ബംഗാരപ്പ വന്നു. സോഷ്യലിസ്റ്റായി രാഷ്ട്രീയ ജീവതം ആരംഭിച്ച ബംഗാരപ്പ 1967 ലാണ് ആദ്യമായി നിയമസഭാംഗം ആകുന്നത്. പിന്നീട് കോൺഗ്രസ് പാളയത്തിലെത്തിയ ബംഗാരപ്പ ദേവരാജ അരശ് സർക്കാരിൽ മന്ത്രിയുമായി. 1983 ൽ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ബംഗാരപ്പ 1985 ൽ കോൺഗ്രസിൽ തിരിച്ചെത്തി. തിരിച്ചുവരവിൽ കൂടൂതൽ ശക്തനായ ബംഗാരപ്പ കർണാടക വിധാൻസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചുമതലയും വഹിച്ചിരുന്നു. പാട്ടീൽ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്ന ബംഗാരപ്പ അങ്ങനെ കർണാടകത്തിന്റെ ആറാമത് മുഖ്യമന്ത്രിയായി. എന്നാൽ ബംഗാരപ്പയ്ക്കും മുഖ്യമന്ത്രി കസേരയിൽ അധിക കാലം തുടരാനായില്ല. ചുമതലയേറ്റ് രണ്ട് വർഷവും ഒരു മാസവും 3 ദിവസവും പിന്നിട്ട ഘട്ടത്തിൽ പാർട്ടിയുമായി നിലനിന്ന ഭിന്നതകളുടെ പേരിൽ ബംഗാരപ്പയും രാജിവച്ച് ഒഴിഞ്ഞു.

വീരപ്പ മൊയ്‍ലി
വീരപ്പ മൊയ്‍ലി

ഒൻപതാം നിയമസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റ രണ്ട് മുഖ്യമന്ത്രിമാർ മൂന്ന് വർഷത്തിനകം പുറത്തായിട്ടും സംസ്ഥാനത്തെ അധികാരത്തിന്റെ കടിഞ്ഞാൺ കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നില്ല എന്നതായിരുന്നു ശ്രദ്ധേയം. ആശയ അടിത്തറയില്ലായ്മയാണ് പാർട്ടി നേതൃനിരയിലെ ആശയക്കുഴപ്പങ്ങൾക്ക് പിന്നിൽ എന്ന വിലയിരുത്തലിൽ നിന്നാണ് വീരപ്പ മൊയ്‍ലി എന്ന പേരിലേക്ക് കേന്ദ്ര നേതൃത്വം എത്തിയത്. അടിയുറച്ച പാർട്ടി പ്രവർത്തകൻ, മുൻ പ്രതിപക്ഷ നേതാവ്, നിയമം, ധനകാര്യം, വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ച പരിചയം, ഇതൊക്കെയായിരുന്നു ദക്ഷിണ കന്നഡയിലെ തുളു കുടുംബത്തിൽ ജനിച്ച വീരപ്പ മൊയ്‍ലിയുടെ വിശേഷണങ്ങൾ. വിധാൻ സഭയുടെ ശേഷിക്കുന്ന 3 വർഷം മൊയ്‍ലി തന്നെ മുഖ്യമന്ത്രിയായി തുടർന്നു.

ദേവ ഗൗഡ

ഭാരതീയ ജനതാ പാർട്ടി അഥവാ ബിജെപി ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വേളയിലായിരുന്നു 1994 ലെ കർണാടക വിധാൻസഭാ തിരഞ്ഞെടുപ്പ്. കോൺഗ്രസിനും ജനതാ പാർട്ടിക്കും പുറമെ ബിജെപ്പിയും ശക്തമായ മത്സരം കാഴ്ച്ചവച്ച തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തത് ജനതാ ദൾ ആയിരുന്നു, 115 സീറ്റോടെ ഭൂരിപക്ഷം ഉറപ്പാക്കി. കോൺഗ്രസ് 34 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ 40 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ രണ്ടാം കക്ഷിയായി. എച്ച് ഡി ദേവ ഗൗഡ 1994 ഡിസംബർ 11 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് വർഷത്തിന് ശേഷം തിരിച്ചുവന്ന ജനതാ സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളും വിദേശ നിക്ഷേപ സമാഹരണവുമായി കളം നിറയുന്ന കാലം, ദേശീയ രാഷ്ട്രീയം അക്ഷരാർത്ഥത്തിൽ കലുഷിതമായിരുന്നു. 1996 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത് അവ്യക്തമായ ജനവിധി, ആർക്കും വ്യക്തമായ ഭുരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വിവിധ പാർട്ടികളുടെ സംയുക്ത മുന്നണിയായ ഐക്യ മുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് ജനതാ ദൾ നേതാവായ എച്ച് ഡി ദേവ ഗൗഡയെ ആയിരുന്നു. തുടർന്ന് 1996 മെയ് 31 ന് അദ്ദേഹം കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

