അയോധ്യ ഫ്രെയിമിൽനിന്ന് ഒഴിവാക്കപ്പെടുന്ന എൽ കെ അദ്വാനി

അദ്വാനിയും ജോഷിയും അയോധ്യയിലെത്തിയാല്‍, ശ്രദ്ധ അവരിലേക്ക് മാത്രം ഒതുങ്ങുമോ എന്ന ആശങ്കയായിരിക്കാം മോദിയുടെ പി ആർ ടീമിനെ പിടികൂടിയിട്ടുണ്ടാവുക

ഒരിക്കല്‍ കൂടി ഹിന്ദുത്വ രാഷ്ട്രീയം എല്‍ കെ അദ്വാനിയോട് പറഞ്ഞിരിക്കുന്നു, കടക്കൂ പുറത്ത്. ഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയ് ആയിരുന്ന എൽ കെ അദ്വാനിയെ രണ്ടാം തവണയും പുറത്തുനിർത്തുന്നത് ഒരുകാലത്ത് തന്റെ സ്വന്തക്കാരനായിരുന്ന നരേന്ദ്ര ദാമോദര്‍ ദാസ് മോദിക്ക് വേണ്ടിയാണ് എന്നതാണ് ഏറ്റവും കൗതുകകരം.

ബിജെപി അങ്ങനെയാണ്, ഓരോ കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അക്രമോല്‍സുക മുന്നേറ്റത്തിന് സഹായിക്കുന്നവരാണ് ആ രാഷ്ട്രീയത്തിന്റെ പ്രിയങ്കരർ. എങ്കിലും അദ്വാനിയില്ലെങ്കില്‍ ഇന്നത്തെ ബിജെപിയുണ്ടോ? ബിജെപിയ്ക്ക് വേണ്ടി, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുവേണ്ടി, അയാള്‍ എത്രമാത്രം ചോരപ്പുഴയാണ് ഒഴുക്കിയത് എത്രപേരാണ് അയാളുടെ തീവ്ര വര്‍ഗിയതയുടെ ഇരയായത്. അങ്ങനെയുള്ള അദ്വാനിയോടാണ് ഇനി അയോധ്യയിലേക്ക് വരേണ്ട പ്രായമായില്ലേ എന്നൊക്കെ ഹിന്ദുത്വ രാഷ്ട്രീയം പറയുന്നത്.

അദ്വാനിയും ജോഷിയും അയോധ്യയിലെത്തിയാല്‍, ശ്രദ്ധ അവരിലേക്ക് മാത്രം ഒതുങ്ങുമോ എന്ന ആശങ്കയായിരിക്കാം മോദിയുടെ പി ആർ ടീമിനെ പിടികൂടിയിട്ടുണ്ടാവുക

അയോധ്യ ഫ്രെയിമിൽനിന്ന് ഒഴിവാക്കപ്പെടുന്ന അദ്വാനി

1980 ന്റെ തുടക്കത്തോടെയാണ് ജനതാപാര്‍ട്ടി പരീക്ഷണം അവസാനിപ്പിച്ച് പുതിയ രൂപത്തില്‍ ജനസംഘത്തെ അവതരിപ്പിക്കാന്‍ ആര്‍എസ്എസ് തിരുമാനിക്കുന്നത്. അങ്ങനെ എ ബി വാജ്‌പേയ് പ്രസിഡന്റും അദ്വാനി രണ്ടാമനുമായി. 1984 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് വെറും രണ്ട് സീറ്റ്. ഇവിടെ നിന്നാണ് അദ്വാനി കളി തുടങ്ങുന്നത്. അതിന്റെ ഭാഗമായി അദ്വാനി അയോധ്യയിലെ പള്ളി പൊളിക്കല്‍ യജ്ഞം ഇന്ത്യൻ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖം മൂടി എന്ന് പലരും വിളിച്ചിട്ടുള്ള എ ബി വാജ്‌പേയിയെ മാറ്റി നിര്‍ത്തി പാര്‍ട്ടിയുടെ യഥാർത്ഥ നിയന്ത്രണം അദ്വാനി ഏറ്റെടുത്തതോടെയാണ് ബിജെപിയുടെ കുതിപ്പ് തുടങ്ങുന്നത്.

