സഖാവ് കുഞ്ഞാലി: ഏറനാടിന്റെ വിപ്ലവകാരി

കുഞ്ഞാലിയുടെ കൊലപാതകത്തിൽ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പങ്ക് എന്ത്?

സഖാവ് കെ കുഞ്ഞാലി, കിഴക്കന്‍ ഏറനാടിന്റെ വിപ്ലവകാരി. വെടിയേറ്റ് കൊല്ലപ്പെട്ട രാജ്യത്തെ ആദ്യ എംഎല്‍എ. ചൂഷണങ്ങളുടെ ഇരുണ്ടകാലത്ത് ഒറ്റയ്ക്കൊരു സമര മുന്നേറ്റമായിരുന്നു സഖാവ് കുഞ്ഞാലി. അൻപതുകളില്‍ നിലമ്പൂരിലെത്തിയ കുഞ്ഞാലി തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടി. തോട്ടം ഉടമകളുടെയും രാഷ്ട്രീയ എതിരാളികളുടെയും ഭീഷണി കൂസലില്ലാതെ നേരിട്ടു.

1969 ജൂലൈ 26, തൊഴിലാളി സംഘടനാ തര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായി നിലമ്പൂര്‍ ചുള്ളിയോട്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ച് സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലേയ്ക്ക് നിലമ്പൂര്‍ എംഎല്‍എ കുഞ്ഞാലി എത്തി. പിന്നാലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് ആര്യാടന്‍ മുഹമ്മദും. മണിക്കൂറുകള്‍ക്ക് ശേഷം സംഘര്‍ഷത്തിന് അയവ് വന്നതോടെ പാര്‍ട്ടി ഓഫീസില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയതാണ് കുഞ്ഞാലി. പിന്നാലെ കുഞ്ഞാലിയുടെ നെഞ്ച് പിളര്‍ത്തിക്കൊണ്ട് വെടി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞാലി ധീരരക്തസാക്ഷിത്വം വരിച്ചു.

കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആര്യാടന്‍ മുഹമ്മദ് വെടിവച്ചെന്നായിരുന്നു കുഞ്ഞാലിയുടെ മൊഴി. എന്നാല്‍ വെടി ഉതിര്‍ത്തിരിക്കുന്നത് പാര്‍ട്ടി ഓഫീസിന് താഴത്തെ ഹോട്ടലില്‍ നിന്നെന്നാണ് ലഭിച്ച തെളിവുകള്‍. ആര്യാടനടക്കം 25 പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തു. കുഞ്ഞാലിയെ വെടിവച്ചത് പത്തായത്തിങ്കല്‍ ഗോപാലന്‍ എന്ന കോണ്‍ഗ്രസ് അനുഭാവിയാണെന്ന് പിന്നീട് ആര്യാടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഗോപാലൻ കൊലക്കത്തിക്ക് ഇരയായെങ്കിലും ഈ കേസിലും ആരും ശിക്ഷിക്കപ്പെട്ടില്ല.

കുഞ്ഞാലിയുടെ കൊലപാതകത്തിന് ശേഷം 10 വര്‍ഷത്തോളം കിഴക്കന്‍ ഏറനാട്ടില്‍ ആര്യാടന്‍ വിരുദ്ധ മുദ്രാവാക്യം മുഴങ്ങി കേട്ടു. പക്ഷേ രാഷ്ട്രീയ അസംബന്ധങ്ങളുടെ ചരിത്ര വൈരുദ്ധ്യം തുടര്‍ന്നു. ഇന്ദിരാ വാഴ്ച്ചയ്‌ക്കെതിരെ നിലകൊണ്ട സംഘടന കോണ്‍ഗ്രസിലേക്ക് ആര്യാടന്‍ മുഹമ്മദ് ചേക്കേറി. 1980-ല്‍ സംഘടനാ കോണ്‍ഗ്രസും സിപിഎമ്മും ഒരേ ചേരിയില്‍ ആയപ്പോള്‍ നിലമ്പൂരില്‍ നിന്നും ആര്യാടന്‍ മുഹമ്മദ് വീണ്ടും മത്സരിച്ചു. കൊലയായെന്ന് അധിക്ഷേപിക്കപ്പെട്ട ആര്യാടന് വേണ്ടി സിപിഎമ്മുകാര്‍ ജയ് മുഴക്കിയത് കാലത്തിന്റെ കൗതുകം

Related Stories

No stories found.
logo
The Fourth
www.thefourthnews.in