ദേവ ഗൗഡ രാജിവച്ച അതേ ദിവസം തന്നെ ജനതാ ദൾ നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന ജെ എച്ച് പട്ടേൽ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരം ഏറ്റു. കർണാടകത്തിൻ്റെ ചരിത്രത്തിൽ തന്നെ കോൺഗ്രസ് പാരമ്പര്യം ഇല്ലാത്ത ആദ്യ മുഖ്യമന്ത്രിയായും പട്ടേൽ മാറി. എന്നാൽ സർക്കാരിന്റെ അവസാന കാലത്ത് ജനതാ ദളിലെ ആഭ്യന്തര കലഹം രൂക്ഷമായതിനെത്തുടർന്ന് പാർട്ടി പിളർന്നു. ദേവ ഗൗഡയുടെ പക്ഷം ജനതാ ദൾ-സെക്യുലർ എന്നും ജെ എച്ച് പട്ടേൽ പക്ഷം ജനതാ ദൾ യുണൈറ്റഡ് എന്നും രണ്ട് പാർട്ടികളായി.

എച്ച് ഡി ദേവ ഗൗഡ
എച്ച് ഡി ദേവ ഗൗഡ

എസ് എം കൃഷ്ണ

1999 ലെ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയുള്ള ജനതാ ദളിന്റെ പിളർപ്പ് ശരിക്കും അനുഗ്രഹമായത് കോൺഗ്രസിനായിരുന്നു. 1994 ലെ തിരഞ്ഞെടുപ്പിൽ 34 സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസ്, എസ് എം കൃഷ്ണയുടെ നേതൃത്വത്തിൽ 132 സീറ്റോടെ ഉജ്ജ്വലമായി തിരിച്ചുവന്നു. കർണാടകത്തിന്റെ പത്താം മുഖ്യമന്ത്രിയായി അധികാരമേറ്റ എസ് എം കൃഷ്ണയെ എന്നാൽ 'മുഖ്യമന്ത്രി കസേരയിലെ ഭൂതം പിടിച്ചതേയില്ല'. 1972 ലെ ദേവരാജ അരശ് സർക്കാരിന് ശേഷം ആദ്യമായിട്ട് ആയിരുന്നു കർണാടകത്തിൽ ഒരു മുഖ്യമന്ത്രി നിയമസഭയുടെ മുഴുവൻ കാലയളവും പൂർത്തീകരിച്ചത്. അതേസമയം 5 വർഷം പൂർത്തിയാകാൻ കാത്തുനിൽക്കാതെ കോൺഗ്രസ് സർക്കാർ നേരത്തെ സഭ പിരിച്ചുവിട്ട്, ലോക്സഭയ്ക്ക് ഒപ്പമാണ് സംസ്ഥാനവും തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതും ​കൗതുകകരമാണ്.

എസ് എം കൃഷ്ണ
എസ് എം കൃഷ്ണ

എൻ ധരം സിങ്, കുമാരസ്വാമി, യെദ്യൂരപ്പ

ദേശീയ തലത്തിൽ ബിജെപിക്ക് എതിരെ അലയടിച്ച ഭരണവിരുദ്ധ വികാരം സംസ്ഥാനത്തും പ്രയോജനപ്പെടുത്താം എന്ന വിലയിരുത്തലിലായിരുന്നു എസ് എം കൃഷ്ണ കാലാവധി പൂർത്തിയാകുന്നതിനും 6 മാസം മുൻപേ നിയമസഭ പിരിച്ചുവിട്ട് ലോക്സഭയ്ക്ക് ഒപ്പം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2004 ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. 79 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയപ്പോൾ കോൺഗ്രസും ജെഡിഎസും യഥാക്രമം 65 ഉം 58 ഉം സീറ്റ് നേടി. ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ കോൺഗ്രസും ജെഡിഎസും കൈകോർത്തു. കോൺഗ്രസ് നേതാവായ ധരം സിങ് ആയിരുന്നു മുന്നണി സർക്കാരിന്റെ നായകൻ. തുടക്കം മുതൽ കോൺഗ്രസിനും ജെഡിഎസിനും ഇടയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ക്രമേണ രൂക്ഷമായി. എച്ച് ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ 2006 ഫെബ്രുവരി 3 ന് മുന്നണി സർക്കാർ നിലം പൊത്തി.

