മോദി ഒരു നല്ല കാര്യം ചെയ്തു... അദാനിയെക്കുറിച്ച് പറഞ്ഞു!

ലോക്‌സഭ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം കഴിയുമ്പോൾ അദാനിയെക്കുറിച്ച് സംസാരിക്കുന്ന നരേന്ദ്ര മോദി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം അവസാനിക്കുമ്പോൾ മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽനിന്നും മറ്റു വിദ്വേഷ പ്രസംഗങ്ങളിൽനിന്നും തൽക്കാലം പിൻവാങ്ങി പ്രധാനമന്ത്രി രാജ്യത്തിനു ഗുണമുള്ള ചില കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അംബാനിയെപ്പറ്റിയും അദാനിയെപ്പറ്റിയുമാണ് മോദി ഇപ്പോൾ സംസാരിക്കുന്നത്. വെറുതെ സംസാരിക്കുന്നതൊന്നുമല്ല. അദാനിയെക്കുറിച്ചും അംബാനിയെക്കുറിച്ചും തിരഞ്ഞെടുപ്പ് തുടങ്ങിയശേഷം രാഹുൽ ഗാന്ധി എന്താണ് ഒന്നും പറയാത്തതെന്നാണ് നരേന്ദ്രമോദിയുടെ ചോദ്യം. അത്രയും പറഞ്ഞ് നിർത്തിയില്ല. മിണ്ടാതിരിക്കാൻ എത്ര കള്ളപ്പണം കിട്ടിയെന്നും ചോദിക്കുന്നുണ്ട് മോദി. കള്ളപ്പണക്കാരാണ് രാജ്യത്തെ ഈ രണ്ട് ശതകോടീശ്വരന്മാരുമെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തുകയാണ്.

കോൺഗ്രസും രാഹുൽ ഗാന്ധിയും അദാനിയെക്കുറിച്ചും അംബാനിയെക്കുറിച്ചും സംസാരിക്കുന്നത് നിർത്തിയെന്നത് ശരിയാണോയെന്നതാണ് ഈ സംഭവത്തിലെ ആദ്യത്തെ ചോദ്യം. ആ ആരോപണം തെറ്റാണെന്നാണ് മോദിയുടെ പ്രസംഗം രൂപകൽപ്പന ചെയ്ത പി ആർ സംഘത്തോട് ആദ്യം പറയാനുള്ളത്. സത്യാവസ്ഥ ഉൾക്കൊള്ളിക്കാനല്ല ഈ പ്രസംഗങ്ങൾ നടത്തുന്നതെന്നത് അറിയാഞ്ഞിട്ടല്ല ഇത് പറയുന്നത്. എങ്കിലും പറയാം.

ഏപ്രിൽ 24 ന്, കൃത്യമായി പറഞ്ഞാൽ 16 ദിവസം മുൻപാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംബാനിക്കും അദാനിക്കുമെതിരെ ഇങ്ങനെ പറഞ്ഞത്, " രാജ്യത്ത് ആകെ രണ്ട് വില്പനക്കാരും രണ്ട് ഉപഭോക്താക്കളുമാണുള്ളത്. മോദിയും അമിത് ഷായുമാണ് വില്പനക്കാരെങ്കിൽ അംബാനിയും അദാനിയുമാണ് ഉപഭോക്താക്കൾ." പൊതുമേഖലാ സ്ഥാപനങ്ങളും വൻകിട പദ്ധതികളുമുൾപ്പെടെ, സർക്കാരിൽ നിന്ന് ഏറ്റവുമധികം നേട്ടങ്ങൾ ഉണ്ടാക്കിയത് ഈ രണ്ട് ശതകോടീശ്വരന്മാരാണെന്നായിരുന്നു ഖാർഗെ ഉദ്ദേശിച്ചത്.

മോദി ഒരു നല്ല കാര്യം ചെയ്തു... അദാനിയെക്കുറിച്ച് പറഞ്ഞു!
മോദി ഭരണത്തില്‍ കെട്ടുതാലി പണയം വെപ്പിക്കുന്ന സാമ്പത്തിക സ്ഥിതി

തീർന്നില്ല, ഏപ്രിൽ 12ന് കോയമ്പത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് രാഹുൽ ഗാന്ധി മറ്റൊരു പരാമർശം കൂടി നടത്തി. "നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് രണ്ടു തരം ഇന്ത്യയെ രൂപീകരിച്ചിരിക്കുന്നു, ഒന്ന് ശതകോടീശ്വരന്മാരുടെ ഇന്ത്യയും മറ്റൊന്ന് ദരിദ്രരുടെ ഇന്ത്യയും."

