കനി: ഇസ്ലാമോഫോബിയയും ആവേശക്കമ്മിറ്റിക്കാരും

കനി: ഇസ്ലാമോഫോബിയയും ആവേശക്കമ്മിറ്റിക്കാരും

മുസ്ലിം വിരുദ്ധ സിനിമയെന്ന് വിമർശിക്കപ്പെടുന്ന, ബിരിയാണി പോലൊരു സിനിമയില്‍ അഭിനയിച്ച കനിയെ, ഇത്രയ്ക്ക് പ്രശംസിക്കേണ്ടതുണ്ടോ എന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം

ബിരിയാണിയില്‍ അഭിനയിച്ചതിനാൽ കാനിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ കനി കുസൃതിയെ എന്തിനാണ് വാഴ്ത്തുന്നതെന്നാണ് ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. മുസ്ലിം വിരുദ്ധ സിനിമയെന്ന് വിമർശിക്കപ്പെടുന്ന, ബിരിയാണി പോലൊരു സിനിമയില്‍ അഭിനയിച്ച കനിയെ, ഇത്രയ്ക്ക് പ്രശംസിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്. എന്നാല്‍ വിധ്വംസക സ്വഭാവമുള്ളതുകൊണ്ട് തന്നെ ഇതിനെ അവഗണിക്കുന്നത്, നിഷ്‌കളങ്കരില്‍ കണ്‍ഫ്യൂഷനുണ്ടാക്കും.

ബിരിയാണി സജിന്‍ ബാബു എന്ന സംവിധായകന്റെ സിനിമയാണ്. ജോണ്‍ എബ്രഹാമിന്റെ ഭാഷയില്‍ പറഞ്ഞാല്‍, അയാളാണ് ആ സിനിമയുടെ ഹിറ്റ്ലര്‍. ആ സിനിമ ഇസ്ലാമോഫോബിക്കാണെന്ന ആരോപണം പലര്‍ക്കുമുണ്ട്. എന്നാല്‍ കനി കുസൃതി അതിലെ നടിയാണ്. സംവിധായകന്റെ ആശയങ്ങളെ ആവിഷ്‌ക്കരിച്ച നടി. അതിലപ്പുറം അതിന്റെ ആശയങ്ങള്‍ അവരുടേതല്ല. അവര്‍ തന്നെ അതിന്റെ രാഷ്ട്രീയത്തോട് വിയോജിച്ചതുമാണ്.

കനി: ഇസ്ലാമോഫോബിയയും ആവേശക്കമ്മിറ്റിക്കാരും
സ്ത്രീ വിരുദ്ധതയ്ക്ക് രമയ്ക്കും പതിവ് മറുപടി മാത്രമോ?

എന്നാല്‍ കാനില്‍ സംഭവിച്ചതോ, അവിടെ കനി എന്ന നടി ഒരു രാഷ്ട്രീയ പ്രസ്താവന, ചിഹ്നങ്ങളുപയോഗിച്ച് നടത്തുകയായിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഡ്യം. അത്, ആ വലിയ നടിയുടെ രാഷ്ട്രീയമാണ്. അഭിനയമല്ല. ഇതറിയാതെയാണ് ബിരിയാണിയുമായി കാനിലേക്ക് പോകാനുള്ള ചിലരുടെ നീക്കം. വലിയ രാഷ്ട്രീയ പ്രതിഷേധത്തിന്റെ മാനങ്ങള്‍ മനസിലാക്കാന്‍ കഴിയാത്തവര്‍ എന്ന് മാത്രം അവരെക്കുറിച്ച് മനസിലാക്കിയാല്‍ മതി.

ഇതിനു സമാനം തന്നെയാണ് കനിയേയും ദിവ്യപ്രഭയെയും ആഘോഷിച്ചുകൊണ്ട് രംഗത്തെത്തിയ ഒരുപറ്റം ആളുകളും. ഇവരിലെ സന്തോഷം ആത്മാര്‍ഥതയുള്ളതാണെന്നു, പൂര്‍ണമായും പറയാന്‍ കഴിയില്ല. ആണത്ത പ്രതിരൂപങ്ങളായ മെഗാ സ്റ്റാറിന്റെയും, കംപ്ലീറ്റ് ആക്ടറുടെയും ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ മാറ്റി വച്ചതിന്റെ പകുതി സമയം ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ കനിയെ പോലെയും ദിവ്യപ്രഭയെയും പോലെ പോരാടി നിലനില്‍ക്കുന്ന അഭിനേത്രികളെ കുറിച്ച് സംസാരിക്കാന്‍ മാറ്റി വച്ചിട്ടുണ്ടോ? ഇപ്പോള്‍ ആഘോഷിക്കുന്ന, ഓള്‍ വീ ഇമേജിന് ആസ് ലൈറ്റ് എന്ന സിനിമ കാനില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പോലും കാണാത്ത ആവേശക്കമ്മറ്റിയെ ആണ് ഇപ്പോള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഒരു സ്ത്രീയെ അംഗീകരിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് അവര്‍ കാനിലെ ചുവന്ന പരവതാനിയിലെങ്കിലും എത്തണം എന്നതാണ് യാഥാര്‍ഥ്യം. അവിടെ എത്തിയാല്‍ പോലും അംഗീകരിക്കാന്‍ പറ്റാത്തവരെ കുറിച്ചാണ് നേരത്തെ പറഞ്ഞത്.