കോൺഗ്രസ് മുന്നണിയിൽ നിൽക്കെ തന്നെ കുമാരസ്വാമി ബിജെപിയുമായി ധാരണയിൽ എത്തിയിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ജെഡിഎസും ബിജെപിയും ഉൾപ്പെട്ട മുന്നണി അധികാരമേറി. കിങ് മേക്കറായ കുമാരസ്വാമി ഫെബ്രുവരി 4 ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അവശേഷിക്കുന്ന കാലയളവിലെ ആദ്യ ഇരുപത് മാസം ജെഡിഎസിനും ശേഷിക്കുന്ന കാലയളവ് ബിജെപിയ്ക്കും മുഖ്യമന്ത്രി സ്ഥാനം എന്നതായിരുന്നു ഇരു പാർട്ടികൾക്കും ഇടയിലെ ധാരണ. ഇതുപ്രകാരം ഒക്ടോബർ മൂന്നിനായിരുന്നു കുമാരസ്വാമി സ്ഥാനം ഒഴിഞ്ഞ് നൽകേണ്ടിയിരുന്നത്. അവസാന ദിവസങ്ങളിലുണ്ടായ ചില ആശയക്കുഴപ്പം കാരണം രാജി ഒക്ടോബർ 8 വരെ നീണ്ടു. എന്നാൽ അതിനുശേഷവും അധികാര കൈമാറ്റം അത്ര സുഖകരമായിരുന്നില്ല.

ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിന് വിരാമമിട്ട് നവംബർ 12ന് ബി എസ് യെദ്യൂരപ്പ സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കർണാടകത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി. രാഷ്ട്രീയ ജീവത്തിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയെങ്കിലും സർക്കാരിനെ നയിക്കാനുള്ള ഭാഗ്യം യെദ്യൂരപ്പയ്ക്ക് ഉണ്ടായില്ല. മന്ത്രി സ്ഥാനങ്ങളെ ചൊല്ലി ജെഡിഎസുമായുള്ള ചർച്ച വഴിമുട്ടി. ഒടുവിൽ ജെഡിഎസ് യെദ്യൂരപ്പയ്ക്കുള്ള പിന്തുണ പിൻവലിച്ചു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഏഴാം നാൾ യെദ്യൂരപ്പ രാജി സമർപ്പിച്ചു. ആർക്കും സർക്കാരുണ്ടാക്കാൻ കഴിയാതെ വന്നതോടെ സഭ പിരിച്ചുവിട്ടു.

യെദ്യൂരപ്പ, സദാനന്ദ ​ഗൗഡ, ഷെട്ടാർ

ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തി, ഏഴ് നാളിനകം അപമാനിതനായി രാജിവച്ച യെദ്യൂരപ്പയുടേയും ബിജെപ്പിയുടേയും ദക്ഷിണേന്ത്യയിലെ ശക്തി പ്രകടനത്തിനാണ് 2009 ലെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. 110 സീറ്റ് നേടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തി ബിജെപി. കോൺഗ്രസ് 80 സീറ്റ് നേടി നില മെച്ചപ്പെടുത്തിയപ്പോൾ, കഴിഞ്ഞ തവണ 58 സീറ്റ് നേടിയിരുന്ന ജെഡിഎസ് 28 ൽ ഒതുങ്ങി. സ്വതന്ത്രർ അടക്കമുള്ളവരുടെ പിന്തുണയോടെ ബിജെപി അധികാരം ഉറപ്പിച്ചു. 2008 മെയ് 30 ന് കർണാടകയുടെ 13 ആം മുഖ്യമന്ത്രി വീണ്ടും ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ ഭരണ കാലം അക്ഷരാർത്ഥത്തിൽ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. അഴിമതി ആരോപണങ്ങൾക്കും ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള സമ്മർദവും കണക്കിലെടുത്ത് 3 വർഷവും 2 മാസവും പിന്നിട്ട വേളയിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

