തിരഞ്ഞെടുപ്പ് കാലമായി; കേന്ദ്ര ഏജന്‍സികള്‍ തിരക്കിലാണ്

നാല് ദിവസത്തിനകം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡ് നടന്നത് 200 സ്ഥലങ്ങളിലാണ്. മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർക്കെതിരെ ഓടിനടന്നാണ് കേന്ദ്ര ഏജൻസികൾ കടമ നിർവഹിച്ചത്

ഈ ഒക്ടോബർ ചിലപ്പോൾ ഇന്ത്യയുടെ ചരിത്രപുസ്തകത്താളുകളിൽ തങ്കലിപികളാൽ കുറിക്കപ്പെട്ടേക്കും. 1975 ജൂൺ 25ന് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം നടന്നതിൽ പിന്നെ ഈ മാസമാകും ഇങ്ങനെയൊരു സംഭവം. ശരിക്കും അടിയന്തരാവസ്ഥയുടെ തനിയാവർത്തനം. അത്രത്തോളം റെയ്‌ഡുകളും അറസ്റ്റുകളുമാണ് വളരെ ചെറിയ കാലയളവിൽ മോദി സർക്കാർ നടത്തിക്കൂട്ടിയത്.

നാല് ദിവസത്തിനകം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡ് നടന്നത് 200 സ്ഥലങ്ങളിലാണ്. മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർക്കെതിരെ ഓടിനടന്നാണ് കേന്ദ്ര ഏജൻസികൾ കടമ നിർവഹിച്ചത്. മാർക്‌സിന്റെ വാക്കുകൾ പോലെ ആദ്യം ദുരന്തമായും പിന്നീട് പ്രഹസനവുമായല്ല ഇന്ത്യയിൽ ചരിത്രം ആവർത്തിക്കുന്നത്, ഇന്ത്യയിൽ ഉണ്ടായതും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും  രണ്ടും ദുരന്തങ്ങളാണ്...

റെയ്‌ഡുകളുടെ പെരുമഴ

ഒക്ടോബർ രണ്ടിന് തെലങ്കാനയിലേയും ആന്ധ്രപ്രദേശിലെയും 62 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി തുടക്കം കുറിച്ചത് ദേശീയ അന്വേഷണ ഏജൻസിയായിരുന്നു. ദി ഹ്യൂമൻ റൈറ്റ്‌സ് ഫോറം, സിവിൽ ലിബർട്ടീസ് കമ്മിറ്റി, കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ്, റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷൻ എന്നിവരുടെ ഓഫീസുകളിലായിരുന്നു റെയ്ഡ്. മാവോയിസ്റ്റ് ബന്ധം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.  ഒരു ആക്ടിവിസ്റ്റിന്റെ പക്കലുണ്ടായിരുന്ന 60 തെലുഗ് പുസ്തകങ്ങളാണ് പിടിച്ചെടുത്തു. ചിലപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് വായിച്ചു മനസിലാക്കാൻ കഴിയാഞ്ഞതിനാൽ ആകണം അങ്ങനെ ചെയ്തത്.

അടുത്ത ഊഴം ഇഡിക്കായിരുന്നു ഒക്ടോബർ മൂന്നിന് 46 മാധ്യമ പ്രവർത്തകരുടെ വീട്ടിലും ഓഫീസിലും കയറി അവരുടെ ലാപ്‌ടോപുകളും മൊബൈലും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റും ചെയ്തു. ബാക്കിയുള്ള 44 പേരും ഫലത്തിൽ അറസ്റ്റിലായത് പോലെ തന്നെ. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ടവരെയാണ് റെയ്ഡ് ചെയ്തതെങ്കിലും കസ്റ്റഡിയിലെടുത്തവരോട് ചോദിച്ചത് കർഷക സമരത്തെക്കുറിച്ചും കോവിഡ് കാലത്തെ റിപ്പോർട്ടിങ്ങിനെക്കുറിച്ചുമായിരുന്നു എന്നാണ് വിവരം...

രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന മാധ്യമപ്രവർത്തകരെ കൊടുംകുറ്റവാളികളെ കീഴടക്കാൻ പോകുന്നത് പോലെ പുലർച്ച ഇരുനൂറിലധികം ഉദ്യോഗസ്ഥരെ അണിനിരത്തിയായിരുന്നു റെയ്‌ഡും അറസ്റ്റുമൊക്കെ. ന്യൂസ് ക്ലിക്കിന്റെ പത്രാധിപർ പ്രബീർ പുരകായ്‌സതയ്ക്ക് എതിരായ എഫ് ഐ ആർ അദ്ദേഹത്തിന് നൽകാൻ പോലും ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തയ്യാറായില്ല. കോടതിയെ സമീപിച്ചപ്പോൾ അങ്ങെനയൊന്നും എഫ് ഐ ആർ കൊടുക്കാൻ പറ്റില്ലെന്നും ഇഡി പറഞ്ഞു. പിന്നീട് കോടതിയാണ് എഫ്‌ഐആർ അദ്ദേഹത്തിന് നൽകാൻ ഉത്തരവിട്ടത്.