കനി: ഇസ്ലാമോഫോബിയയും ആവേശക്കമ്മിറ്റിക്കാരും
കെജ്‌രിവാളിന് മുന്നിൽ നിരന്തരം 'തോൽക്കുന്ന' മോദി

വേര്‍ ഈസ് വുമണ്‍ ഇന്‍ മലയാളം സിനിമ, അഥവാ മലയാളം സിനിമയില്‍ സ്ത്രീകളെവിടെയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നതിനിടയിലാണ് മലയാളം സിനിമയിലെ സ്ത്രീകള്‍ അങ്ങ് കാനിലാണെന്ന തരത്തില്‍ കനിയെയും ദിവ്യയെയും നാം ആഘോഷിച്ചത്. എന്നാല്‍ റെഡ് കാര്‍പ്പറ്റിലേക്കുള്ള വഴികള്‍ ആരംഭിക്കുന്നത് മുതലുള്ള സ്വീകാര്യത മാത്രമേ അവര്‍ക്കും ലഭിച്ചിട്ടുള്ളു, അത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ ഭാഗമായിരുന്നിട്ട് പോലും. മലയാളത്തില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വരുന്ന പ്ലോട്ടുകള്‍ കുറവാണെന്നത് ശരി തന്നെ. പക്ഷേ വരുന്ന സിനിമകളെ മേല്‍പ്പറഞ്ഞ ആവേശക്കമ്മറ്റിക്കാര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നത് തന്നെയാണ് പ്രശ്‌നം. ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റ് എന്ന സിനിമയുടെ പേരുകേള്‍ക്കാന്‍ തന്നെ കനിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യം വേണ്ടിവന്നു. ശ്രുതി ശരണ്യത്തിന്റെ ബി 33 മുതല്‍ 44 വരെ എന്ന സ്ത്രീപക്ഷ സിനിമ മുഖ്യധാരാ ചര്‍ച്ചകളിലോ ആഘോഷങ്ങളിലോ കടന്നു വന്നിട്ടില്ല എന്നും നമ്മള്‍ കാണണം. എന്നുവച്ചാല്‍ ആണുങ്ങളുടെ സിനിമകള്‍ ചര്‍ച്ച ചെയ്യാന്‍ ഇതേ ആവേശകമ്മറ്റിക്കാര്‍ മാറ്റിവയ്ക്കുന്ന സമയത്തിന്റെയും ആവേശത്തിന്റെയും അയലത്ത് പോലും എത്താറില്ല എന്നാണ് ഉദ്ദേശിച്ചത്.

ദിവ്യ പ്രഭയെ ഡാന്‍സ് പഠിപ്പിക്കുന്ന ചിലരെയും കണ്ടു. കുറ്റം പറയരുതല്ലോ അവരെ പറഞ്ഞു ബോധ്യപ്പെടുത്താമെന്ന് നമ്മള്‍ കരുതുന്നത് മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞ്, അത്തരമൊരു സാഹസത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. ആരും കൈ പിടിച്ച് നടത്തിയിട്ടല്ല കനിയും ദിവ്യപ്രഭയും മലയാള സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിയത്. കയ്യിലെ കല മാത്രമായിരുന്നു അവരുടെ കൈമുതല്‍. അത് മാത്രമായിരുന്നു അവരുടെ ധൈര്യം. കലയുടെ ധൈര്യത്തില്‍ അവര്‍ നടന്നെത്തിയതാണ് കാന്‍ വേദിയില്‍. അവിടെ അവര്‍ അവരുടെ രാഷ്ട്രീയം പറയും. തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തിക്കാണിക്കും. തോന്നിയതുപോലെ ഡാന്‍സ് കളിക്കും. നിങ്ങള്‍ ആരുടേയും ഔദാര്യത്തിലല്ല അവരവിടെ എത്തിയത് എന്നതുകൊണ്ടുതന്നെ നിങ്ങളുടെ അഭിപ്രായം തല്ക്കാലം ഇവിടെ ആവശ്യവുമില്ല. ഒറ്റയ്ക്ക് തങ്ങളുടെ കലയെ ചേര്‍ത്തുപിടിക്കുകയും ഒറ്റയ്ക്ക് നടക്കുകയും ചെയ്തവരാണവര്‍, ഇനി വേറൊരാളുടെ സഹായം അവര്‍ക്കാവശ്യവുമില്ല.

logo
The Fourth
www.thefourthnews.in