Manoj Kumar

യെദ്യൂരപ്പയുടെ തന്നെ വിശ്വസ്തനായിരുന്ന സദാനന്ദ ​ഗൗഡയുടേയതായിരുന്നു അടുത്ത ഊഴം. സർക്കാരിന്റെ തുടക്ക കാലത്തേറ്റ അഴിമതി ആരോപണങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ജനകീയ പദ്ധതികളിലായിരുന്ന സദാനന്ദ ഗൗഡയുടെ ശ്രദ്ധ. എന്നാൽ ഇതിനകം പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ യെദ്യൂരപ്പ പാർട്ടിയിലെ വിഭാഗീയത ആളിക്കത്തിച്ചു. ഇതോടെ സദാനന്ദ ഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെ 2012 ജൂലൈ 12 ന് സദാനന്ദ ഗൗഡ തന്റെ രാജി സമർപ്പിച്ചു.

സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രി ആക്കണമെന്നായിരുന്നു യെദ്യൂരപ്പ പക്ഷത്തിന്റെ ആവശ്യം. ഇത് പരിഗണിച്ച് ജൂലൈ 12 ന് ജഗദീഷ് ഷെട്ടാർ സംസ്ഥാനത്തിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഇതിനിടെ യെദ്യൂരപ്പ ബിജെപി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ച് കർണാടക ജനത പക്ഷ എന്ന പാർട്ടി രൂപീകരിച്ചു. പ്രതിപക്ഷത്തിനൊപ്പം യെദ്യൂരപ്പയും ഉയർത്തിയ വെല്ലുവിളികൾക്കിടിയലാണ് ജഗദീഷ് ഷെട്ടാർ സഭയുടെ ശേഷിക്കുന്ന കാലയളവ് പൂർത്തിയാക്കിയത്.

എസ് സിദ്ദരാമയ്യ

1972 പഴയ മൈസൂർ സംസ്ഥാനം കർണാടകമായി പുനർനാമകരണം ചെയ്ത ശേഷം തുടർച്ചയായി 5 വർഷം ഭരിച്ച ഏക മുഖ്യമന്ത്രിയാണ് കോൺഗ്രസിന്റെ എസ് സിദ്ദരാമയ്യ. ബിജെപിയിലെ ആഭ്യന്തര കലഹവും ഭരണ വിരുദ്ധ വികാരവും മുഖ്യ വിഷയമായ 2013 തിരഞ്ഞെടുപ്പിൽ സിദ്ദരാമയ്യയുടെ നേതൃത്തിൽ കോൺഗ്രസ് 122 സീറ്റോടെ അധികാരം ഉറപ്പിച്ചു. മുൻ തിരഞ്ഞെടുപ്പിൽ 110 സീറ്റുണ്ടായിരുന്ന ബിജെപി 40 ലേക്ക് ഒതുങ്ങി. ജെഡിഎസിന് 40 സീറ്റ് ലഭിച്ചു. വ്യക്തമായ ഭൂരപക്ഷത്തോടെ അധികാരമേറിയ സിദ്ദരാമയ്യ 5 വർഷവും 4 ദിവസവും ഭരിച്ച് കാലാവധി പൂർത്തിയാക്കി.