ഒക്ടോബർ നാലിന് എൻഐഎയെ കടത്തിവെട്ടി ഇഡി വീണ്ടും കളത്തിലിറങ്ങി. ഇത്തവണ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിന്റെ വീടായിരുന്നു ലക്ഷ്യസ്ഥാനം. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ രണ്ട് നേതാക്കൾ, സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ഇപ്പോഴും ജയിലിൽ തന്നെയാണ്. സിസോദിയയ്‌ക്കെതിരെ മാപ്പുസാക്ഷിയായ ആളുടെ മൊഴിയല്ലാതെ മറ്റെന്തുണ്ടെന്ന് സുപ്രീംകോടതി കർശനമായി ചോദിച്ചതിന് തൊട്ടുമുമ്പാണ് മറ്റൊരു നേതാവിനെ കൂടി അറസ്റ്റ് ചെയ്യുന്നതെന്ന ചോദ്യം മറ്റൊരുവശത്ത് ഉണ്ടെന്നതും ഓർക്കേണ്ടതാണ്.  മദ്യനയത്തിൽനിന്ന് ആംആദ്മി പാർട്ടിക്ക് ഗുണം കിട്ടിയെങ്കിൽ പിന്നെന്തുകൊണ്ട് കേസില്ലെന്നും കോടതി ചോദിച്ചിരുന്നു.

ഒക്ടോബർ അഞ്ചിന് നാലിടങ്ങളിലായിരുന്നു റെയ്ഡ്... എല്ലാം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആദായ നികുതിവകുപ്പും ഇഡിയും കൂടി പങ്കിട്ടെടുത്തു... മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് പണം നൽകുന്നില്ലെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധിക്കുമ്പോഴായിരുന്നു പശ്ചിമ ബംഗാൾ മന്ത്രി രതിൻ ഘോഷിന്റെ വീട്ടിൽ റെയ്ഡ് നടന്നത് . നിയമന അഴിമതി കേസായിരുന്നു കാരണമായി പറഞ്ഞത്.  ഇതേ സമയം തന്നെ കർണാടക കോൺഗ്രസ് നേതാവ് ആർ എം മഞ്ജുനാഥിന്റെ വീട്ടിലും റെയ്ഡ് നടന്നു. സഹകരണ ബാങ്കിലെ ക്രമക്കേട് ആരോപിച്ചായിരുന്നു നടപടി. തമിഴ്‌നാട്ടിലെ ഡിഎംകെ എംപി ജഗത് രക്ഷകനുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളിൽ  ഇതേ ദിവസം ആദായനികുതി വകുപ്പും റെയ്ഡ് നടത്തി...

എന്തായാലും പിടിപ്പത് പണിയാണ് ഇഡിയ്ക്ക്. എസ് കെ മിശ്ര എന്ന ഉദ്യോഗസ്ഥൻ തലപ്പത്ത് വന്നതോടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ കയറി ഇറങ്ങുകയാണ് ഇഡി.  നിരവധി തവണ നീട്ടി നൽകിയ മിശ്രയുടെ കാലവധി ഒടുവിൽ സുപ്രീംകോടതി അവസാനിപ്പിച്ചതോടെ, അദ്ദേഹത്തെ എല്ലാ അന്വേഷണ ഏജൻസികളുടെയും തലപ്പത്ത് നിയോഗിച്ചേക്കുമെന്ന വാർത്തയുമുണ്ട്.

ഇനി ഒരു കണക്ക് നോക്കാം

2021 ഓഗസ്റ്റിൽ ഇഡി അറിയിച്ചത് 122 ജനപ്രതിനിധികൾക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ്. ഇതിൽ 85 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്... റെയ്‌ഡുകളുടെ കാര്യത്തിൽ 2014ന് ശേഷം 27 ഇരട്ടി വർധനയാണ് ഉണ്ടായത്. യുപിഎ കാലത്ത് 112 റെയ്‌ഡുകളാണ് അന്വേഷണ ഏജൻസി നടത്തിയതെങ്കിലും ബിജെപി ഭരണകാലത്തത് 3,010 ആയി.

2005ൽ രൂപീകരിച്ച  ഇഡി, 2014 ൽ നരേന്ദ്രമോദി അധികാരത്തിൽവന്നതിന് ശേഷം രെജിസ്റ്റർ ചെയ്തത് അഞ്ചിരട്ടി കേസുകളാണ് രജിസ്റ്റർ ചെയ്തത്. രാഷ്ട്രീയ നേതാക്കൾക്കെതിരായ ഇഡി കേസുകളിൽ നാലിരട്ടിയുടെയും വർധനയുണ്ടായി. ഇതിൽ 95 ശതമാനമവും പ്രതിപക്ഷ പാർട്ടി നേതാക്കാളെന്ന് ഇന്ത്യൻ എക്‌സ്പ്രസ് പത്രം ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


കണക്കുകളൊക്കെ എങ്ങനൊക്കെ ആയാലും തിരഞ്ഞെടുപ്പ് അടുത്തതോടെ ഒരുകാര്യം മാത്രമേ ഉറപ്പിച്ച് പറയാനാകൂ... അത് കൂട്ടിലിട്ട തത്തകൾക്ക് അവധി പോലുമില്ലാതെ ജോലിയുണ്ടാകുമെന്ന കാര്യം മാത്രമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in