അരി കയ്യിട്ടുവാരുന്ന കേന്ദ്രസർക്കാർ; സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അരി അടിച്ചുമാറ്റുന്ന പുത്തൻ വോട്ടുരാഷ്ട്രീയം

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴി സംസ്ഥാനങ്ങൾക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന അരി നിർത്തലാക്കി, അതിന്റെ പേരുമാറ്റി വിതരണം ചെയ്യുന്ന ഗൂഢരാഷ്ട്രീയ തന്ത്രത്തിനാണ് ഇന്ത്യ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്

ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ അരി പലപ്പോഴും രാഷ്ട്രീയ ആയുധമാകാറുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ അത്തരം പ്രവണതകൾ സജീവവുമാണ്. എന്നാൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ട അരി, കേന്ദ്രത്തിലേക്ക് അടിച്ചുമാറ്റുന്ന ഒരു പുതു രീതിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ആവിഷ്‌കരിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്നതും അതുപോലെ, സാമ്പത്തികമായി പരാധീനതകൾ അനുഭവിക്കുന്നവരുടെ അന്നം മുട്ടിക്കുന്നതുമാണ് ഈ നടപടികൾ.

ഈ സങ്കുചിത രാഷ്ട്രീയ ഇടപെടൽ സംസ്ഥാനങ്ങളെ തീർത്തും ദുർബലമാക്കുന്നുമുണ്ട്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴി സംസ്ഥാനങ്ങൾക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന അരി നിർത്തലാക്കി, അതിന്റെ പേരുമാറ്റി വിതരണം ചെയ്യുന്ന ഗൂഢരാഷ്ട്രീയ തന്ത്രത്തിനാണ് ഇന്ത്യ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സാധാരണ ഗതിയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുന്ന അരി, പൊതുവിപണി വഴി വില്പന നടത്താറാണ് പതിവ്. ഇവിടെനിന്നാണ് കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ടെന്‍ഡറിലൂടെ അരി വാങ്ങുകയും സപ്ലൈക്കോ പോലെയുള്ള സർക്കാർ ഏജൻസികൾ വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതും.

അരി കയ്യിട്ടുവാരുന്ന കേന്ദ്രസർക്കാർ; സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അരി അടിച്ചുമാറ്റുന്ന പുത്തൻ വോട്ടുരാഷ്ട്രീയം
അരികൊണ്ട് രാഷ്ട്രീയം കളിക്കുന്നവർ!

എഫ്സിഐയിൽനിന്ന് 24 രൂപയ്ക്ക് സപ്ലൈക്കോ വാങ്ങുന്ന അരി, വെള്ള അരിയാണെങ്കിൽ ഒരുരൂപ കുറച്ച് 23 രൂപയ്ക്കും ചുവന്ന അരി ആണെങ്കിൽ 24 രൂപയ്ക്കുമാണ് പൊതുജനങ്ങൾക്ക് വിറ്റിരുന്നത്. ഇതിനാണിപ്പോൾ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിമുതൽ സംസ്ഥാന ഏജൻസികളെ ടെന്‍ഡറിൽ പരിഗണിക്കേണ്ടതില്ല എന്ന നിർദേശമാണ് കേന്ദ്രം എഫ്സിഐക്ക് നൽകിയിട്ടുള്ളത്.

'ഭാരത് അരി' എന്ന പേരിൽ 29 രൂപയ്ക്ക് വിറ്റ്, കേരളത്തിൽ ഉൾപ്പടെ വോട്ടുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. കേരളത്തിൽ പ്രതീക്ഷവയ്ക്കുന്ന തൃശൂരിലായിരുന്നു ആദ്യം ഭാരത് അരി നൽകിത്തുടങ്ങിയത്. അരിയെ രാഷ്ട്രീയ ആയുധമാക്കുന്നതിലൂടെ ബിജെപി എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അതിൽനിന്നുതന്നെ വ്യക്തമാണ്. സപ്ലൈക്കോ പോലെയുള്ള സർക്കാർ ഏജൻസികൾ വഴി കുറഞ്ഞ വിലയ്ക്കുള്ള വിതരണത്തിനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

എഫ്സിഐയിൽ സ്റ്റോക്കുള്ള അരി മാർച്ച് 31-നകം കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ, ദേശീയ സഹകരണ കൺസ്യൂമർ ഫെഡറേഷൻ എന്നിവർക്ക് കൈമാറാനും കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. ഇങ്ങനെ ഏറ്റെടുക്കുന്ന അരി, ഭാരത് അരി എന്ന പേരിൽ 29 രൂപയ്ക്ക് വിറ്റ്, കേരളത്തിൽ ഉൾപ്പെടെ വോട്ടുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി.

18.59 രൂപയ്ക്കാണ് കേന്ദ്രം എഫ്സിഐയിൽനിന്ന് അരി ഏറ്റെടുക്കുന്നത്. എന്നിട്ട് 29 രൂപയ്ക്ക് വിൽക്കുന്നു. അതേസമയം, കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് തങ്ങൾക്ക് നൽകുകയാണെങ്കിൽ 22 രൂപയ്ക്ക് അരി കൊടുക്കാൻ കഴിയുമെന്നാണ് കേരള സർക്കാർ പറയുന്നത്.

ഒരേസമയം സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരിച്ച് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ജിഎസ്ടിയും കടമെടുപ്പ് പരിധിയും ഉൾപ്പെടെ സകല വഴികളിലൂടെയും രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ തകർത്ത് അധികാര കേന്ദ്രീകരണത്തിന് ശ്രമിക്കുന്ന സർക്കാരിന്റെ വഴിയിലെ പുതിയ ആയുധമാണ് ഭാരത് അരി.

ബിപിഎൽ കുടുംബങ്ങളുള്ള കേരളത്തിന് അതുകണക്കാക്കി സൗജന്യ അരി നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ പുതിയ സെൻസസ് കഴിയുംവരെ കാത്തുനിൽക്കാനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ആഗോള പട്ടിണി സൂചികയിൽ പാകിസ്താനും പിന്നിൽ 111-ാം സ്ഥാനത്ത് ഇന്ത്യ നിൽക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ സങ്കുചിത രാഷ്ട്രീയ ഇടപെടലുകൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in