കേരള മന്ത്രിസഭയിൽ എത്ര നായന്മാരുണ്ട്

കെബി ഗണേഷ് കുമാർ കൂടി വരുന്നതോടെ കേരള മന്ത്രിസഭയിലെ നായന്മാരുടെ എണ്ണം ഒൻപതാവുകയാണ്. ഈ മന്ത്രിസ്ഥാനത്തിലൂടെ സിപിഎം നൽകുന്ന സന്ദേശമെന്താണ്?

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷത്തിന് ശേഷം മുഖം മിനുക്കുമ്പോള്‍ ഒട്ടും പുതുമയില്ലാത്ത രണ്ട് മുഖങ്ങളാണ് കാബിനറ്റിലേക്ക് വരുന്നത്. പ്രവര്‍ത്തനശൈലിയും നിലപാടുകളും കൊണ്ട് കേരളീയര്‍ക്ക് സുപരിചിതരാണ് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും.

കേരളത്തിന്റെ കാബിനറ്റിലേക്ക് ഒരു നായര്‍ കൂടി വരുന്നു എന്നതാണ് പുനഃസംഘടനയുടെ പ്രത്യേകത. നിലവില്‍ എട്ടു നായന്മാരുള്ള കേരളത്തിന്റെ മന്ത്രിസഭയിലേക്ക് കെ ബി ഗണേഷ്‌കുമാര്‍ കൂടി വരുന്നതോടെ അത് ഒന്‍പതായി മാറും. ചീഫ് വിപ്പുമാര്‍ക്കും ക്യാബിനറ്റ് പദവിയുള്ളതുകൊണ്ടു തന്നെ നിലവിലെ സര്‍ക്കാര്‍ ചീഫ് വിപ്പിനെ കൂടി കണക്കില്‍ കൂട്ടിയാല്‍ കേരളത്തില്‍ ക്യാബിനറ്റ് റാങ്കുള്ള 22 പേരില്‍ പത്തുപേരും നായന്മാരാണ്.

കേരള മന്ത്രിസഭയിൽ എത്ര നായന്മാരുണ്ട്
തുറമുഖ വകുപ്പ് ഏറ്റെടുത്ത് സിപിഎം, കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍; ഗണേഷിന് മാറ്റമില്ല; വകുപ്പുകളില്‍ അഴിച്ചുപണി

പ്രതിനിധാനം, അത് പഞ്ചായത്തിലാണെങ്കിലും മന്ത്രിസഭയിലാണെങ്കിലും ജനസംഖ്യാനുപാതത്തിലായിരിക്കണം. അങ്ങനെയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടല്ലോ. കേരളത്തില്‍ ശരിക്കും എത്ര നായന്മാരുണ്ട്? 2011ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ 15.3 ശതമാനമാണ് നായര്‍ സമുദായക്കാര്‍. അവര്‍ക്ക് മന്ത്രിസഭയിലുള്ള പ്രാതിനിധ്യം എത്രയാണ്? 21 ല്‍ ഒൻപതും നായന്മാരാണെന്നു പറഞ്ഞാല്‍ ഏകദേശം 50 ശതമാനത്തോളം വരും നായന്മാരുടെ മന്ത്രിസഭയിലെ പ്രാതിനിധ്യം. ജനസംഖ്യയുടെ 15 ശതമാനം മാത്രമുള്ള ഒരു വിഭാഗത്തിന് അതിന്റെ നാലിരട്ടി പ്രതിനിധ്യമാണ് മന്ത്രിസഭയില്‍ നല്‍കിയിട്ടുള്ളത്. ഈ കണക്ക് മനസ്സില്‍ വയ്ക്കാം. മറ്റു വിഭാഗങ്ങളുടെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ മാത്രമേ ഇതിന്റെ വലിപ്പം മനസിലാക്കാന്‍ സാധിക്കൂ.

