നയം മാറ്റത്തിന്റെ 'സൂര്യോദയം'; ബജറ്റിൽ പ്രതിഫലിക്കുന്ന ഇടതുപരിണാമം

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ- വിദേശ നിക്ഷേപങ്ങൾ സാമൂഹ്യ നിയന്ത്രണത്തോടെ നടപ്പിലാക്കുമെന്നാണ് സിപിഎം വാദം

സാമ്പത്തിക ഞെരുക്കത്തിനിടെയുള്ള രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുകയാണ്. പ്രഖ്യാപനം മുഴുവൻ പൂർത്തിയാകുമ്പോൾ ഇത്തവണത്തെ ബജറ്റിന് മുൻപെങ്ങുമില്ലാത്തൊരു പ്രത്യേകതയുണ്ട്. കേരള വികസനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച കാര്യങ്ങളിൽ ഊന്നിയുള്ള ബജറ്റാണ് ഇത്തവണ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് എന്നതാണ് 2024 -25 വർഷത്തെ ബജറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഈയടുത്ത കാലം വരെ സിപിഎമ്മും ഇടതുപാർട്ടികളും ശക്തമായി എതിർത്തു പോന്ന അല്ലെങ്കിൽ പോന്നിരുന്ന പരിപാടികളാണ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാലത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിനെതിരെ തെരുവിൽ പോരാടിയ സിപിഎം, സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാല ക്യാമ്പസുകളും തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കേരള വികസന മാതൃകയെ സ്വകാര്യ മേഖലയുടെ പിന്തുണയിൽ നയിക്കുമെന്നാണ് സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്.

സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള വികസന മാതൃകയ്ക്കുള്ള രേഖ അവതരിപ്പിച്ചത്. കേരളത്തിന്റെ വികസനം എങ്ങനെ ആയിരിക്കണമെന്ന ചർച്ച ഇതിനുമുൻപ് പാർട്ടി സമ്മേളനം ചർച്ച ചെയ്യുന്നത്
 കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിലെത്തിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലത്തായിരുന്നു.

പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലെ നിർദ്ദേശങ്ങളാണ് ബജറ്റിലൂടെ പ്രതിഫലിക്കുന്നത്. ഇതിൽ ഉന്നത വിദ്യാഭ്യാസ രംഗമുൾപ്പെടെയുള്ള മേഖലകളിൽ സ്വകാര്യ- വിദേശ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായ, ടൂറിസം മേഖലകളിലും ഊന്നൽ സ്വകാര്യ- വിദേശ നിക്ഷേപത്തിനാണ്. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിൽ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചതോടെ സമ്പൂർണ നയം മാറ്റമാണ് നടപ്പിലാകുന്നത്.

പാർട്ടി സമ്മേളനത്തിൽ നയം അവതരിപ്പിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്തുൾപ്പടെയുള്ള മേഖലകളിൽ ഇതിനകം തന്നെ സ്വകാര്യ-വിദേശ നിക്ഷേപങ്ങൾ ഉണ്ടെന്ന് സിപിഎം  വിശദീകരിച്ചിരുന്നു. വ്യവസായ വൽക്കരണത്തിലും സ്വകാര്യ- വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കുന്നതിനും നേരത്തെ ഉണ്ടായിരുന്ന നയം പിന്തുടരുന്നു എന്ന ന്യായീകരണമായിരുന്നു സിപിഎമ്മിന്. ബജറ്റ് നിർദ്ദേശത്തോടും സർക്കാരിന്റെ വിശദീകരണം ഇതുതന്നെയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ- വിദേശ നിക്ഷേപങ്ങൾ സാമൂഹ്യ നിയന്ത്രണത്തോടെ നടപ്പിലാക്കുമെന്നാണ് സിപിഎം വാദം. എന്നാൽ ഇതെങ്ങനെ സാധ്യമാകുമെന്നത് മാത്രം ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. സ്വകാര്യ സർവകലാശാലകളുടെ  കാര്യത്തിലും സിപിഎം നയം മാറ്റിയെന്നതിന്റെ സൂചനയാണ് ബജറ്റിലുള്ളത്. നേരത്തെ സ്വാശ്രയ കോളേജുകളെപ്പോലും എതിർത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത് എന്നുകൂടി ഓർമിപ്പിക്കുന്നു.


ജനങ്ങളുടെ സഹായത്തോടെ സ്‌കൂൾ- ആശുപത്രി വികസനം എന്നാണ് സർക്കാർ പറയുന്നത്.  സർക്കാർ ആശുപത്രികളിൽനിന്നടക്കം ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സേവനത്തിന് പണം ഈടാക്കികൊണ്ടാകുമോ ഇത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

കേന്ദ്രത്തിന്റെ സഹായങ്ങൾക്കായി കാത്ത് നിൽക്കാതെ പൊതു- സ്വകാര്യ മേഖലകളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സാധ്യതകളെ വളർത്താനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു. നേരത്തെയുള്ള നയങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായ സമീപനങ്ങൾ അവതരിപ്പിക്കുമ്പോഴും, കേരളത്തിന്റെത് സവിശേഷമായ വികസന രീതിയാണെന്ന്  സ്ഥാപിച്ചെടുക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.

നയം മാറ്റത്തിന്റെ 'സൂര്യോദയം'; ബജറ്റിൽ പ്രതിഫലിക്കുന്ന ഇടതുപരിണാമം
ധനക്കമ്മി 44,529 കോടി; അറിയാം നൂറു പോയിന്റുകളിലൂടെ കേരള ബജറ്റ് 2024-25

കേരളീയത്തെ കേന്ദ്രത്തിന്റെ അവഗണനയ്ക്ക് എതിരായ മറുമരുന്നായാണ് സർക്കാർ വിശദീകരിക്കുന്നത്. ഇതിലൂടെ കേന്ദ്ര സംസ്ഥാന ബന്ധത്തിലെ പ്രശ്‌നങ്ങൾ ഹൈലൈറ്റ് ചെയ്യാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാനം നൂറുരൂപ പിരിക്കുമ്പോൾ കേന്ദ്രം ആകെ നൽകുന്നത് 21 രൂപയാണ്. അതേസമയം ഉത്തർപ്രദേശ്, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ വിഹിതമാണ് നൽകുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറയുന്നുണ്ട്.  

കേന്ദ്രത്തിന്റെ പിടിവാശി കാരണം കിഫ്ബി ഇത്തവണ പുതിയ പദ്ധതികൾ ഏറ്റെടുക്കില്ലെന്നും സാമൂഹ്യ സുരക്ഷ കമ്പനി പുതിയ വായ്പ എടുക്കുന്നില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വികസനത്തിനും ക്ഷേമത്തിനും  സർക്കാർ നടപ്പിലാക്കിയ ബദൽ രീതിയും കേന്ദ്രത്തിന്റെ നിലപാടുമൂലം നിലയ്ക്കുകയാണ്. എന്തായാലും സിപിഎമ്മിന്റെ വികസനത്തോടുള്ള സമീപനം പൂർണ അർഥത്തിൽ പ്രതിഫലിച്ച, ബജറ്റെന്ന രീതിയിലാവും സാമ്പത്തിക പ്രയാസങ്ങളുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഈ ബജറ്റ് അറിയപ്പെടുക.  ധനകാര്യ ഫെഡറലിസത്തെ പൂർണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സമീപനം തുടരുമ്പോൾ ബദൽ വികസന രീതികൾ നേരിടുന്ന പ്രതിസന്ധി കൂടിയാണ് ഈ വർഷത്തെ ബജറ്റിൽ നിഴലിക്കുന്നതെന്ന് പറയാതെ വയ്യ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in