തുടർന്നാണ് 1990 സെപ്റ്റംബര്‍ 25ന് അയോധ്യയിലെ ബാബരി പള്ളി പൊളിച്ച് ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപത്തിന് കാരണമായ ആ രഥയാത്രയില്‍ കയറിയാണ് ബിജെപി നിലവിലെ അവസ്ഥയിലേക്ക് എത്തിയത്. അന്ന് അദ്വാനിക്ക് കൂട്ടായി മുരളി മനോഹര്‍ ജോഷിയുമുണ്ടായിരുന്നു.

1984-ല്‍ രണ്ട് പാര്‍ലമെന്റ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിയെ 15 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചത് ഇവരുടെ വര്‍ഗീയതയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായിരുന്നു.

വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ 2009ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയെങ്കിലും പരാജയപ്പെട്ടിരുന്നു

മോദിയുടെ വളർച്ച, അദ്വാനിയുടെ വീഴ്ച

അദ്വാനിയുടെ വിശ്വസ്തനായിരുന്നു മോദി . 2002 ല്‍ ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ കലാപം അഴിച്ചുവിട്ടപ്പോള്‍, മോദി രാജ ധര്‍മ്മം മറന്നുവെന്നായിരുന്നു വാജ്‌പേയിയുടെ പ്രതികരണം. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും ആലോചനയുണ്ടായി. എന്നാൽ അന്നത്തിന് തടയിട്ടവരുടെ കൂട്ടത്തിലെ പ്രമുഖം അദ്വാനിയായിരുന്നു. എന്നാല്‍ ഈ സ്നേഹമൊന്നും മോദി തിരിച്ചു കാണിച്ചില്ല.

അയോധ്യ ഫ്രെയിമിൽനിന്ന് ഒഴിവാക്കപ്പെടുന്ന എൽ കെ അദ്വാനി
'നിങ്ങൾക്ക് പ്രായമായി, രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് വരേണ്ട'; അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ 2009ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയെങ്കിലും പരാജയപ്പെട്ടിരുന്നു. 2014 ലെങ്കിലും പിടിച്ചുകയറാമെന്ന് കരുതിയപ്പോളാണ് അദ്വാനിയുടെ മോഹങ്ങളെ ചവിട്ടി കെടുത്തി മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായത്. വമ്പൻ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിലെത്തിയെങ്കിലും ക്യാബിനറ്റിൽ പോലും അദ്വാനിയെ ഉൾപ്പെടുത്തിയില്ല. പിന്നീട് അദ്വാനിയേയും ജോഷിയേയും പാര്‍ട്ടിയുടെ മാര്‍ഗ ദര്‍ശക് മണ്ഡലിലേക്ക് മാത്രമായി ഒതുക്കി നിര്‍ത്തി. അന്നുമുതൽ അദ്വാനിയും ജോഷിയും ചിത്രങ്ങളിൽ നിന്നെല്ലാം മറയപ്പെടുകയും ഹിന്ദുത്വ രാഷ്ട്രീയം ഒരാളിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുപോലും അദ്വാനിയെന്ന പേര് ഒടുവിൽ വെട്ടിമാറ്റപ്പെട്ടിരുന്നു.

അദ്വാനിയും ജോഷിയും അയോധ്യയിലെത്തിയാല്‍, ശ്രദ്ധ അവരിലേക്ക് മാത്രം ഒതുങ്ങുമോ എന്ന ആശങ്കയായിരിക്കാം മോദിയുടെ പി ആർ ടീമിനെ പിടികൂടിയിട്ടുണ്ടാവുക. അടുത്ത തിരിഞ്ഞെടുപ്പിലെ മുഖ്യ ഇനമാണ് ബാബരി പള്ളി പൊളിച്ച സ്ഥലത്തെ രാമക്ഷേത്രം. അവിടെ താൻ മാത്രം മതിയെന്ന ആഗ്രമായിരിക്കണം വിശ്വ ഗുരുവിനും. വര്‍ഗീയ കലാപം പടര്‍ത്തി, വിഭജനം സൃഷ്ടിച്ച്, മതേതര ഇന്ത്യയെ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ മാറ്റിയ അദ്വാനിയോട് പ്രായമായില്ലേ വീട്ടിലിരിക്കാൻ പറഞ്ഞത് ആ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയുള്ള അവസാനത്തെ പണിയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in