യെദ്യൂരപ്പ, കുമാരസ്വാമി, യെദ്യൂരപ്പ, ബൊമ്മൈ

കർണാടക വിധാൻ സഭയുടെ ചരിത്രത്തിൽ ഏറ്റവും അധികം തവണ മുഖ്യമന്ത്രിമാർ ചുമതലയേറ്റ 5 വർഷമാണ് കടന്നുപോകുന്നത്. 2012 ൽ പാർട്ടി വിട്ട യെദ്യൂരപ്പ 2013 അവസാനത്തോടെ ബിജെപിയിൽ മടങ്ങിയെത്തി പ്രതിപക്ഷ നേതാവായി. 2018 മെയിൽ നടന്ന തിരഞ്ഞെടുപ്പിൽ 104 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസിന് 80 ഉം, ജെഡിഎസിന് 37 സീറ്റും ലഭിച്ചു. സ്വതന്ത്രരുടെയും മറ്റ് പാർട്ടിയിൽ നിന്ന് ജയിച്ചവരുടെയും പിന്തുണ ലഭിച്ചാലും ബിജെപിയ്ക്ക് ഭൂരിപക്ഷം മറികടക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാരുണ്ടാക്കാനുള്ള ഗവർണറുടെ ക്ഷണം സ്വീകരിച്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നൽകിയെങ്കിലും സുപ്രീംകോടതി ഇടപ്പെട്ട് ഇത് 24 മണിക്കൂറായി കുറച്ചു. സഭയിൽ വിശ്വാസവോട്ടെടുപ്പ് വിജയിക്കാനാകില്ലെന്ന് ഉറപ്പായ യെദ്യൂരപ്പ വികാര നിർഭരമായ പ്രസംഗത്തോടെ തന്റെ രാജി പ്രഖ്യാപിച്ചു. രണ്ടര ദിവസമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന്റെ ആയുസ്.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും ജെഡിഎസും കൈകോർത്തു. എം എൽ എ മാരുടെ എണ്ണത്തിൽ ചെറിയ കക്ഷി ആയിരുന്നിട്ടും ജെഡിഎസിന്റെ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ കോൺഗ്രസ് തയ്യാറായി. എന്നാൽ മുന്നണി സർക്കാരിന് അധികം ആയുസ് ഉണ്ടായില്ല. 2019ൽ ബിജെപി നേതൃത്വം നൽകിയ ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസിന്റെ 14 ഉം ജെഡിഎസിന്റെ 3ം എംഎൽമാർ നിയമസഭയിൽ നിന്ന് രാജിവച്ചു. ഇതോടെ ഭൂരിപക്ഷം നഷ്ടമായ കുമാരസ്വാമി സർക്കാർ രാജിവെച്ചു. സഭയിലെ എംഎൽമാരുടെ എണ്ണം കുറഞ്ഞതോടെ ബിജെപി കേവല ഭൂരിപക്ഷം മറികടന്നു.

2019 ജൂലൈ 26 ന് ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആറ് മാസത്തിനകം ഒഴിവുവന്ന സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 17 ൽ 13 ഇടത്തും ബിജെപി സ്ഥാനാർത്ഥികൾ കൂടി ജയിച്ചതോടെ യെദ്യൂരപ്പ സർക്കാരിന് സുരക്ഷിതമായ അംഗബലമായി. 2023 വരെ മുഖ്യമന്ത്രിയായി തുടരാമെന്ന യെദ്യൂരപ്പയുടെ പ്രതീക്ഷയക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് 2021 മെയ് മുതൽ പാർട്ടിയിൽ പുതിയ ചർച്ചകൾ ആരംഭിച്ചിരുന്നു. 75 വയസ് കഴിഞ്ഞ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം പല കോണുകളിൽ നിന്നായി ഉയർന്നു. തുടക്കത്തിൽ യെദ്യൂരപ്പ ഇത് കാര്യമായി എടുത്തില്ലെങ്കിലും ബിജെപി കേന്ദ്ര നേതൃത്വവും ഈ നീക്കത്തിന് അനുകൂലമാണെന്ന് അറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. മുൻപ് ചെയ്തത് പോലെ പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയ്ക്ക് എതിരെ പടനയിക്കാനുള്ള അംഗം തനിക്കില്ലെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തിന് വഴങ്ങി. 2021 ജൂലൈ 28 ന് തന്റെ സർക്കാരിന്റെ രണ്ടാം വാർഷികത്തി ഭാഗമായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം രാജി പ്രഖ്യാപിച്ചു.

മുൻ മുഖ്യമന്ത്രി എസ് ആർ ബൊമ്മൈയുടെ മകനും യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയും ആയിരുന്ന ബസവരാജ ബൊമ്മൈ ആയിരുന്നു യെദ്യൂരപ്പയുടെ പിൻഗാമി. കാര്യമായ പ്രതിസന്ധികളില്ലാതെ ശേഷിക്കുന്ന കാലയളവ് പൂർത്തിയാക്കിയ ബൊമ്മൈ സർക്കാർ 2023 തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, കർണാടകം ആർക്കൊപ്പം നിൽക്കും എന്ന് കാത്തിരുന്ന് കാണണം.

logo
The Fourth
www.thefourthnews.in