തോറ്റ പിണറായി വിജയന് ഒരു സത്യവാങ്മൂലം

ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുന്നവരുടെ വിധേയത്വ ഗ്രൂപ്പായാണ് ഇന്ത്യയിലേയും കേരളത്തിലേയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നതാണ് സത്യം

പിണറായി വിജയന്‍ എന്ന വന്‍മരം, താത്പര്യമുണ്ടായിട്ടും ഇല്ലാതിരുന്നിട്ടും അയാളുടെ നേര്‍ക്ക് നോക്കാന്‍ പോലും ഇന്നേവരെ ആരും മുതിര്‍ന്നിട്ടില്ല. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച നേടുകയും ആ നേട്ടത്തിലേക്ക് സിപിഎമ്മിനെ നയിക്കുകയും ചെയ്തതോടെ ആ അപ്രമാദിത്വം കൂടുകയും ചെയ്തു.

എന്നാല്‍ എല്ലാം മാറിമറിയാന്‍ മറ്റൊരു തിരഞ്ഞെടുപ്പ് കൂടിയേ വേണ്ടിവന്നുള്ളു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലയൊന്നുയര്‍ത്താനാകാതെ പാര്‍ട്ടി ഒരു തരിയായി മാത്രം അവശേഷിച്ചതോടെ പിണറായിയുടെ പ്രഭാവമാണ് തകര്‍ന്നത്. ഭരണവിരുദ്ധാ വികാരം, ടീച്ചറുടെ ജനസമ്മതി, ജനങ്ങളെ മനസ്സിലാക്കിയില്ല എന്ന് തുടങ്ങി തിരഞ്ഞെടുപ്പ് തോറ്റ അന്ന് മുതല്‍ തുടങ്ങിയ കല്ലേറുകള്‍. സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് മെമ്പര്‍ വരെ കല്ലെറിയുന്നു. ഇതെന്താ ഇപ്പോ ഇങ്ങനെ? ഈ പാര്‍ട്ടിക്കിതെന്ത് സംഭവിച്ചുവെന്നാണോ ശങ്കിക്കുന്നത്.

എന്നാല്‍ പത്തിചെറുതായ പാമ്പിനെ കൂട്ടംചേര്‍ന്നാക്രമിക്കുന്ന നാടകം. അങ്ങനെ കണ്ടാല്‍ മതി ഇതെല്ലാം. എത്രയോ വര്‍ഷങ്ങളായി പിണറായി വിജയന്റെ ശൈലി വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ ക്യാപ്റ്റന്റെ തണലില്‍ എല്ലാം സുരക്ഷിതം, കരുത്തുറ്റ നേതാവ് എന്നൊക്കെ പറഞ്ഞിരുന്നവര്‍. കേരളത്തെ നയിക്കാന്‍, പാര്‍ട്ടിയെ നയിക്കാന്‍ ഇതിലും നല്ലൊരു നേതാവില്ല എന്ന് വീരഘോഷം മുഴക്കിയവര്‍. ദേ, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ തിരിഞ്ഞു. പൂര്‍ണമായും പരാജയപ്പെട്ട പിണറായി വിജയനെ വലിച്ചുകീറാന്‍ ഇതിലും വലിയൊരു അവസരം ആര്‍ക്കെങ്കിലും കിട്ടുമോ? അത് എല്ലാവരും ചേര്‍ന്നങ്ങ് നടപ്പാക്കുന്നു.

അതല്ലാതെ ജനാധിപത്യമോ തെറ്റുതിരുത്തലോ ആണ് സിപിഎമ്മിനുള്ളില്‍ നടക്കുന്നതെന്നു വെറുതെ പോലും തെറ്റിദ്ധരിക്കേണ്ട. സംഗതി കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്നൊക്കെയാണ് പറയാമെങ്കിലും ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുന്നവരുടെ വിധേയത്വ ഗ്രൂപ്പായാണ് ഇന്ത്യയിലേയും കേരളത്തിലേയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നതാണ് സംഗതി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in