ഇത് അവരുടെ സമ്പത്ത് പലമടങ്ങ് വർധിപ്പിക്കാൻ സഹായകമായി എന്ന് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയിലുൾപ്പെടെ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. മാത്രവുമല്ല ഇന്ത്യ ടുഡേ നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ പോൾ' അനുസരിച്ച് ഇന്ത്യയിലെ 52% ജനങ്ങളും രാജ്യത്തെ സാമ്പത്തിക നയങ്ങൾ വലിയ സാമ്പത്തിക ശക്തികളെ മാത്രമേ സഹായിച്ചുട്ടുള്ളൂവെന്നാണ് വിശ്വസിക്കുന്നത്.

അദാനിയെയും അംബാനിയെയും പോലുള്ള കള്ളപ്പണക്കാരെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന നരേന്ദ്ര മോദിയുടെ പരാതി അപ്പോഴും മുഖവിലയ്‌ക്കെടുക്കേണ്ടത് തന്നെയാണ്. അതിനു കുറച്ച് ചരിത്രം പറയാം.

ആരായിരുന്നു അദാനി?

2002ൽ ഗുജറാത്തിൽ വംശഹത്യ നടന്നശേഷം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ ഒരു യോഗം നടന്നിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ആ യോഗത്തിൽ പങ്കെടുത്തു. അവിടെ വച്ച് രാഹുൽ ബജാജിനെയും ഗോദ്റെജിനെയും പോലുള്ള വ്യവസായികൾ അതിശക്തമായി ഗുജറാത്തിലെ വംശഹത്യയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. അത് മോദിക്ക് വലിയ തിരിച്ചടിയായിരുന്നു.

അതിനുശേഷം അദ്ദേഹം എന്താണ് ചെയ്തത്? അദ്ദേഹം ഇന്ത്യയിൽ ഏറ്റവുമധികം വ്യവസായികളുള്ള തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ പോയി അവിടെയുള്ള വ്യവസായികളെ സംഘടിപ്പിച്ചു. അന്ന് അതിനു മുൻകൈയെടുത്ത വ്യക്തിയായിരുന്നു ഗൗതം അദാനി. ശേഷം ഗുജറാത്തിനെക്കുറിച്ച് ഈ വ്യവസായികൾ പറഞ്ഞ പ്രസ്താവനകൾ തിരുത്തിയിട്ടില്ലെങ്കിൽ വ്യവസായികളുടെ സംഘടനയായ സിഐഐ പിളർത്തി മറ്റൊരു സംഘടന രൂപീകരിക്കുമെന്ന ഭീഷണിയും ഇവർ ഉയർത്തി. നിർണായക സമയത്ത് അദാനിയുടെ നേതൃത്വത്തിൽ നടത്തിയ ആ നീക്കത്തെത്തുടർന്ന് മറ്റു വ്യവസായികൾ തങ്ങളുടെ നിലപാടിൽനിന്ന് പിന്നാക്കം പോയി.

എന്ന് പറഞ്ഞാൽ മോദിക്ക് വേണ്ടി നിർണായകഘട്ടത്തിൽ യുദ്ധം നയിച്ച ആളാണ് ഗൗതം അദാനി. അതിനുശേഷം അദാനിയെ മോദി ഒരിക്കലും കൈവിട്ടില്ല. 2014ൽ മോദി അധികാരത്തിൽ വന്നശേഷം അദാനിക്ക് വലിയ വളർച്ചയായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് കോവിഡ് മഹാമാരി വന്നപ്പോഴും അദാനിയുടെയോ അംബാനിയുടെയോ സാമ്പത്തികാവസ്ഥ മോശമായിട്ടില്ല. അംബാനി നിലവിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. അദാനിയും അതിനോടടുത്ത് തന്നെയുണ്ട്. ലോകത്തെ ഏറ്റവും ധനികരായ 15 പേരുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ഈ രണ്ടു ശതകോടീശ്വരന്മാരുടെയും പേരുണ്ട്.

ചരിത്രം അവിടെ ഇരിക്കട്ടെ. ഇതെല്ലാം നിലനിൽക്കുമ്പോഴും പ്രധാനമന്ത്രിയുടെ സങ്കടം നമ്മൾ തിരിച്ചറിയണം. രാഹുൽ ഗാന്ധി അദാനിയെക്കുറിച്ച് സംസാരിക്കുന്നില്ലെന്നതാണ് സങ്കടം. എത്രയൊക്കെ പറയേണ്ട എന്ന് കരുതിയാലും പറയാതെ പോകാൻ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. അതിൽ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതും അദാനിക്കെതിരെ വന്ന ഹിൻഡൻബെർഗ് റിപ്പോർട്ടാണ്.

ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി വിപണിയിൽ തിരിമറി നടത്തിയെന്ന് സമർഥിച്ചുകൊണ്ടുള്ള ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്ന് 15 മാസം കഴിഞ്ഞിട്ടും അദാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. സംയുക്ത പാർലമെന്റ് സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. ഹിൻഡൻബെർഗ് മാത്രമല്ല, ഒസിസിആർപി, ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള ഏജൻസികളിൽനിന്നുള്ള അന്വേഷണാത്മക റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അദാനിയെക്കുറിച്ചുള്ള ചോദ്യം അവസാനിക്കുന്നില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് അയോഗ്യയാക്കിയത് എന്തിനായിരുന്നു? അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങി എന്നതായിരുന്നല്ലോ ആരോപണം. അതുന്നയിച്ചതാരാണ്? ബിജെപി എംപി നിഷികാന്ത് ദുബെ.

ഇനി മറ്റൊരു അയോഗ്യതയെക്കുറിച്ചുകൂടി പറയാം. അത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയാണ്. അദാനിയും നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദം എത്ര ഗാഢമാണെന്നു ചിത്രങ്ങൾ സഹിതം ലോക്‌സഭയിൽ അവതരിപ്പിച്ചശേഷമാണ് രാഹുൽ ഗാന്ധിയുടെ മോദി പരാമർശം വിവാദമാകുന്നതും നടപടിയെടുക്കുന്നതും.

അദാനിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനു മുമ്പ് നരേന്ദ്രമോദി ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം. കഴിഞ്ഞ പത്തുവർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോകുന്ന കാലത്ത്, ഇന്ത്യയിൽ മുമ്പെങ്ങുമില്ലാത്ത വിധം തൊഴിലില്ലായ്മ നിലനിൽക്കുന്ന കാലത്ത്, ഈ രണ്ടു ശതകോടീശ്വരന്മാർ മാത്രം എങ്ങനെ ഈ വളർച്ച കൈവരിച്ചുവെന്ന ചോദ്യത്തിൽനിന്ന് ഒരിക്കലും ഒളിച്ചോടാനാകില്ല.

മോദി ഒരു നല്ല കാര്യം ചെയ്തു... അദാനിയെക്കുറിച്ച് പറഞ്ഞു!
മോദി പറഞ്ഞത് വിദ്വേഷത്തിന്, പക്ഷെ മുസ്ലിം പിന്നാക്കാവസ്ഥ പറയാൻ മതേതര പാർട്ടികൾ മടിക്കുന്നതെന്തിന്?

ഇതാ അവസാനം രാഹുൽ ഗാന്ധിയുടെ തന്നെ പ്രതികരണം പുറത്തുവന്നിരിക്കുന്നു. താൻ അദാനിയിൽനിന്നും അംബാനിയിൽനിന്നും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ ഇ ഡി അന്വേഷണം പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടോ നരേന്ദ്രമോദിക്ക് എന്നാണ് രാഹുൽ ചോദിക്കുന്നത്. അദാനി അംബാനി, അദാനി അംബാനി, എന്ന് പറയുക മാത്രമല്ല അദാനിക്കും അംബാനിക്കും നരേന്ദ്രമോദി നൽകിയ പണം മുഴുവൻ തിരിച്ചുപിടിച്ച് ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്ക് നൽകുമെന്നും രാഹുൽ പ്രഖ്യാപിക്കുന്നു.

ഒരിക്കൽക്കൂടി പറയാം ഇതെല്ലാം നിലനിൽക്കുമ്പോഴും നരേന്ദ്രമോദി പറഞ്ഞതിൽ കാര്യമുണ്ട്, അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. അത് രാഹുൽ ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കാൻ മോദി എത്രശ്രമിച്ചാലും സാധിക്കില്ല. അവർക്കെതിരെ മോഡി ഇനി പ്രത്യേകിച്ചൊന്നും ചോദിക്കാനോ പറയാനോ പോകുന്നില്ലെന്ന് ഇന്ത്യൻ രാഷ്ട്രീയം വീക്ഷിക്കുന്നവർക്കു മനസിലാകും. എങ്കിലും അദാനിയെ വീണ്ടും ചർച്ചയിലേക്കെത്തിച്ചതിന് പ്രതിപക്ഷം യഥാർത്ഥത്തിൽ മോദിയോട് നന്ദിപറയണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in