ഈഴവ,തീയ്യ വിഭാഗത്തില്‍പ്പെട്ടവര്‍ കേരളത്തിലെ ജനസംഖ്യയുടെ 23.5 ശതമാനാമാണ്. മന്ത്രിസഭയിലുള്ള ഈഴവരുടെ എണ്ണം 5. 21 ല്‍ അഞ്ചെന്നു പറഞ്ഞാല്‍ 22 ശതമാനം. നായന്മാര്‍ കഴിഞ്ഞാല്‍ പിന്നെ മന്ത്രിസഭയില്‍ ഏറ്റവും കൂടുതലുള്ളത് ഈഴവ തീയ്യ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ഈ മന്ത്രിസഭയിലെ മുസ്ലിങ്ങളുടെയും ദളിതരുടെയും പ്രാതിനിധ്യമാണ് പ്രത്യേകമായി പരിശോധിക്കേണ്ടത്. ജനസംഖ്യയുടെ 27 ശതമാനം മുസ്ലിങ്ങളുണ്ട് കേരളത്തില്‍. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ മന്ത്രിസഭയിലുണ്ടായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി അഹമ്മദ് ദേവര്‍കോവില്‍ പുറത്തു പോയതോടെ അത് രണ്ടായി ചുരുങ്ങി. നിലവില്‍ മുസ്ലിങ്ങള്‍ക്ക് മന്ത്രിസഭയിലുള്ള പ്രാതിനിധ്യം 9 ശതമാനമാണ്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ പട്ടികജാതി വിഭാഗങ്ങളില്‍ പെടുന്നവരുടെ എണ്ണം 30,39,573 ആണ്. അത് ആകെ ജനസംഖ്യയുടെ 9.1 ശതമാനം വരും. പട്ടിക വര്‍ഗങ്ങളില്‍പെടുന്നവരുടെ കണക്കെടുക്കുകയാണെങ്കില്‍ 4,84,839 പേരാണ് 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലുള്ളത്. ഇത് ജനസംഘ്യയുടെ 1.45 ശതമാനമാണ്.

9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളുടെ പ്രതിനിധിയായി 21 പേരില്‍ ഒരു മന്ത്രി മാത്രമാണുള്ളത്. 4 ശതമാനം പ്രാതിനിധ്യം. 1.45 ശതമാനമുള്ള പട്ടികവര്‍ഗ്ഗത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല.

മന്ത്രിസഭയിലെ ഏക ലാറ്റിന്‍ കാത്തോലിക് പ്രതിനിധിയായ ആന്റണി രാജുവും, അഹമ്മദ് ദേവര്‍കോവിലും പുറത്തുപോകുമ്പോള്‍ പകരം വരുന്ന കെ ബി ഗണേഷ് കുമാറിലൂടെ ഇടതുപക്ഷം നല്‍കുന്ന സന്ദേശം എന്താണ്? ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്റെ ചരിത്രമൊന്നും ഗണേഷ് കുമാറിന് പറയാനില്ല. പറയാനുള്ളത് ആഢ്യത്വം തെളിയിക്കാനുള്ള, വീട്ടിലെ പഴയ ആനയുടെയും വിന്റജ് വണ്ടികളുടെയും പിന്നെ അച്ഛന്‍ മകന്‍ തമ്മില്‍ത്തല്ലിന്റെയും ചരിത്രം മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ കൊട്ടാരക്കരയിലെ ഒരു പിള്ളയുടെ ചരിത്രം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലപ്പുറം അയാള്‍ ഇന്ന് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന സ്ഥാനം എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന സ്ഥാനമാണ്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മന്ത്രിസ്ഥാനമടക്കം വാങ്ങി നല്കാന്‍ കെല്‍പ്പുണ്ട് ആ സ്ഥാനത്തിന് എന്നതുകൊണ്ട് തന്നെ മന്ത്രിസ്ഥാനത്തേക്കാളും അദ്ദേഹത്തിന് വിലപിടിപ്പുള്ളതും ഈ സ്ഥാനം തന്നെയായിരിക്കും.

കേരള മന്ത്രിസഭയിൽ എത്ര നായന്മാരുണ്ട്
ഗണേഷിന് 'സിനിമ'യില്ല; കൈയിലുള്ള വകുപ്പ് വിട്ടുകൊടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

ജാതിയില്ലെന്ന് കണ്ണടച്ചുകൊണ്ട് പ്രാതിനിധ്യ രാഷ്ട്രീയത്തെക്കുറിച്ചുള്ള സംസാരത്തെ അവഗണിക്കാനാവും സിപിഎം ശ്രമിക്കുക. അത്തരം യാന്ത്രികവാദത്തിന്റെയൊക്കെ കാലം കഴിഞ്ഞു. തുല്യ പ്രാതിനിധ്യത്തിലുടെ മാത്രമെ സാമൂഹ്യനീതി കൈവരിക്കാനാകൂ. ഈ ബോധ്യം ഉണ്ടാകുമെന്ന് കരുതേണ്ട കമ്മ്യൂണിസ്റ്റുകരുടെ സര്‍ക്കാരിലാണ്, തുല്യതാനിഷേധം നടക്കുന്നത്. ജാതി പറയുന്നത്, നീതിയ്ക്ക് വേണ്ടിയും, തുല്യ പ്രാതിനിധ്യത്തിനുവേണ്ടിയുമാണ്. അതാണ് ജാതി നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള ശാസ്ത്രീയ വഴി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in